'സിഎഎ അംഗീകരിക്കാനാകില്ല,' നടപ്പാക്കരുതെന്ന് വിജയ്; കേന്ദ്രത്തിന് മുന്നറിയിപ്പുമായി സ്റ്റാലിനും

'സിഎഎ അംഗീകരിക്കാനാകില്ല,' നടപ്പാക്കരുതെന്ന് വിജയ്; കേന്ദ്രത്തിന് മുന്നറിയിപ്പുമായി സ്റ്റാലിനും

പാർട്ടി പ്രഖ്യാപനത്തിനുശേഷം വിജയ് പ്രതികരിക്കുന്ന ആദ്യ രാഷ്ട്രീയ വിഷയം കൂടിയാണിത്

പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതിനുപിന്നാലെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി നടന്‍ വിജയ് യുടെ തമിഴക വെട്രി കഴകം. സിഎഎ നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വിജയ് പ്രസ്താവനയിലൂടെ അറിയിച്ചു. പാർട്ടി രൂപീകരണത്തിനുശേഷം വിജയ് നടത്തുന്ന ആദ്യ രാഷ്ട്രീയ പ്രതികരണം കൂടിയാണിത്.

"എല്ലാ പൗരന്മാരും സൗഹാർദത്തോടെ ജീവിതം നയിക്കുന്ന രാജ്യത്ത് സിഎഎ പോലുള്ള ഒരു നിയമവും നടപ്പിലാക്കുന്നത് അംഗീകരിക്കാനാകില്ല. ഈ നിയമം തമിഴ്‌നാട്ടില്‍ നടപ്പിലാക്കില്ലെന്ന് നേതാക്കള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്," വിജയ് ആവശ്യപ്പെട്ടു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേന്ദ്ര സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാരിന്റെ വിഭജന അജണ്ട നടപ്പിലാക്കുന്നതിന് ഉപയോഗിക്കുകയാണ്. ഡിഎംകെ പോലുള്ള ജനാധിപത്യ ശക്തികളുടെ എതിർപ്പിനെ അവഗണിച്ച് എഐഎഡിഎംകെ പോലുള്ള സഖ്യകക്ഷികളുടെ സഹായത്തോടെ ബിജെപി സിഎഎ പാസാക്കിയതായും സ്റ്റാലിന്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

'സിഎഎ അംഗീകരിക്കാനാകില്ല,' നടപ്പാക്കരുതെന്ന് വിജയ്; കേന്ദ്രത്തിന് മുന്നറിയിപ്പുമായി സ്റ്റാലിനും
പാസ്‌പോര്‍ട്ടോ വിസയോ വേണ്ട, അപേക്ഷ സ്വീകരിക്കാന്‍ കേന്ദ്രം നിയന്ത്രിക്കുന്ന ജില്ലാതല സമിതി; സിഎഎയിൽ വരുത്തിയ മാറ്റങ്ങള്‍

ഡിഎംകെ 2021ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ സിഎഎക്കെതിരായ പ്രമേയം തമിഴ്‌നാട് നിയമസഭയില്‍ പാസാക്കിയ കാര്യവും സ്റ്റാലിന്‍ ട്വീറ്റില്‍ ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയനേട്ടത്തിന് വേണ്ടി മതവികാരം മുതലെടുത്ത് മുങ്ങുന്ന കപ്പല്‍ രക്ഷിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്നും സ്റ്റാലിന്‍ വിമർഷിച്ചു.

"ഭിന്നിപ്പുണ്ടാക്കുന്ന നിയമം നടപ്പിലാക്കിയതില്‍ ഇന്ത്യയിലെ ജനങ്ങള്‍ ബിജെപിയോട് ക്ഷമിക്കില്ല. ജനം ബിജെപിയെ പാഠം പഠിപ്പിക്കും," സ്റ്റാലിന്‍ വ്യക്തമാക്കി.

പൗരത്വഭേദഗതി നിയമം എന്തുവന്നാലും നടപ്പാക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിച്ചിരുന്നു. തിരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി ജനങ്ങളെ വർഗീയമായി വേർതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വർഗീയവികാരം കുത്തിയിളക്കുന്നതിനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പരത്താനുമാണെന്നാണ് പിണറായി വിജയൻ പറഞ്ഞത്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളിലാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടേണ്ടതുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.

'സിഎഎ അംഗീകരിക്കാനാകില്ല,' നടപ്പാക്കരുതെന്ന് വിജയ്; കേന്ദ്രത്തിന് മുന്നറിയിപ്പുമായി സ്റ്റാലിനും
സിഎഎ പ്രാബല്യത്തില്‍; നിയമഭേദഗതി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു

ജനങ്ങളെ പരസ്പരം വിഭജിക്കുന്ന നിയമം തങ്ങൾ നടപ്പാക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ആളുകൾക്ക് ആധാർ കാർഡ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ പകരം തങ്ങൾ വേറെ കാർഡ് നൽകുമെന്നും മമത ബാനർജി പറഞ്ഞു.

ഓൺലൈനായി പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചപ്പോൾ തന്നെ, ഈ നിയമം കാരണം പൗരാവകാശം നഷ്ടപ്പെടുന്നവർക്ക് അപേക്ഷിക്കാൻ പ്രത്യേക ഓൺലൈൻ പോർട്ടലും ബംഗാൾ സർക്കാർ അവതരിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in