ലോക്സഭാ തിരഞ്ഞെടുപ്പിനായി പടയൊരുക്കം നടത്തി ബിജെപി; ആർ എൽ ഡി, അകാലിദൾ എന്നിവരുമായി ചർച്ച സജീവം

ലോക്സഭാ തിരഞ്ഞെടുപ്പിനായി പടയൊരുക്കം നടത്തി ബിജെപി; ആർ എൽ ഡി, അകാലിദൾ എന്നിവരുമായി ചർച്ച സജീവം

നേരത്തെ പ്രതിപക്ഷ സഖ്യത്തിലെ പ്രധാനിയായിരുന്നു ജനതാദൾ യുണൈറ്റഡിലെ നിതീഷ് കുമാറിനെ ബിജെപി സ്വന്തം പാളയത്തിൽ എത്തിച്ചിരുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, പ്രാദേശിക കക്ഷികളെ കൂടെനിർത്തി കളം നിറയാൻ ബിജെപി. അതിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ തെലുഗ് ദേശം പാർട്ടി, അകാലിദൾ എന്നിവരുമായി ബിജെപി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായ രാഷ്ട്രീയ ലോക് ദളിനെയും തങ്ങൾക്കൊപ്പം അണിനിരത്താനുള്ള നീക്കത്തിലാണ് ഭരണമുന്നണി. നേരത്തെ പ്രതിപക്ഷ സഖ്യത്തിലെ പ്രധാനിയായിരുന്നു ജനതാദൾ യുണൈറ്റഡിലെ നിതീഷ് കുമാറിനെ ബിജെപി സ്വന്തം പാളയത്തിൽ എത്തിച്ചിരുന്നു.

2019ൽ എൻ ഡി എയുമായി പിണങ്ങി മുന്നണി വിട്ട നേതാവാണ് ടി ഡി പിയുടെ ചന്ദ്രബാബു നായിഡു. നൈപുണ്യ വികസന കോർപ്പറേഷൻ കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു നിലവിൽ ഇടക്കാല ജാമ്യത്തിലാണ്. അതിനിടെയാണ് മുന്നണി മാറ്റ ചർച്ചകളിലേക്ക് ടി ഡി പി നീങ്ങുന്നത്. കഴിഞ്ഞ ദിവസം ചർച്ചകൾക്കായി നായിഡു ഡൽഹിയിലെത്തിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനായി പടയൊരുക്കം നടത്തി ബിജെപി; ആർ എൽ ഡി, അകാലിദൾ എന്നിവരുമായി ചർച്ച സജീവം
'നിറം മാറുന്നതിൽ ഓന്തിന് വെല്ലുവിളി'; നിതീഷ് കുമാറിന്റെ ചുവടുമാറ്റത്തിൽ നേതാക്കൾ

ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ പരോക്ഷമായ പിന്തുണ ഉണ്ടായിരുന്നതിനാലും നായിഡുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളുമാണ് ബിജെപിയെ ടിഡിപിയോട് അകലം പാലിക്കാൻ പ്രേരിപ്പിച്ചത്, എന്നാൽ ഭരണവിരുദ്ധ വികാരം ചിലപ്പോൾ റെഡ്ഢിക്ക് തിരിച്ചടിയായേക്കും എന്ന വിലയിരുത്തലുകൾ ബിജെപിക്കുണ്ട്. അതിനാലാണ് തങ്ങൾക്ക് അത്ര സ്വാധീനമില്ലാത്ത സംസ്ഥാനത്ത് ഭാഗ്യപരീക്ഷണങ്ങൾക്ക് നിൽക്കാതെ നായിഡുവിനെ കൂടി ചേർത്തുപിടിക്കാൻ ബിജെപി തീരുമാനിച്ചത്.

കർഷക സമരകാലത്താണ് എൻ ഡി എയുടെ സഖ്യകക്ഷിയായിരുന്ന അകാലിദൾ പുറത്തുപോകുന്നത്. അവരുടെ പിന്തുണയും നേടാനുള്ള നീക്കം ബിജെപി തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. പഞ്ചാബിൽ ഒരു മുന്നണി രൂപീകരണത്തിന് വേണ്ടി അകാലിദൾ മേധാവി സുഖ്‌ബീർ ബാദലുമായി പ്രാഥമിക ചർച്ചകൾ നടത്തിവരികയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹിന്ദു-സിഖ് ബന്ധം ശക്തിപ്പെടുത്തുന്നതിന് സഖ്യം നിർണായകമാണെന്ന് ബിജെപി കരുതുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്,

ലോക്സഭാ തിരഞ്ഞെടുപ്പിനായി പടയൊരുക്കം നടത്തി ബിജെപി; ആർ എൽ ഡി, അകാലിദൾ എന്നിവരുമായി ചർച്ച സജീവം
അടുത്ത തിരഞ്ഞെടുപ്പിന് ടിഡിപി - ജനസേനാ സഖ്യം, ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം: പവന്‍ കല്യാണ്‍

'ഇന്ത്യ' മുന്നണിയുടെ ഭാഗമായ, ജാട്ട് നേതാവായിരുന്ന ചൗധരി ചരൺ സിങിന്റെ മകൻ ജയന്ത് ചൗധരിയുമായും ബിജെപി ചർച്ചകൾ നടത്തുന്നുണ്ട്. ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകളെ ആശ്രയിച്ചാകും ആർ എൽ ഡിയുടെ തീരുമാനം. ആർ എൽ ഡി ചില സീറ്റുകൾ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതാണ് എൻ ഡി എയിലേക്കുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in