പ്രതിപക്ഷ പാർട്ടികള്‍ ഐക്യത്തിലെത്തുമോ? കൂടിയാലോചനകള്‍ക്കായി ഉടന്‍ യോഗം, കോണ്‍ഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി നിതീഷ്

പ്രതിപക്ഷ പാർട്ടികള്‍ ഐക്യത്തിലെത്തുമോ? കൂടിയാലോചനകള്‍ക്കായി ഉടന്‍ യോഗം, കോണ്‍ഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി നിതീഷ്

രാജ്യത്തിന് പുതിയൊരു ദിശാബോധം നല്‍കാനുള്ള പ്രക്രിയ മുന്നോട്ടുപോകുമെന്ന് ഖാര്‍ഗെ

പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ ഊര്‍ജിതമാക്കി ഒന്നരമാസത്തിനിടെ രണ്ടാംതവണയും കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ബിജെപിക്കെതിരെ പ്രതിപക്ഷനിരയെ ഒന്നിച്ച് നിര്‍ത്താനുള്ള നീക്കങ്ങളാണ് നിതീഷിന്റെ നേതൃത്വത്തില്‍ ശക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരെയാണ് തിങ്കളാഴ്ച നിതീഷ് കണ്ടത്.

ഡല്‍ഹി രാജാജി മാര്‍ഗിലെ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ജെഡിയു നേതാവ് ലാലന്‍ സിങ്ങും പങ്കെടുത്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വൈകാതെ ചേരുമെന്ന് യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. യോഗം എന്നാകുമെന്നതിന്റെ വിശദാംശങ്ങള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. പരമാവധി പ്രതിപക്ഷ പാര്‍ട്ടികളെ യോഗത്തില്‍ പങ്കെടുപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

''രാജ്യം ഇനി ഒന്നാകും. ജനാധിപത്യമാണ് ഞങ്ങളുടെ സന്ദേശം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചെല്ലാം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. രാജ്യത്തിന് പുതിയൊരു ദിശാബോധം നല്‍കാനുള്ള പ്രക്രിയ മുന്നോട്ടുപോകും'' - കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.

പ്രതിപക്ഷ നേതാക്കളുടെ യോഗം പട്നയില്‍ ചേരാനാണ് നീക്കം. ഇതിന് മുന്നോടിയായാണ് നിതീഷ് - കോണ്‍ഗ്രസ് രണ്ടാംഘട്ട കൂടിക്കാഴ്ചകള്‍ നടന്നത്. കഴിഞ്ഞദിവസം ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഐക്യപ്രതിപക്ഷത്തിന് ഇരുനേതാക്കളും ആഹ്വാനം ചെയ്തിരുന്നു. ഡല്‍ഹിയിലെ ഭരണപ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് നീക്കങ്ങളെ തള്ളി ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് തീരുമാനവും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്.

പ്രതിപക്ഷ പാർട്ടികള്‍ ഐക്യത്തിലെത്തുമോ? കൂടിയാലോചനകള്‍ക്കായി ഉടന്‍ യോഗം, കോണ്‍ഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി നിതീഷ്
പ്രതിപക്ഷ ഐക്യം പാർലമെന്റിന് പുറത്തേക്കും; അയോഗ്യതാ വിഷയം രാഷ്ട്രീയ നേട്ടമാക്കാൻ കോൺഗ്രസ്

കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞയില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു.

പ്രതിപക്ഷ പാർട്ടികള്‍ ഐക്യത്തിലെത്തുമോ? കൂടിയാലോചനകള്‍ക്കായി ഉടന്‍ യോഗം, കോണ്‍ഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി നിതീഷ്
മമത അയയുന്നു; കോൺഗ്രസിന് ശക്തിയുള്ളിടത്ത് പാർട്ടിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം

രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ വിഷയം പ്രതിപക്ഷ ഐക്യത്തിന്‌റെ കടിഞ്ഞാണാക്കാന്‍ നേരത്തെ കോണ്‍ഗ്രസ് നീക്കം നടത്തിയിരുന്നു. ബിജെപി വിരുദ്ധ ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിക്കാന്‍ പല ഘട്ടങ്ങളിലും മടികാണിച്ചിരുന്ന ആംആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധി വിഷയത്തില്‍ കോണ്‍ഗ്രസിന് പിന്തുണയറിച്ചു. ഇതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി കോൺഗ്രസിനോടുള്ള നിലപാട് മയപ്പെടുത്തുന്നതും കണ്ടു. കോൺഗ്രസിന് ശക്തിയുള്ളിടത്ത് പാർട്ടിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് മമത വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in