2016-22 കാലയളവിൽ  ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി സ്വീകരിച്ചത് മറ്റ് പാർട്ടികളെക്കാൾ മൂന്നിരട്ടി തുക

2016-22 കാലയളവിൽ ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി സ്വീകരിച്ചത് മറ്റ് പാർട്ടികളെക്കാൾ മൂന്നിരട്ടി തുക

ബിജെപിക്ക് ലഭിച്ച സംഭാവനകളുടെ 52 ശതമാനവും ഇലക്ട്റല്‍ ബോണ്ടുകൾ വഴിയാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്

ഇന്ത്യയിലെ അംഗീകരിക്കപ്പെട്ട 31 രാഷ്ട്രീയപാർട്ടികൾക്ക് 2016നും 2022നുമിടയിൽ ലഭിച്ച സംഭാവനകളിൽ 55 ശതമാനവും ഇലക്ട്റൽ ബോണ്ട് വഴിയാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസ് (എ ഡി ആർ) റിപ്പോർട്ട്. 31ൽ ഏഴ് ദേശീയപാർട്ടികളും 24 പ്രാദേശിക പാർട്ടികളുമുൾപ്പെടും. ഈ കാലയളവിൽ എല്ലാ പാർട്ടികൾക്കുമായി ലഭിച്ച തുക 16,437.63 കോടിയാണ്. ഇതിൽ ബിജെപി പുറത്തുവിട്ട കണക്കുകളനുസരിച്ച് മറ്റു പാർട്ടികൾ സ്വീകരിച്ച തുകയുടെ മൂന്നിരട്ടി ബിജെപിക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്.

20000 ൽ കൂടുതലുള്ള എല്ലാ സംഭാവനകളുടെയും വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണമെന്നാണ് നിയമം. എന്നാൽ ഇലക്ട്റൽ ബോണ്ട് വഴി നൽകുന്ന പണത്തിനു പാർട്ടികൾ കണക്കു നൽകേണ്ടതില്ല എന്നിടത്താണ് ഇലക്ട്റല്‍ ബോണ്ട് വഴി വലിയ തോതിൽ പണം സ്വരൂപിക്കാൻ പാർട്ടികൾക്ക് സാധിക്കുന്ന സാഹചര്യമുണ്ടാകുന്നത്. ഇലക്ട്റൽ ബോണ്ട് വഴി പണം സ്വീകരിച്ചതിൽ ഒന്നാം സ്ഥാനത്ത് ബിജെപിയാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ കോൺഗ്രസും തൃണമൂലുമുണ്ട്.

2016-22 കാലയളവിൽ  ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി സ്വീകരിച്ചത് മറ്റ് പാർട്ടികളെക്കാൾ മൂന്നിരട്ടി തുക
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്: ഇലക്ടറല്‍ ബോണ്ടുകളുടെ 29-ാം ഗഡു വിതരണത്തിന് തുടക്കം

കഴിഞ്ഞ ആറുവർഷക്കാലയളവിൽ ബിജെപിക്ക് ലഭിച്ച സംഭാവനകളുടെ 52 ശതമാനവും ഇലക്ട്റല്‍ ബോണ്ടുകൾ വഴിയാണെന്ന വിവരങ്ങളാണ് ഇപ്പോൾ എഡിആർ റിപ്പോർട്ടിലൂടെ പുറത്ത് വരുന്നത്. ഇത് 5271.9751 കോടി രൂപ വരും. അതേ സമയത്ത് മറ്റെല്ലാ രാഷ്ട്രീയപാർട്ടികൾക്കും ഈ കാലയളവിൽ ലഭിച്ച തുക ഒരുമിച്ച് കൂട്ടിയാൽ 1783.9331 കോടി രൂപയോളമാണ്. കോൺഗ്രസിന് 952.2955 കോടിയും തൃണമൂൽ കോൺഗ്രസിന് 767.8876 കോടി രൂപയും ലഭിച്ചിട്ടുണ്ട്. കോൺഗ്രസിന് ലഭിച്ച സംഭാവനകളുടെ 61.54 ശതമാനമാണ് ഇലക്ടറൽ ബോണ്ടുകൾ വഴി വന്നത്. അതേസമയം തൃണമൂൽ കോൺഗ്രസിന് ലഭിച്ചതിന്റെ 93.27 ശതമാനവും ഇലക്ട്റൽ ബോണ്ട് വഴി വന്നതാണെന്നും എഡിആർ റിപ്പോർട്ട് പറയുന്നു.

ഇലക്ട്റൽ ബോണ്ട് രാഷ്ട്രീയമായ സംഭാവനകൾക്ക് മേൽ ഒരു മറ സൃഷ്ടിച്ചതായും, വാർഷിക റിപ്പോർട്ടിൽ പാർട്ടികൾ ഈ തുക തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ കാണിക്കേണ്ടതില്ല എന്നതുകൊണ്ട് വലിയ തോതിൽ കള്ളപ്പണം ഒഴുകാനുള്ള സാധ്യതയുണ്ടെന്നുമുള്ള വിമർശനങ്ങൾ നേരത്തെ ഉണ്ടായിരുന്നു.

ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ സമ്പാദ്യം

ഏഴ് ദേശീയപാർട്ടികളും 24 പ്രാദേശിക കക്ഷികളും ചേർന്ന് 16437.63 കൂടി രൂപ ഈ കാലയളവിൽ സമ്പാദിച്ചതായാണ് എഡിആർ റിപ്പോർട്ട് പ്രകാരമുള്ള കണക്ക്. മൂന്നു തരത്തിലുള്ള സംഭാവനകളാണ് രാഷ്ട്രീയ പാർട്ടികൾക്ക് സ്വീകരിക്കാൻ സാധിക്കുക .

1. ഇലക്ട്റൽ ബോണ്ടുകൾ

2. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സംഭാവന

3. 20000 ൽ താഴെയുള്ള മറ്റു സംഭാവനകൾ

നിലവിലെ നിയമങ്ങൾ അനുസരിച്ച് 20000 ൽ താഴെയുള്ള സംഭാവനകളും ഇലക്ട്റൽ ബോണ്ടുകൾ വഴിയുള്ള സംഭാവനകളിലും പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് കണക്കു നൽകേണ്ടതില്ല.

രാഷ്ട്രീയപാർട്ടികൾക്ക് ആകെ ലഭിച്ച 16437.63 കോടിയുടെ സംഭാവനയിൽ 9188.35 കോടിരൂപ ഇലക്ട്റൽ ബോണ്ടുകൾ വഴിയും, 4614.53 കോടി രൂപ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും, 2634.74 കോടി രൂപ 20000ൽ താഴെയുള്ള സംഭവനകളിൽനിന്നുമാണ് ലഭിച്ചത്. കോർപ്പറേറ്റ് ഫണ്ടിന്റെ കാര്യത്തിലും ഇലക്ട്റൽ ബോണ്ടുകൾ വഴിയുള്ള സംഭാവനകളുടെ കാര്യത്തിലും ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയത് ബിജെപിയാണ്. ഏതുതരം സംഭാവനയെടുത്ത് പരിശോധിച്ചാലും ബിജെപിക്ക് മറ്റ് പാർട്ടികളെക്കാൾ മൂന്നിരട്ടിയോളം കൂടുതലാണ്. 2017-18 വർഷത്തെ കണക്കുകൾ നോക്കിയാൽ അത് ഏകദേശം 18 ഇരട്ടിയോളം വരുമെന്നും എഡിആർ റിപ്പോർട്ട് പറയുന്നു.

ഇലക്ട്‌റൽ ബോണ്ട് അവതരിപ്പിക്കുന്നതിലൂടെ ബിജെപി ക്രോണി കാപ്പിറ്റലിസത്തിലൂടെ നടത്തുന്ന കൊള്ളയെ നിയമപരമാക്കാൻ ശ്രമിക്കുകയാണെന്നാണ് കോൺഗ്രസ് നേതാവ് പവൻ ഘേര ജൂലൈയിൽ പറഞ്ഞത്. ജനാധിപത്യം ഇല്ലാതാക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കുകയും ചെയ്യുന്ന ബിജെപി ഒടുവിൽ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2016 - 22 വർഷങ്ങളിൽ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച സംഭാവന

1. ബിജെപി : 10,122 കോടി രൂപ

2. കോൺഗ്രസ് : 1,547 കോടി രൂപ

3. തൃണമൂൽ: 823 കോടി രൂപ

4. സി പി എം: 367 കോടി രൂപ

5. എൻ സി പി: 231 കോടി രൂപ

6. ബി എസ് പി: 85 കോടി രൂപ

7. സി പി ഐ: 13 കോടി രൂപ

തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ താക്കീത്

2017-ൽ നിയമം നടപ്പിലാക്കുന്ന സമയത്തുതന്നെ, ഈ സംവിധാനം വലിയതോതിൽ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നതായി 2019 ൽ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട സത്യവാങ്മൂലത്തിൽ പറയുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ നേരത്തെ സാധിക്കില്ലായിരുന്നു. എന്നാൽ അത് ഇപ്പോൾ സാധിക്കുമെന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. വിദേശ നിക്ഷേപ നിയന്ത്രണ നിയമത്തിന്റെ ഭാഗമായാണ് ഇപ്പോൾ വിദേശ ഫണ്ട് സ്വീകരിക്കാം എന്ന ഇളവ് കൊണ്ടുവന്നത്.

രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകൾ എവിടെനിന്നാണെന്ന് വെളിപ്പെടുത്തില്ല എന്ന് പറയുമ്പോൾ അത് സാധാരണക്കാർക്ക് മുന്നിൽ വെളിപ്പെടുത്തില്ല എന്നേ പറയാൻ കഴിയു. സർക്കാരിന് എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ലഭിക്കുന്ന തുകയുടെ വിവരങ്ങൾ ലഭിക്കുമെന്നും, അതിലൂടെ പ്രതിപക്ഷ പാർട്ടികൾക്ക് ഫണ്ട് നൽകുന്ന വ്യക്തികളെയോ സ്ഥാപനങ്ങളെയോ സർക്കാരിന് പിന്തിരിപ്പിക്കാനാകുമെന്നുമുള്ള വിമർശനം ഉയരുന്നുണ്ട്.

ഇലക്ടറൽ ബോണ്ടുകളിലുള്ള പ്രത്യേക കോഡുകൾ വഴി അത് നൽകിയത് ആരാണെന്ന് കണ്ടെത്തനാകുമെന്ന് ഹഫ്‌പോസ്റ്റ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. എസ്ബിഐ മാത്രമാണ് ബോണ്ടുകൾ നൽകുന്നത് എന്നതുകൊണ്ടുതന്നെ വളരെയെളുപ്പം ഈ കോഡുകൾ വച്ച് ആളുകളെ കണ്ടെത്തനാകുമെന്നാണ് ഹഫ്‌പോസ്റ്റ് ഇന്ത്യ പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നൽകുന്ന വ്യക്തി അല്ലെങ്കില്‍ കമ്പനി സർക്കാരിന് മുന്നിൽ അജ്ഞാതനായിരിക്കില്ല എന്നര്‍ഥം.

2016-22 കാലയളവിൽ  ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി സ്വീകരിച്ചത് മറ്റ് പാർട്ടികളെക്കാൾ മൂന്നിരട്ടി തുക
കള്ളപ്പണ നിരോധന നിയമം ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച് അട്ടിമറിക്കാം; ഗ്ലോബൽ എൻ പി ഒ റിപ്പോർട്ട്
logo
The Fourth
www.thefourthnews.in