ബിജെപിയില്‍ കൂട്ടയടി; ഗുജറാത്തില്‍ ഉള്‍പ്പടെ സീറ്റിനെ ചൊല്ലിത്തര്‍ക്കം, നൂറോളം മണ്ഡലങ്ങളില്‍ തലപുകഞ്ഞ് നേതൃത്വം
ബിജെപിക്കുള്ളിൽ നൂറോളം സീറ്റുകളെ ചൊല്ലി തർക്കം. ഇതുവരെ ബിജെപി 407 സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. അതിൽ 100 സീറ്റുകളിലും നേതാക്കളും പ്രവർത്തകരും അതൃപ്തരാണ്. ബിജെപിയുടെ ശക്തികേന്ദ്രമായ ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഇപ്പോൾ എതിർശബ്ദങ്ങൾ ഉയരുന്നത്. ഗുജറാത്തിനെ കൂടാതെ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിച്ച രാജസ്ഥാൻ, നിതീഷ് കുമാറിലൂടെ ഏറ്റവുമൊടുവിൽ ഭരണം പിടിച്ച ബിഹാർ, നിലവിൽ ബിജെപി ഭരിക്കുന്ന ഹരിയാന ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും, ഇത്തവണ ഭരണം നഷ്ടപ്പെട്ട കർണാടകയും, ലോക്സഭാ തിരഞ്ഞെടുപ്പിൽ തെക്കേഇന്ത്യയിൽ ബിജെപിക്ക് നിർണായകമാകുമെന്നും കരുതപ്പെടുന്ന ആന്ധ്രാപ്രദേശും അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളാണ്.
ഗുജറാത്ത്
വഡോദരയിലും സബർകാന്തയിലും പാർട്ടി സ്ഥാനാർഥികളെ മാറ്റാൻ തീരുമാനിച്ചതിൽ നിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. 2014-ല്‍ വാരണസിക്ക് പുറത്ത് മോദി മത്സരിച്ച മണ്ഡലമാണ് വഡോദര. വഡോദരയിൽ നിന്നു കഴിഞ്ഞ രണ്ടു തവണ വിജയിച്ച രഞ്ജൻ ഭട്ട് മത്സരരംഗത്തുണ്ടാകില്ല. സബർകാന്തയിലെ സ്ഥാനാർഥി ഭിക്കാജി താക്കൂറും മത്സരിക്കില്ല എന്നറിഞ്ഞതോടെയാണ് അസ്വാരസ്യങ്ങൾ കൊടുത്തത്.
ഭിക്കാജി താക്കൂറിനു പകരം സബർകാന്തയിൽ മത്സരിക്കാൻ ഒരുങ്ങുന്നത് കോൺഗ്രസിന്റെ മുൻ എംഎൽഎയും ഇപ്പോൾ ബിജെപി അംഗവുമായ മഹേന്ദ്ര സിംഗ് ഭാരയ്യയുടെ ഭാര്യ ശോഭാബെൻ ആണ്. 2000 ബിജെപി പ്രവർത്തകർ പ്രത്യക്ഷമായി തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. പോസ്റ്ററുകളും ലഖുലേഖകളും വിതരണം ചെയ്യുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി.
ഭിക്കാജി താക്കൂർ ആരവല്ലി ജില്ലാ ജനറൽ സെക്രട്ടറിയും ജില്ലാ സെൻട്രൽ സഹകരണ ബാങ്ക് വൈസ് ചെയർമാനാണ്. താക്കൂർ നേരിടാൻ പോകുന്ന ആദ്യത്തെ പ്രധാന ദേശീയ തിരഞ്ഞടുപ്പാണ് വരാൻ പോകുന്നത്. ഇതിനിടയിൽ താക്കൂർ ബിജെപിയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേരാൻ സാധ്യതയുണ്ടെന്ന് സംസാരമുണ്ട്. വിവാദങ്ങളിൽ തനിക്ക് വിഷമമുണ്ടെങ്കിലും ബിജെപിയിൽ നിന്ന് രാജി വയ്ക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും, തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുകയാണെന്നും ഭിക്കാജി താക്കൂർ പറയുന്നു.
വഡോദരയിൽ നിന്നും സിറ്റിങ് എംപിയായ രഞ്ജൻ ഭട്ട് പിന്മാറുന്നതും സമാനമായ വിമർശനങ്ങളും എതിർപ്പുകളുമുണ്ടായതിനെ തുടർന്നാണ്. മഹിളാ മോർച്ചയുടെ മുൻ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ ജ്യോതി പാണ്ട്യ ഉൾപ്പെടെയുള്ളവർ രഞ്ജൻ ഭട്ടിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഭട്ട് കഴിവില്ലാത്ത നേതാവാണെന്നായിരുന്നു ജ്യോതി പാണ്ട്യയുടെ വിമർശനം. ഗുജറാത്ത് ബിജെപിയുടെ രാജ്യത്തെ ഏറ്റവും ശക്തമായ കേന്ദ്രമായതിനാൽതന്നെ കാര്യമായ എതിർശബ്ദങ്ങളൊന്നും അവിടെനിന്നുണ്ടാകാറില്ല. എന്നാൽ ഇത്തവണ വളരെയധികം വിമർശനങ്ങളും എതിരഭിപ്രായങ്ങളും ഉയർന്നിരിക്കുന്നു. ഗുജറാത്തിൽ 26 സിറ്റിങ് എംപിമാരില്‍ 14 പേരും ഇത്തവണ പുറത്താണ്.
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 407 സീറ്റുകളിൽ 100 സീറ്റുകളിലും സിറ്റിങ് എംപിമാരെ ബിജെപി മത്സരിപ്പിക്കുന്നില്ല. 2019ൽ 99 സിറ്റിങ് എംപിമാരെ ഇതുപോലെ മാറ്റിനിർത്തിയിരുന്നു. ഗുജറാത്ത് പോലെ ഒരു ശക്തി കേന്ദ്രത്തിൽ ബിജെപിക്ക് വേണമെങ്കിൽ ആളുകൾക്ക് സീറ്റ് നൽകാതിരിക്കാൻ സാധിക്കും എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ എന്ത് സംഭവിക്കും എന്നതാണ് ബിജെപിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്ന സംശയം. ഡൽഹി ഛത്തിസ്ഗഡ് ഉൾപ്പെടെയുള്ളയുള്ള സംസ്ഥാനങ്ങൾ ഇതിലുണ്ട്.
ഉത്തർപ്രദേശിൽ ബിജെപി ഒമ്പത് സിറ്റിങ് എംപിമാരെ ഒഴിവാക്കി. മധ്യപ്രദേശിൽ എട്ട് സിറ്റിങ് എംപിമാരെയും ഒഴിവാക്കി. ഡൽഹിയിൽ ആറ് സിറ്റിങ് എംപിമാരെയും ബിജെപി മാറ്റി, മനോജ് തിവാരിയെ മാത്രമാണ് നിലനിർത്തിയത്. ഒഡിഷയിലെ 21 സീറ്റുകളിൽ നാലും ബിഹാറിലെ 40 സീറ്റുകളിൽ മൂന്നും സിറ്റിങ് എംപിമാരെ ബിജെപി മാറ്റിനിർത്തി പ്രതിഷേധം നേരിടുന്ന മറ്റു സംസ്ഥാനങ്ങൾ രാജസ്ഥാൻ, ബിഹാർ, ഹരിയാന, കർണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ്.
രാജസ്ഥാൻ
രാജസ്ഥാനിൽ ആകെ 25 സീറ്റുകളാണുള്ളത്. 10 സിറ്റിങ് എംപിമാരെ ബിജെപി മാറ്റി. 24 സീറ്റുകളിലേക്കാണ് ഇപ്പോൾ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യത്തെ പട്ടികയിൽ അഞ്ച് സിറ്റിങ് എംപിമാരെ പുറത്താക്കിയ ബിജെപി, രണ്ടാമത്തെ പട്ടികയിൽ മൂന്നും, മൂന്നാമത്തെ പട്ടികയിൽ രണ്ടുപേരെയും പുറത്താക്കി. നേരത്തെ അട്ടിമറി വിജയങ്ങൾ നേടിയിട്ടുള്ള രാമചന്ദ്രൻ ബോഹ്റയെയും ബിജെപി മാറ്റി നിർത്തി. പാർട്ടിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഭൻവാർ ലാൽ ശർമയുടെ മകൾ മഞ്ജു ശർമയ്ക്ക് വേണ്ടിയാണ് ബോഹ്റയെ മാറ്റിയത്.
ഗംഗാനഗറിൽ നിന്നും അഞ്ച് തവണ എംപിയായിരുന്ന നിഹാൽ ചന്ദ്ര ജെയ്‌നിനെ മാറ്റി നഗരസഭാ ചെയർപേഴ്സൺ ആയിരുന്ന പ്രിയങ്ക ബാലനെ പകരം അവതരിപ്പിച്ചു. അതുപോലെ ശുഭകാരൻ ചൗധരിയ്ക്കു വേണ്ടി എംപി നരേന്ദ്രകുമാറിനെ ഒഴിവാക്കി. ബിജെപി നേതാക്കളായ കസ്വാനും പ്രഹ്ലാദ് ഗുഞ്ചലും അവർക്ക് ചുരുവിലും കോട്ടയിലും അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. കോൺഗ്രസ്സ് കസ്വാന് ചുരുവിൽ നിന്നും ഗുഞ്ചാലിന് കോട്ടയിൽനിന്നും മത്സരിക്കും. ലോക്സഭാ സ്‌പീക്കറായിരുന്ന ഓം ബിർളയെയാണ് ഗുഞ്ചൽ നേരിടുക. ജോധ്പുർ സ്ഥാനാർഥിയും മുൻമന്ത്രിയുമായ ഗജേന്ദ്രസിംഗ് ഷിഖാവത്തിനെതിരെ രംഗത്തെത്തിയ ബിജെപി എംഎൽഎ ആയിരുന്ന ബാബു സിങ് റാത്തോഡിനെയും ബിജെപി സംസ്ഥാന പ്രസിഡണ്ട് സിപി ജോഷിക്കെതിരെ മത്സരിക്കുമെന്ന് പറഞ്ഞിരുന്ന രാജസ്ഥാൻ നിയമസഭയിലെ സ്വതന്ത്ര അംഗമായ ചന്ദ്രഭാൻ അക്യയുടെയും പിന്തുണ ഉറപ്പാക്കാൻ ഈ സാഹചര്യത്തിൽ ബിജെപിക്കു സാധിക്കുന്നുണ്ട്. ഇതുകൂടാതെ മറ്റ് അഞ്ചു സീറ്റുകളിൽ കൂടി ബിജെപി സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്.
ബിഹാർ
ബിഹാറിൽ ബിജെപി പ്രഖ്യാപിച്ച 17 സ്ഥാനാർഥികളിൽ മൂന്നു സിറ്റിങ് എംപിമാരുടെ പേരുകളില്ല. അതിൽ ബുക്‌സാറിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രി കൂടിയായ അശ്വനി ചൗബേയും ഉൾപ്പെടും. മുസഫർപൂരിൽ അജയ് നിഷാദും സസ്രത്തിൽ ഛേദി പാസ്വാനും മത്സരരംഗത്തുണ്ടാകില്ല. ജെഡിയുവുമായുള്ള സഖ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഷിയോഹർ എംപി രമ ദേവിയെ ഒഴിവാക്കിയത്. എന്നാൽ മറ്റുള്ളവർ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പുറത്തായതാണ്.
രാജസ്ഥാനിലെയോ ഗുജറാത്തിലെയോ പോലെ ബിഹാറിൽ അശ്വനി ചൗബേയുടെ അണികൾ പ്രതികരിച്ചില്ല. പക്ഷെ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ അസ്വാരസ്യം പ്രകടമായിരുന്നു. "സത്യവും പോരാട്ടവും എന്റെ ജീവിതത്തിൽ എല്ലായിപ്പോഴും ഉണ്ടായിരുന്നു. സത്യത്തെ പരീക്ഷിക്കാം, പക്ഷെ തോൽപ്പിക്കാനാകില്ല. എല്ലാ പ്രവർത്തകരും ക്ഷമയോടെ കാത്തിരിക്കണം." അദ്ദേഹം ഹിന്ദിയിൽ എഴുതി.
ഹരിയാന
ഹരിയാനയിലെ 10 സീറ്റിൽ പത്തും കഴിഞ്ഞതവണ ബിജെപിക്ക് കിട്ടിയതാണ്. 4 സിറ്റിങ് എംപി മാരെ ബിജെപി പട്ടികയിൽ നിന്ന് പുറത്താക്കി. കുരുക്ഷേത്ര മണ്ഡലത്തിലെ ഇപ്പോഴത്തെ എംപിയും മനോഹർലാൽ ഖട്ടാർ രാജിവച്ചതിനെ തുടർന്ന് മാർച്ച് 12ന് ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്ത നയാബ് സിങ് സായിനിക്കും ഇത്തവണ സീറ്റില്ല.
കർണാൽ മണ്ഡലത്തിൽ നിന്നും ഇത്തവണ സഞ്ജയ് ഭാട്ടിയ അല്ല പകരം മുൻമുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ മത്സരിക്കുമെന്നാണ് കരുതുന്നത്. സിർസയിൽ സുന്റാ ഡഗ്ഗലിനെ ഒഴിവാക്കി പകരം അശോക് തൻവാർ മത്സരിക്കും. അംബാലയിൽ മരിച്ചുപോയ മുൻ കേന്ദ്രമന്ത്രി രത്തൻ ലാൽ കട്ടാരിയയുടെ ഭാര്യ ബാന്തോ മത്സരിക്കും. ഹിസാറിൽ പാർട്ടി ബ്രിജേന്ദ്ര സിങിന് പകരം രഞ്ജിത്ത് ചൗതലയെ മത്സരിപ്പിക്കും. ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നിരുന്നു.
കർണാടക, ആന്ധ്രാപ്രദേശ്
ബിജെപിയെ സംബന്ധിച്ച് ഏറ്റവും വലിയ അസ്വാരസ്യം നിലനിൽക്കുന്നത് കർണാടകത്തിലാണ്. അവിടെ 10 സിറ്റിങ് എംപിമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്. മുൻ ഉപമുഖ്യമന്ത്രിയായിരുന്ന കെഎസ് ഈശ്വരപ്പയും ജെസി മധുസ്വാമിയും സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ചു. പല ജില്ലകളിലും മുൻമുഖ്യമന്ത്രി യെദ്യൂരപ്പ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്.
മുൻമുഖ്യമന്ത്രി സ്വന്തം കുടുംബത്തിന് വേണ്ടി പ്രവർത്തിച്ചു എന്നതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് ഈശ്വരപ്പ മുന്നോട്ടു വച്ചത്. ശിവമോഗയിൽ യെദ്യുരപ്പയുടെ മകൻ രാഘവേന്ദ്രയ്‌ക്കെതിരെ തന്നെ താൻ മത്സരിക്കുമെന്നാണ് ഈശ്വരപ്പ പറയുന്നത്. അതുപോലെ കർണാടകയിലെ തൂംകുരുവില്‍ മത്സരിക്കുന്ന വി സോമണ്ണയുടെ എതിരാളി കൂടിയാണ് മധുസ്വാമി. സോമണ്ണയെ മധുസ്വാമി 'പുറത്തുള്ളയാൾ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
മുൻമന്ത്രികൂടിയായിരുന്ന കെ സുധാകറിനെതിരെ ചിക്കബല്ലാപ്പൂരിൽ മത്സരിക്കുന്നത് ബിജെപി എംഎൽഎ കൂടിയായ എസ് ആർ വിശ്വനാഥാണ്. അതേസമയം മുൻമന്ത്രി എംപി രേണുകാചാര്യ ബിജെപിയുടെ ദേവനാഗരിയിലെ മുൻ എംപിയായ ജിഎം സിദ്ദേശ്വരയുടെ ഭാര്യ ഗായത്രി സിദ്ദേശ്വരയെ നേരിടും
ആന്ധ്രയിൽ മത്സരിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് സോമു വീർരാജു ജിവിഎൽ നരസിംഹ റാവു, പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു വർധൻ റെഡ്ഢി എന്നിവർ ബിജെപി കോർ കമ്മറ്റിയിൽ പങ്കെടുക്കാറില്ല. നരസിംഹ വിശാഖപട്ടണത്തും റെഡ്‌ഡി ഹിന്ദുപൂരിലും മത്സരിക്കാനാണ് സാധ്യതയെന്നാണ് ഇപ്പോൾ മനസിലാക്കുന്നത്.