ചോദ്യത്തിന് കോഴ ആരോപണം
മഹുവ മൊയ്‌ത്രയെ ലക്ഷ്യമിട്ടുള്ള വ്യാജ ഓപ്പറേഷനോ? ബലപ്പെടുന്ന സംശയങ്ങള്‍

ചോദ്യത്തിന് കോഴ ആരോപണം മഹുവ മൊയ്‌ത്രയെ ലക്ഷ്യമിട്ടുള്ള വ്യാജ ഓപ്പറേഷനോ? ബലപ്പെടുന്ന സംശയങ്ങള്‍

2005ല്‍ ചോദ്യങ്ങള്‍ ടേബിള്‍ ചെയ്യാന്‍ എംപിമാര്‍ പണം വാങ്ങിയതിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കപ്പെട്ട സംഭവം ചൂണ്ടിക്കാണിച്ചുകൊണ്ടായിരിക്കും മഹുവ മൊയ്ത്രയ്‌ക്കെതിരെ ബി ജെ പി നടപടി ആവശ്യപ്പെടാന്‍ സാധ്യത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വ്യവസായി ഗൗതം അദാനിയുടെ കടുത്ത വിമര്‍ശകയാണ് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. അവരിപ്പോൾ ഒരാരോപണത്തിന്റ നിഴലിലാണ്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ ഒരു വ്യവസായിയില്‍നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ ആരോപണമുന്നയിച്ചവരുടെ ലക്ഷ്യം മഹുവയുടെ നാവടപ്പിക്കുകയാണെന്ന സംശയം ബലപ്പെടുകയാണ്. അവരുടെ മുന്‍പങ്കാളിയും വ്യവസായിയും മഹുവയിൽനിന്ന് ആരോപണങ്ങള്‍ നേരിടേണ്ടി വന്ന ബിജെപി എം പിയുമാണ് ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്.

അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാൻ പണം വാങ്ങിച്ചുവെന്ന ആരോപണമാണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ ആദ്യം വന്നത്. പിന്നാലെ, ചോദ്യങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് തനിക്ക് മഹുവ മൊയ്ത്ര പാര്‍ലമെന്റ് പോര്‍ട്ടലിന്റെ ലോഗിന്‍ ഐഡിയും പാസ്‌വേഡും നൽകിയതായുള്ള വ്യവസായി ദര്‍ശന്‍ ഹിരനന്ദാനിയുടെ സത്യവാങ്മൂലവും ദുരൂഹമായി പുറത്തുവന്നു.

ചോദ്യത്തിന് കോഴ ആരോപണം
മഹുവ മൊയ്‌ത്രയെ ലക്ഷ്യമിട്ടുള്ള വ്യാജ ഓപ്പറേഷനോ? ബലപ്പെടുന്ന സംശയങ്ങള്‍
ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം; മഹുവ മൊയ്ത്രയ്‌ക്കെതിരായ പരാതി ലോക്‌സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ മൊയ്ത്ര പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ആദ്യം ആരോപിക്കുന്നത് അവരുടെ മുന്‍പങ്കാളികൂടിയായ ജയ് അനന്ത് ദെഹദ്രായ് ആണ്. അന്വേഷണമാവശ്യപ്പെട്ട് ദെഹദ്രായ് സി ബി ഐക്കും ലോക്‌സഭാ സ്പീക്കര്‍ക്കും പരാതികള്‍ അയച്ചിരുന്നു. ഈ പരാതിയുടെ പകര്‍പ്പുയർത്തിക്കാട്ടിയാണ് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി സംഭവം അന്വേഷിക്കണമെന്ന ആവശ്യവുമായി ബി ജെ പി എം പി നിഷികാന്ത് ദുബെ രംഗത്തെത്തുന്നത്. വിഷയം 26 ന് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കും. മൊയ്ത്രയെ പാര്‍ലമെന്റില്‍നിന്ന് അയോഗ്യയാക്കുകയെതാണ് ഈ പരാതിയിലൂടെ ബി ജെ പി ലക്ഷ്യം വയ്ക്കുന്നത്.

ബി ജെ പിയുടെ ആരോപണങ്ങള്‍

പാർലമെന്റിൽ അദാനിക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് വ്യവസായി ഹിരനന്ദാനിയുടെ പക്കൽനിന്ന് പണം സ്വീകരിച്ചു, ഡല്‍ഹിയിലെ മൊയ്ത്രയുടെ ഔദ്യോഗിക വസതിയില്‍ അറ്റകുറ്റപ്പണികളും മറ്റും നടത്തിയത് ഹിരനന്ദാനിയാണ്, ലോക്‌സഭാ പോര്‍ട്ടലിന്റെ ലോഗ് ഇന്‍ പാസ്‌വേഡ് ചോദ്യം തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഹിരനന്ദാനിക്ക് കൈമാറി എന്നിവയാണ് ബിജെപിയുടെ പ്രധാന ആരോപണങ്ങള്‍.

ഇതില്‍ രണ്ട് പ്രധാനപ്പെട്ട ആരോപണങ്ങള്‍ ഹിരാനന്ദാനി തന്റെ സത്യവാങ്മൂലത്തില്‍ അംഗീകരിച്ചിട്ടുണ്ട്. മഹുവ മൊയ്ത്രയുടെ ലോഗ് ഇന്‍ പാസ്‌വേഡ് തന്റെ കൈവശമുണ്ടായിരുന്നുവെന്നും മൊയ്ത്രയെ വെറുപ്പിക്കാതിരിക്കാന്‍ താന്‍ സമ്മാനങ്ങള്‍ നല്‍കാറുണ്ടെന്നും ഹിരാനന്ദാനി പുറത്തുവിട്ട സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ഈ സമ്മാനങ്ങള്‍ ചോദ്യങ്ങള്‍ക്കുള്ള പ്രത്യുപകാരങ്ങളായിരുന്നില്ലെന്നും പറയുന്നുണ്ട്.

എന്നാല്‍ ഹിരനന്ദാനിയും അദ്ദേഹത്തിന്റെ അച്ഛനും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായികളില്‍ ഒരാളാണെന്നും യു പിയിലും ഗുജറാത്തിലുമുള്ള അവരുടെ ഏറ്റവും പുതിയ രണ്ട് പദ്ധതികള്‍ ഉദ്ഘടനം ചെയ്തത് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണെന്നും പത്രക്കുറിപ്പില്‍ മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ പ്രധാനമന്ത്രിയുടെ കൂടെ അന്തര്‍ദേശീയ ബിസിനസ്സ് യാത്ര നടത്തിയ ആളുകൂടിയാണ് ഹിരാണന്ദാനിയെന്നും ഇത്രയും വലിയ സാമ്രാജ്യം കൈവശമുള്ള, എല്ലാ മന്ത്രിമാരുടെ അടുത്തും പ്രധാനമന്ത്രിയുടെ ഓഫീസില്‍ പോലും ബന്ധങ്ങളുള്ള ഹിരാിന്ദാനി എന്തിനാണ് ആദ്യമായി എം പിയാകുന്ന തന്നെ പേടിക്കുന്നതെന്നും അവർ ചോദിക്കുന്നു.

ഈ ചോദ്യം ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തമാണ്. ലോക്‌സഭയുടെ പോര്‍ട്ടലില്‍ എം പിയുടെ ലോഗിന്‍ ഐഡി വച്ച് കയറിയാല്‍ തന്റെ ഡിജിറ്റല്‍ ഫിംഗർ പ്രിന്റുകള്‍ അവിടെ വെളിപ്പെടുമെന്ന് അറിയാത്ത ആളാണോ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിരാനന്ദാനിയെന്ന ചോദ്യവും മഹുവ ഉയർത്തുന്നുണ്ട്. അദാനിക്കെതിരെയും മോദിയ്‌ക്കെതിരെയും ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടുതന്നെ ബി ജെ പി തന്നെ ലക്ഷ്യമിടുമെന്ന് അറിയാവുന്ന മഹുവ ഈ വ്യവസായിക്ക് തന്റെ ലോഗിന്‍ പാസ്‌വേഡ് നല്‍കാന്‍ മാത്രം വിഡ്ഢിയായിരിക്കുമോ എന്ന ചോദ്യവും അവശേഷിക്കുന്നു.

ചോദ്യത്തിന് കോഴ ആരോപണം
മഹുവ മൊയ്‌ത്രയെ ലക്ഷ്യമിട്ടുള്ള വ്യാജ ഓപ്പറേഷനോ? ബലപ്പെടുന്ന സംശയങ്ങള്‍
അദാനി ഗ്രൂപ്പിനും കേന്ദ്രത്തിനുമെതിരെ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങി; മഹുവ മൊയ്ത്രയെ ലക്ഷ്യമിട്ട് ബിജെപി, പുതിയ പോർമുഖം

മഹുവ മൊയ്ത്രയ്ക്ക് ചോദിക്കാനുള്ളത്

ദര്‍ശന്‍ ഹിരനന്ദാനിയുടേതെന്ന പേരില്‍ പുറത്തുവന്ന സത്യവാങ്മൂലത്തെ എല്ലാ നിലയിലും ചോദ്യം ചെയ്യുകയാണ് എം പി മഹുവ മൊയ്ത്ര. ആദ്യത്തെ ചോദ്യം, ഇതുവരെ ഒരു ഏജന്‍സിയും അന്വേഷണമാരംഭിക്കുകയോ ആരെയെങ്കിലും ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലാത്ത പരാതിയില്‍ ആരാവശ്യപ്പെട്ടിട്ടാണ് ഹിരിന്ദാനി ഈ സത്യവാങ്മൂലം തയ്യാറാക്കിയതെന്നതാണ്. അത് ആരുടെ മുന്നിലാണ് സമര്‍പ്പിച്ചത് എന്നതാണ് രണ്ടാമത്തേത്. ഈ രണ്ട് ചോദ്യങ്ങളും ഹിരനന്ദാനിയുടെ സത്യവാങ്മൂലത്തില്‍ സംശയങ്ങളുയര്‍ത്തുന്നുണ്ട്.

അദാനിയുടെ ശത്രുക്കളെ മുഴുവന്‍ താനുമായി ബന്ധിപ്പിക്കാനും അതില്‍ ആരോപണമുയര്‍ത്താനും ശ്രമിക്കുകയാണെന്ന് പറയുന്ന മൊയ്ത്ര ഓരോരുത്തരുടെ പേരെടുത്ത് പറയുന്നുണ്ട്. ആദ്യം താനുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് ശാര്‍ദൂല്‍ ഷ്രോഫിനെയാണ്. ശാര്‍ദൂല്‍ ഷ്റോഫിന്റെ സഹോദരന്‍ സിറില്‍ ഷ്റോഫ് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കുന്ന സെബിയുടെ സമിതിയിലുള്ള ആളാണ്. പിന്നെ പറയുന്ന പേരുകള്‍ രാഹുല്‍ ഗാന്ധിയുടെയും ശശി തരൂരിന്റേതുമാണ്. ഇവരെ രണ്ടുപേരെയും കേന്ദ്ര സര്‍ക്കാരും ബി ജെ പിയും നിരന്തരം അക്രമിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് പ്രത്യേകിച്ചൊന്നും പറയുന്നില്ലെന്ന് മൊയ്ത്ര പറയുന്നു. നാലാമത്തെ ആള്‍ സുചേതാ ദലാല്‍ ആണ്. സുചേതാ ദലാല്‍ നിരന്തരം സര്‍ക്കാരിനെ തുറന്നുകാട്ടുന്ന മാധ്യമപ്രവര്‍ത്തകയായതുകൊണ്ടാണ് അവരുടെ പേരും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മഹുവ പറയുന്നു.

സുചേതാ ദലാലിന്റെ പേര് ഹിരനന്ദാനിയുടെ സത്യവാങ്മൂലത്തിലും പറയുന്നുണ്ട്. പാര്‍ലമെന്റിലേക്ക് ചോദ്യങ്ങള്‍ തയ്യാറാക്കാന്‍വേണ്ടി മഹുവ മൊയ്ത്ര സുചേതാ ദലാലിനെ പോലുള്ള മാധ്യമപ്രവര്‍ത്തകരുടെ സഹായം തേടിയിട്ടുണ്ടെന്നാണ് ഹിരനന്ദാനിയുടെ ആരോപണം.

തനിക്കെതിരെ ആദ്യം പരാതി ഉന്നയിച്ച മുന്‍പങ്കാളി ജയ് അനന്ത് ദെഹദ്രായോട്, താന്‍ നടത്തിയ എല്ലാ അഴിമതിക്കും സാക്ഷിയാണ് നിങ്ങളെങ്കില്‍ എന്തുകൊണ്ട് ഇത്രയും കാലമായി ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നും സി ബി ഐക്കും ലോക്‌സഭാ സ്പീക്കര്‍ക്കും നല്‍കിയ പരാതിയുടെ പകര്‍പ്പ്, 540 എംപിമാരില്‍ എന്തുകൊണ്ട് നിഷികാന്ത് ദുബെയ്ക്ക് തന്നെ നല്‍കിയെന്നും മൊയ്ത്ര ചോദിക്കുന്നു. വിദ്യാഭ്യാസ യോഗ്യതയുള്‍പ്പെടെ ചോദ്യം ചെയ്ത് പാര്‍ലമെന്റില്‍ തുടര്‍ച്ചയായി മൊയ്ത്ര ദുബെയെ പ്രതിസന്ധിയിലാക്കിയതിന്റെ പശ്ചാത്തലത്തില്‍ കൂടി ഇതിനെ കാണണമെന്നാണ് പത്രക്കുറിപ്പില്‍ മൊയ്ത്ര പറയുന്നത്.

ദെഹദ്രായ് നല്‍കിയ പരാതിയും ഹിരനന്ദാനിയുടെ സത്യവാങ്മൂലവും എങ്ങനെ അന്വേഷണം പോലും ആരംഭിക്കുന്നതിനു മുമ്പ് പുറത്തുവന്നു? മാധ്യമങ്ങള്‍ക്ക് ആഘോഷമാക്കാൻ സാധിച്ചു? ഈ രേഖകള്‍ കൃത്യമായി മാധ്യമങ്ങളിലേക്കെത്തിക്കുകയും തനിക്കെതിരെ ശക്തമായ പ്രചാരണം നടത്തുകയുമാണ് ഇതിനുപിന്നിലെ ഉദ്ദേശ്യമെന്ന് മൊയ്ത്ര ആരോപിക്കുന്നു.

ഹിരനന്ദാനിയുടെ സത്യവാങ്മൂലം മറ്റാരെങ്കിലും തയാറാക്കിയതാണോ?

സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്ന പലകാര്യങ്ങളും വസ്തുതാ വിരുദ്ധമാണെന്നും സത്യവാങ്മൂലത്തിന്റെ ഭാഷ വച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് തയാറാക്കിയതാണെന്ന് തോന്നുന്നുണ്ടെന്നും മൊയ്ത്ര പറയുന്നു. സത്യവാങ്മൂലത്തില്‍ പലയിടങ്ങളിലായി നരേന്ദ്രമോദിയെ 'ശ്രീ നരേന്ദ്രമോദി' എന്ന് അഭിസംബോധന ചെയ്യുന്നതുള്‍പ്പെടെ സര്‍ക്കാര്‍ രേഖയുടെ സ്വഭാവം ആ സത്യവാങ്മൂലത്തിനുണ്ടെന്ന് മൊയ്ത്ര ആരോപിക്കുന്നു.

മൊയ്ത്രയുടെ ഭാഷയില്‍ ഈ സത്യവാങ്മൂലം ഹിരാനന്ദാനിയുടെയും അച്ഛന്റെയും തലയ്ക്കു നേരെ അദൃശ്യമായ ഒരു തോക്ക് ചൂണ്ടി ഒപ്പ് വയ്പിച്ചതാണെന്നാണ്. ഹിരാനന്ദാനിയുടെ വ്യവസായങ്ങള്‍ മിക്കതും ഗുജറാത്തിലും യു പിയിലുമാണ്. യുപിയില്‍ മാത്രം അവര്‍ക്ക് 3000 കോടിയുടെ നിക്ഷേപമുണ്ട്. സര്‍ക്കാർ പിന്തുണയുമില്ലാതെ ഈ സ്ഥലങ്ങളില്‍ വ്യവസായം നടത്താന്‍ സാധിക്കില്ല. അതുകൊണ്ട് തന്റെ വ്യവസായത്തെ ബാധിക്കുന്നതരത്തിലുള്ള സമ്മര്‍ദ്ദങ്ങൾ കാരണം ഹിരനന്ദാനിക്ക് ഒപ്പിട്ടുകൊടുക്കേണ്ടിവന്നിട്ടുണ്ടാകുമെന്നാണ് മൊയ്ത്ര പറയുന്നത്.

മാത്രവുമല്ല ഹിരാനന്ദാനി തന്നെ തയ്യാറാക്കിയ സത്യവാങ്മൂലമാണെങ്കില്‍ അദ്ദേഹം അത് സാമൂഹിക മാധ്യമങ്ങളിൽ സ്വന്തം ഐഡിയിലൂടെയാണ് പുറത്തുവിടേണ്ടത്. അതിനുപകരം അദ്ദേഹം സത്യവാങ്മൂലത്തില്‍ ഒപ്പുവച്ച ഉടനെ വിദേശത്തേക്ക് പോവുകയാണ് ചെയ്തത്. ഇതെല്ലാം ദുരൂഹതകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഭീഷണിയാണ് ബി ജെ പി എല്ലാകാലത്തും ഉപയോഗിച്ചിട്ടുള്ള ആയുധമെന്നും മഹുവ മൊയ്ത്ര പറയുന്നു.

ഇനിയെന്ത് സംഭവിക്കും? അയോഗ്യയാക്കപ്പെടുമോ മൊയ്ത്ര?

വിനോദ് കുമാര്‍ ശങ്കര്‍ ചെയര്‍മാനായ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി, ഒക്ടോബര്‍ 26ന് ഹിരനന്ദാനിയെയും നിഷികാന്ത് ദുബെയെയും മൊഴിയെടുക്കാനായി വിളിക്കും. 15 അംഗ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയില്‍ ബി ജെ പി (ഏഴ്), ശിവസേന ഷിന്‍ഡെ വിഭാഗം (ഒന്ന്), കോണ്‍ഗ്രസ് (നാല്), ശിവസേന, ജനതാ ദള്‍ യുണൈറ്റഡ്, സി പി എം (ഒന്ന് വീതം) എംപിമാരാണുള്ളത്. സാധാരണഗതിയില്‍ എത്തിക്‌സ് കമ്മിറ്റി എടുക്കുന്ന ഏറ്റവും കൂടിയ ശിക്ഷാ നടപടി എം പി സ്ഥാനം സസ്പെന്‍ഡ് ചെയ്യുകയാണ്. അയോഗ്യരാക്കാന്‍ എത്തിക്‌സ് കമ്മിറ്റി തീരുമാനമെടുക്കുന്ന കീഴ്വഴക്കമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ദെഹദ്രായുടെ ആരോപണം വ്യവസായി മൊയ്ത്രയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്നാണ്. എന്നാല്‍ ഹിരനന്ദാനി പുറത്തുവിട്ട സത്യവാങ്മൂലത്തില്‍ പറയുന്നത് ചോദ്യത്തിന് പണം നല്‍കിയിട്ടില്ലെന്നാണ്. എത്തിക്‌സ് കമ്മിറ്റിക്കുമുമ്പില്‍ സത്യവാങ്മൂലത്തില്‍നിന്ന് വ്യത്യസ്തമായി പണം നല്‍കിയിട്ടുണ്ടെന്ന് പറയുകയാണെങ്കില്‍ ഹിരാിന്ദാനിയുടെ വിശ്വാസ്യത ചോദ്യം ചയ്യപ്പെടും. സത്യവാങ്മൂലത്തിലെ വാദങ്ങളുമായി തന്നെ മുന്നോട്ടുപോവുകയാണെങ്കില്‍ മൊയ്ത്ര ചോദ്യത്തിന് പണം വാങ്ങിയെന്ന് തെളിയിക്കാനും സാധിക്കില്ല.

എത്തിക്‌സ് കമ്മിറ്റിക്കു മുമ്പില്‍ വരുന്ന പ്രധാന ചോദ്യം എം പി മാര്‍ അവരുടെ ഓഫീസ് ജീവനക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും കൈമാറാന്‍ പാടില്ലാത്ത പാര്‍ലമെന്റ് പോര്‍ട്ടലിന്റെ ലോഗിന്‍ പാസ്‌വേഡ് ഈ വ്യവസായിക്ക് മൊയ്ത്ര കൈമാറിയിട്ടുണ്ടോയെന്ന കാര്യമായിരിക്കും.

ചോദ്യത്തിന് കോഴ ആരോപണം
മഹുവ മൊയ്‌ത്രയെ ലക്ഷ്യമിട്ടുള്ള വ്യാജ ഓപ്പറേഷനോ? ബലപ്പെടുന്ന സംശയങ്ങള്‍
'മോദി ഒഴികെ മറ്റാരും': ഹിന്ദുത്വ അജണ്ടകളെ പൊളിച്ചടുക്കുന്ന മഹുവ മൊയ്ത്ര

മൊയ്ത്രയെ അയോഗ്യയാകുക അത്ര എളുപ്പത്തില്‍ സാധിക്കുമോയെന്നതാണ് ചോദ്യം. സര്‍ക്കാരിനോ ലോക്‌സഭാ സ്പീക്കര്‍ക്കോ പോലും തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗത്തെ പുറത്താകാന്‍ സാധിക്കില്ല. അതിന് പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കു മാത്രമേ സാധിക്കൂ.

അതേസമയം, ചോദ്യങ്ങള്‍ ടേബിള്‍ ചെയ്യാന്‍ എംപിമാര്‍ പണം വാങ്ങിയതിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കപ്പെട്ട 2005ലെ സംഭവം ചൂണ്ടിക്കാണിച്ചുകൊണ്ടായിരിക്കും മഹുവ മൊയ്ത്രയ്ക്കെതിരെ ബി ജെ പി നടപടി ആവശ്യപ്പെടാന്‍ സാധ്യത. അതൊരു കീഴ്വഴക്കമായി സ്വീകരിക്കാനുള്ള ആവശ്യമുയരുമെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നുണ്ട്.

logo
The Fourth
www.thefourthnews.in