'സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേരള സര്‍ക്കാരിന്റെ വീഴ്ച, അധിക പണം നല്‍കിയിട്ടുണ്ട്'; കേന്ദ്രം സുപ്രീംകോടതിയില്‍

'സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേരള സര്‍ക്കാരിന്റെ വീഴ്ച, അധിക പണം നല്‍കിയിട്ടുണ്ട്'; കേന്ദ്രം സുപ്രീംകോടതിയില്‍

ധനകാര്യ കമ്മീഷന്‍ കേരളത്തിന് നല്‍കണമെന്ന് ശിപാര്‍ശ ചെയ്തതിനെക്കാള്‍ അധികം പണം നല്‍കിയിട്ടുണ്ട്

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേരള സര്‍ക്കാരിന്റെ വീഴ്ചയെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരെ കേരളം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍, കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജി സംസ്ഥാന ബജറ്റിനു മുന്‍പായി പരിഗണിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

ധനകാര്യ കമ്മീഷന്‍ കേരളത്തിന് നല്‍കണമെന്ന് ശിപാര്‍ശ ചെയ്തതിനെക്കാള്‍ അധികം പണം നല്‍കിയിട്ടുണ്ട്. കേന്ദ്ര നികുതികള്‍, കേന്ദ്ര പദ്ധതികള്‍ക്കുള്ള തുക തുടങ്ങി സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പണം അനുവദിച്ചിട്ടുണ്ട്. 2018-19 ല്‍ സംസ്ഥാനത്തെ മൊത്തം വരുമാനത്തിന്റെ 31 ശതമാനം ആയിരുന്നു കടമെങ്കില്‍, ഇപ്പോള്‍ 2021-22 ആയപ്പോള്‍ 38 ശതമാനം ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നു.

സംസ്ഥാനം കടത്തിന് നല്‍കുന്ന പലിശയിലും വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനം എടുക്കുന്ന കടത്തിന്റെ മൊത്തം പലിശ 10 ശതമാനത്തില്‍ അധികമാകരുതെന്നാണ് ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 19.8 ശതമാനമായി വര്‍ധിച്ചു. ഉയര്‍ന്ന പലിശ നല്‍കുന്നതുതന്നെ സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഏറ്റവും അധികം കടമുള്ള അഞ്ചു സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കടമെടുപ്പ് പരിധി ഇനി ഉയര്‍ത്താനാകില്ലെന്നും കുറിപ്പില്‍ കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നു.

'സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേരള സര്‍ക്കാരിന്റെ വീഴ്ച, അധിക പണം നല്‍കിയിട്ടുണ്ട്'; കേന്ദ്രം സുപ്രീംകോടതിയില്‍
ബിഹാറില്‍ തൊഴിലിനായി സമരം; ദൃശ്യങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കേന്ദ്രം, നീക്കം ചെയ്യാന്‍ യൂട്യൂബിന് നിർദേശം

സംസ്ഥാന സര്‍ക്കാരിനുവേണ്ടി കടമെടുക്കുന്ന കിഫ്ബിക്കും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിനും സ്വന്തമായി വരുമാനം ഇല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കടമെടുക്കുന്ന പണം, കേരളം ഉത്പാദന മേഖലകളിലല്ല നിക്ഷേപിക്കുന്നതെന്നും പെന്‍ഷന്‍, ശമ്പളം എന്നിവപോലുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും കേന്ദ്രം ആരോപിച്ചിട്ടുണ്ട്.

2021 -22 സാമ്പത്തിക വര്‍ഷം കിഫ്ബിയുടെ ആകെ വരുമാനത്തിന്റെ 93.6 ശതമാനം സംസ്ഥാനം നല്‍കിയ പണമാണ്. 6.40 ശതമാനം നിക്ഷേപങ്ങളില്‍നിന്ന് ലഭിച്ച പലിശയും. പെട്രോള്‍ സെസ്, മോട്ടര്‍ വാഹന നികുതി എന്നിവയില്‍നിന്ന് ലഭിക്കുന്ന പണമാണ് കിഫ്ബിക്ക് കൈമാറുന്നതെന്നും കുറിപ്പില്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സര്‍ക്കാരിന്റെ ചെലവ് വലിയതോതില്‍ വര്‍ധിക്കുകയാണ്. 2018 -19 വര്‍ഷത്തില്‍ റവന്യൂ വരുമാനത്തിന്റെ 78 ശതമാനമായിരുന്നു ചെലവ്. 2021-22-ല്‍ ഇത് 82.40 ശതമാനം ആയി ഉയര്‍ന്നു. സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് കേന്ദ്രം കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ധനകമ്മിയിലും വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 2017 - 18 സാമ്പത്തിക വര്‍ഷം ധനകമ്മി 2.41 ശതമാനം ആയിരുന്നു. ഇത് 2021 - 22 സാമ്പത്തിക വര്‍ഷത്തില്‍ 3.17 ശതമാനമായി ഉയര്‍ന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in