വിജയേന്ദ്രയെ കൊണ്ട് കൂട്ടിയാൽ കൂടുമോ? പടലപ്പിണക്കം തുടരുന്ന കർണാടക ബിജെപി

വിജയേന്ദ്രയെ കൊണ്ട് കൂട്ടിയാൽ കൂടുമോ? പടലപ്പിണക്കം തുടരുന്ന കർണാടക ബിജെപി

വിജയേന്ദ്രയുടെ സ്ഥാനാരോഹണത്തിൽ മുറുമുറുപ്പ് , കുടുംബ വാഴ്ച്ചക്കെതിരെ മിണ്ടാനാകാതെ ബിജെപി

എല്ലാ തിരഞ്ഞെടുപ്പ് കാലത്തും കർണാടകയിൽ ബി എസ് യെദ്യൂരപ്പയെ കൊണ്ട് രക്ഷകന്റെ വേഷം കെട്ടിക്കുന്ന ബിജെപി ഹൈക്കമാൻഡ്, യെദ്യുരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷ പദവിയിലേറ്റിയാണ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാഗ്യ പരീക്ഷിക്കുന്നത്. എന്നാൽ യെദ്യുരപ്പയും കുടുംബവുമായി ഇടഞ്ഞു നിൽക്കുന്ന കർണാടക ബിജെപി യിലെ ബി എൽ സന്തോഷ് പക്ഷം വിജയേന്ദ്രയുടെ നേതൃത്വത്തെ എത്ര കണ്ടു അംഗീകരിക്കുമെന്നും അനുസരിക്കുമെന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയെ എതിർത്ത് പോന്ന ബിജെപിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് വിജയേന്ദ്രയുടെ സ്ഥാനാരോഹണം.

സംസ്ഥാന അധ്യക്ഷ പദവിയിൽ നളിൻ കുമാർ കാട്ടീലിന്റെ കാലാവധി തീർന്നിട്ട് മാസങ്ങൾ ആയെങ്കിലും പുതിയ അധ്യക്ഷനെ കണ്ടെത്തൽ ബിജെപി ദേശീയ നേതൃത്വത്തിന് ബാലികേറാമലയായിരുന്നു. മകന് അധ്യക്ഷ പദവി നൽകുന്നതോടെ വീണ്ടും പാർട്ടി കടിഞ്ഞാൺ യെദ്യുരപ്പയുടെ കൈകളിൽ ചെന്ന് ചേരാതിരിക്കാൻ ബി എൽ സന്തോഷ് പക്ഷം അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. പക്ഷെ നിരാശയായിരുന്നു ഫലം. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് കര കയറി പ്രതാപം വീണ്ടെടുക്കണമെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശരാശരി പ്രകടനം കാഴ്ചവെച്ചാൽ പോരാ. 28 ൽ പത്തു സീറ്റുകളെങ്കിലും കിട്ടിയില്ലെങ്കിൽ പാർട്ടിക്ക് ദേശീയതലത്തിൽ നാണക്കേടാകും.

സംസ്ഥാന ബിജെപിക്കു ഉപദേശം നൽകുന്ന ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ ആശയങ്ങളൊന്നും കർണാടകയിലിനി പണ്ടേ പോലെ ഫലിക്കില്ലെന്നാണ് കണക്കു കൂട്ടൽ. പിണങ്ങി നിൽക്കുന്ന ലിംഗായത് സമുദായത്തെ തിരികെ പാളയത്തിലേക്കെത്തിക്കാൻ സമുദായ പ്രതിനിധിയായ യെദ്യൂരപ്പയും മകനുമല്ലാതെ മറ്റൊരു തിരഞ്ഞെടുപ്പില്ല തത്കാലം ദേശീയ നേതൃത്വത്തിന് മുന്നിൽ. എന്നാൽ ഇത് മനസിലാക്കി പുതിയ അധ്യക്ഷൻ ബി വൈ വിജയേന്ദ്രക്കൊപ്പം തോളോട് തോൾ ചേർന്ന് പോകാൻ കർണാടക ഘടകത്തിൽ നിന്ന് അധികമാരെയും കിട്ടാത്ത ദുരവസ്ഥയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം ഉണ്ടായാൽ അതും യെദ്യുരപ്പയുടെയും മകന്റെയും അക്കൗണ്ടിൽ എഴുതി ചേർക്കപ്പെടുകയും അപ്രമാദിത്യം അടിവരയിടലുമാകും. ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാക്കളെ നേരിൽ കണ്ട് വിജയേന്ദ്ര അനുഗ്രഹം വാങ്ങുന്നുണ്ടെങ്കിലും മനസ്സറിഞ്ഞവർ അനുഗ്രഹം ചൊരിഞ്ഞോ എന്നറിയാൻ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കാക്കണം.

വിജയേന്ദ്രയെ കൊണ്ട് കൂട്ടിയാൽ കൂടുമോ? പടലപ്പിണക്കം തുടരുന്ന കർണാടക ബിജെപി
കരിമ്പ് കര്‍ഷകര്‍ മുതല്‍ യുവാക്കള്‍ വരെ; കെസിആറിന് എതിരെ വന്‍ 'സ്വതന്ത്രനിര'

സ്ഥാനമാനങ്ങൾ നൽകിയാൽ മാത്രം പാർട്ടിയിൽ ഉറച്ചു നിൽക്കുന്നവരാണ് ചിലരെന്നായിരുന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുൻ എം എൽ എയുമായ സി ടി രവിയുടെ ഒളിയമ്പ്. ഒരു സ്ഥാനവുമില്ലെങ്കിലും പാർട്ടിക്കുവേണ്ടി ജനങ്ങളോട് വോട്ടു ചോദിക്കാൻ തനിക്കു മടിയില്ലെന്നും ബിജെപി വിടുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേട്ട പേരുകളിൽ ഒന്ന് സി ടി രവിയുടേതായിരുന്നു. സി ടി രവിക്കു പുറമെ മുതിര്‍ന്ന നേതാക്കളായ വി സോമണ്ണ , ബസാൺ ഗൗഡ പാട്ടീൽ അരവിന്ദ് ബല്ലാട് തുടങ്ങിയവരൊക്കെ വിജയേന്ദ്രക്കെതിരെ മുറുമുറുപ്പിലാണ്.

യെദ്യുരപ്പയുടെ മകന് അധ്യക്ഷ പദം നൽകിയതോടെ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ കുറിച്ച് വായ തുറക്കാനാവാത്ത അവസ്ഥയിലാണ് ബിജെപി നേതാക്കൾ. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെയും പ്രചാരണ വേദികളിൽ കയറി കോൺഗ്രസിന്റെയും ബി ആർ എസിന്റെയുമൊക്കെ കുടുംബ വാഴ്ചയെ ആക്ഷേപിച്ച നേതാക്കൾ ഇപ്പോൾ പ്രതിരോധത്തിലാണ്. കർണാടക രാഷ്ട്രീയത്തിലും ഇനി എതിർ കക്ഷികളെ കുടുംബ വാഴ്ചയുടെ പേരിൽ ആക്ഷേപിക്കാൻ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ് ബിജെപിക്ക് . എന്നാൽ വിജയെത്ര തന്റെ നോമിനി അല്ലെന്ന നിലപാടിലാണ് ബി എസ് യെദ്യൂരപ്പ. 1999 മുതൽ സജീവ രാഷ്ട്രീയത്തിലുള്ള മകൻ സ്വന്തമായി മേൽവിലാസമുള്ളവനാണെന്നു സമർഥിക്കുകയാണ് അദ്ദേഹം. അർഹിച്ച അംഗീകാരം തന്നെയാണ് മകനെ തേടി വന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു കഴിഞ്ഞു.

വിജയേന്ദ്രയെ കൊണ്ട് കൂട്ടിയാൽ കൂടുമോ? പടലപ്പിണക്കം തുടരുന്ന കർണാടക ബിജെപി
അധികാരം പിടിക്കാന്‍ ഗവര്‍ണര്‍ രാജ്; ബിജെപിയെ തിരിഞ്ഞുകൊത്തുമോ സമ്മര്‍ദ്ദതന്ത്രം?

ബിഎസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രി ആയ 2019 - 2021 കാലഘട്ടത്തിലായിരുന്നു ബിജെപി കർണാടക ഘടകത്തിൽ ഉൾപാർട്ടി പോര് അതിരൂക്ഷമായത്. യെദ്യുരപ്പയുടെ കുടുംബം ഭരണത്തിൽ ഇടപെടുന്നെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികളായിരുന്നു കർണാടക ഘടകത്തിലെ ഒരുപറ്റം നേതാക്കൾ ദേശീയ നേതൃത്വത്തിന് മുന്നിലവതരിപ്പിച്ചത് . മക്കളായ ബി വൈ വിജയേന്ദ്ര , ബി വൈ രാഘവേന്ദ്ര, ശിവമോഗ എം പി ശോഭാ കരന്തലജെ തുടങ്ങിയവരായിരുന്നു പ്രതി സ്ഥാനത്ത് . മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'കൃഷ്ണയിൽ' താമസിക്കാതെ ബി എസ് യെദ്യൂരപ്പ ഡോളേഴ്‌സ് കോളനിയിലെ സ്വന്തം വീട്ടിൽ തങ്ങുന്നതിനെയായിരുന്നു മറുപക്ഷം ആദ്യം ചോദ്യം ചെയ്തത്. ഭരണത്തിലിടപെടാൻ കുടുംബത്തിലുള്ളവർ ശ്രമിക്കുന്നത് തടയിടാൻ ദേശീയ നേതൃത്വം യെദ്യുരപ്പയോട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറാൻ നിർദേശിച്ചു. അനുസരിച്ചെങ്കിലും കർണാടക ഘടകവും യെദ്യുരപ്പയും രണ്ടു വഴിക്കു തന്നെ നടപ്പു തുടർന്നു.

മുഖ്യമന്ത്രി പദത്തിൽ യെദ്യൂരപ്പ രണ്ടു വർഷം പിന്നിട്ടതോടെ നേതൃമാറ്റത്തിനുള്ള മുറവിളി ശക്തമാകുകയായിരുന്നു. കർണാടക ബിജെപി അധ്യക്ഷനായിരുന്ന നളിൻ കുമാർ കാട്ടീലിന്റെയും ദേശീയ നേതാവായ ബി എൽ സന്തോഷിന്റേയും മൗനാനുവാദത്തോടെ രണ്ടാം നിര നേതാക്കൾ നിരന്തരം യെദ്യുരപ്പയെ വേട്ടയാടി . എം എൽ എമാരായ അരവിന്ദ് ബല്ലാഡ് , ബസന ഗൗഡ പാട്ടീൽ യത്നാൽ തുടങ്ങിയവർ യെദ്യുരപ്പക്കെതിരെ ദേശീയ നേതൃത്വത്തെ കണ്ടു . നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യെദ്യുരപ്പയെ പടിയിറക്കി ഔദ്യോഗിക പക്ഷത്തു നിന്നൊരു യോഗ്യനെ മുഖ്യമന്ത്രി കസേരയിലിരുത്താൻ ആയിരുന്നു നീക്കം. എന്നാൽ യെദ്യുരപ്പയുടെ ശക്തിയും ജനപ്രിയതയും നന്നായി അറിയാവുന്ന ബിജെപി ദേശീയ നേതൃത്വം യെദ്യുരപ്പയുടെ വിശ്വസ്തൻ ബസവരാജ്‌ ബൊമ്മെക്കു മുഖ്യമന്ത്രി കസേര നൽകി . തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച യെദ്യൂരപ്പയെ വീണ്ടും സജീവമാക്കാൻ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തി ,മകൻ വിജയേന്ദ്രക്കു സംസ്ഥാന ഉപാധ്യക്ഷ പദവിയും നൽകി.

വിജയേന്ദ്രയെ കൊണ്ട് കൂട്ടിയാൽ കൂടുമോ? പടലപ്പിണക്കം തുടരുന്ന കർണാടക ബിജെപി
മകന് വേണ്ടി 850 കോടിയുടെ അഴിമതി; ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡൽഹി വിജിലൻസ് മന്ത്രി

ദേശീയ നേതൃത്വം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും മുൻപേ നിയമസഭാ തിരഞ്ഞെടുപ്പിൽ മകൻ തന്റെ തട്ടകമായ ശിക്കാരിപുരയിൽ നിന്ന് ജനവിധി തേടുമെന്ന് യെദ്യൂരപ്പ സ്വയം പ്രഖ്യാപിച്ച് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു .ടിക്കറ്റ് നൽകാതിരിക്കാൻ ഔദ്യോഗിക പക്ഷം ചരടുവലികൾ നടത്തിയെങ്കിലും അതും വിലപ്പോയില്ല. കർണാടക ഘടകം ശിക്കാരിപുരയിൽ വിജയേന്ദ്രയുടെ തോൽവി ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു മണ്ഡലത്തിലെ ബിജെപിയുടെ കുറഞ്ഞ ഭൂരിപക്ഷം. യെദ്യൂരപ്പ 50 ,000 വോട്ടുകൾക്ക് 2018 ൽ ജയിച്ച മണ്ഡലത്തിൽ മകന് കിട്ടിയത് വെറും 10 ,000 വോട്ടുകളുടെ ഭൂരിപക്ഷം.

വിജയേന്ദ്രയെ കൊണ്ട് കൂട്ടിയാൽ കൂടുമോ? പടലപ്പിണക്കം തുടരുന്ന കർണാടക ബിജെപി
വിവാഹേതര ലൈംഗിക ബന്ധവും ഉഭയസമ്മതമില്ലാത്ത സ്വവർഗരതിയും കുറ്റകൃത്യമാക്കണം; പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ശിപാര്‍ശ

ഒട്ടും ശാന്തമല്ലാത്ത കാറും കോളുമുള്ള കാലാവസ്ഥ നിലനിൽക്കുന്നകർണാടക ബിജെപിയുടെ സാരഥിയാകുന്ന വിജയേന്ദ്രക്കു അച്ഛന്റെ ലെഗസി കൊണ്ടോ ജനപ്രിയത കൊണ്ടോ ലോക്സഭാ തിരഞ്ഞെടുപ്പിൽ അത്ഭുതം കാട്ടാനാവില്ലെന്നാണ് സംസ്ഥാന രാഷ്ട്രീയം നൽകുന്ന സൂചന.

logo
The Fourth
www.thefourthnews.in