കേന്ദ്ര സേനയെ വിന്യസിച്ചത് എവിടെ? ബംഗാളിലെ അക്രമങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരിനുമെതിരെ ബിജെപി

കേന്ദ്ര സേനയെ വിന്യസിച്ചത് എവിടെ? ബംഗാളിലെ അക്രമങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരിനുമെതിരെ ബിജെപി

കേന്ദ്ര സേനയെ വിന്യസിച്ചതിന്റെ വിവരങ്ങള്‍ സംസ്ഥാനം പുറത്തുവിടണമെന്ന് ബിജെപി

പശ്ചിമ ബംഗാളില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക അക്രമങ്ങൾ അരങ്ങേറിയപ്പോൾ കേന്ദ്ര സേന എവിടെയായിരുന്നു എന്ന ചോദ്യം ശക്തമാകുന്നു. സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, സേനയെ വിന്യസിച്ചിരുന്നോ, അക്രമങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നുമാണ് ഉയരുന്ന ചോദ്യങ്ങൾ. തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ മരണം 18 ആയി. ഇതിൽ 17 പേരും തൃണമൂൽ കോൺഗ്രസ് അംഗങ്ങളാണ്.

തിരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാൽ, സേനയെ വിന്യസിച്ചിരുന്നോ എന്നും ഉണ്ടെങ്കിൽ, അക്രമങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നുമാണ് ഉയരുന്ന ചോദ്യങ്ങൾ

കേന്ദ്രസേനയെ വിന്യസിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും തിരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പാക്കാൻ കഴിയുമെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി ചർച്ച ഉയർന്നിരുന്നു. സേനയുടെ വിനിയോഗം പൂർണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജീവ് സിന്‍ഹയുടെയും തൃണമൂൽ സർക്കാരിന്റെയും കൈയിലായിരുന്നുവെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. ഇത്രയേറെ അക്രമങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് സംസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കാനാകാതെ പോയെന്നാണ് ബിജെപി ഉന്നയിക്കുന്ന ചോദ്യം. അക്രമം തടയാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒന്നും ചെയ്തില്ലെന്നും എല്ലാ മരണങ്ങള്‍ക്കും ഉത്തരവാദി രാജീവ് സിന്‍ഹയാണെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി.

സംസ്ഥാനത്തുണ്ടായ അക്രമങ്ങൾ തൃണമൂൽ കോൺഗ്രസ്സിന്റെ തന്ത്രമാണെന്ന ആക്ഷേപവും പരക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ വീടുകളിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി പലരും ആരോപിക്കുന്നുണ്ട്. വോട്ടു ചെയ്യാനെത്തിയാൽ കടകൾക്കും വീടിനും തീയിടുമെന്ന പറഞ്ഞിരുന്നതായും ആരോപിക്കുന്നു. എതിർ പാർട്ടികളിലെ സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുയരുന്നുണ്ട്.

കേന്ദ്ര സേനയെ വിന്യസിച്ചത് എവിടെ? ബംഗാളിലെ അക്രമങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരിനുമെതിരെ ബിജെപി
വ്യാപക അക്രമവും അട്ടിമറി നീക്കവും; തദ്ദേശ തിരഞ്ഞെടുപ്പിനിടെ കലാപ ഭൂമിയായി ബംഗാൾ, 15 മരണം

സുരക്ഷയ്ക്കായി ഒരുക്കിയിരുന്ന 822 കമ്പനികളിൽ 660 കമ്പനികളെ മാത്രമാണ് നിയോഗിച്ചത്. എവിടെയും മതിയായ സുരക്ഷ ഉണ്ടായിരുന്നില്ല. ബൂത്ത് പിടിത്തവും തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങളും പലയിടത്തും വോട്ടെടുപ്പ് സംഘര്‍ഷ ഭരിതമാക്കി. 24 പേര്‍ക്ക് സംഘര്‍ഷങ്ങള്‍ക്കിടെ വെടിയേറ്റു. മുര്‍ഷിദാബാദ് ജില്ലയിലാണ് ഏറ്റവുമധികം അക്രമസംഭവങ്ങള്‍ ഉണ്ടായത്. അഞ്ച് പേരാണ് ജില്ലയില്‍ കൊല്ലപ്പെട്ടത്. കൂച്ച് ബെഹാര്‍, കിഴക്കന്‍ ബര്‍ദ്വാന്‍, നോര്‍ത്ത് ദിനാജ്പൂർ, മാള്‍ഡ, നാദിയ, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലും വ്യാപക അക്രമങ്ങള്‍ ഉണ്ടായതായും റിപ്പോർട്ടുണ്ട്. ബംഗാളില്‍ 2018ൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 14 പേരും വോട്ടെടുപ്പ് ദിവസം 19 പേരും കൊല്ലപ്പെട്ടിരുന്നു. 2013ൽ 39 പേരും 2008ൽ 36 പേരും 2003ൽ 70 പേരും തിരഞ്ഞെടുപ്പിനിടെ കൊല്ലപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in