സ്വവർഗ വിവാഹം: പങ്കാളികളുടെ സാമൂഹിക ആവശ്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

സ്വവർഗ വിവാഹം: പങ്കാളികളുടെ സാമൂഹിക ആവശ്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്

സ്വവർഗ ദമ്പതികളുടെ ആശങ്കകൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തയ്യാറാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്രം സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യം സമിതി പരിശോധിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

സ്വവർഗ വിവാഹം: പങ്കാളികളുടെ സാമൂഹിക ആവശ്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
സ്വവർഗ ദമ്പതികളുടെ സുരക്ഷയും സാമൂഹിക ക്ഷേമവും എങ്ങനെ ഉറപ്പാക്കുമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

സാമൂഹ്യക്ഷേമ പദ്ധതികള്‍ അടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചാണ് സമിതി പരിശോധിക്കുക. ഹര്‍ജിക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമിതിയെ അറിയിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചിനോട് മേത്ത പറഞ്ഞു. വിഷയത്തിൽ ഒന്നിലധികം മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം ആവശ്യമാണെന്നും മേത്ത ബെഞ്ചിനോട് പറഞ്ഞു. എന്നാൽ വിഷയത്തിൽ കാര്യമായ ഭരണഘടനാ പ്രശ്‌നങ്ങൾ വിഷയത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ സർക്കാരിന്റെ 'ഭരണപരമായ മാറ്റങ്ങൾ' കൊണ്ട് പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കാനാകില്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ.അഭിഷേക് മനു സിങ്വി വാദിച്ചു.

സ്വവർഗ ദമ്പതികൾക്ക് അവരുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ എന്ത് ആനുകൂല്യങ്ങൾ നൽകാനാകും എന്നതിനെക്കുറിച്ച് നിർദേശം നൽകാൻ കഴിഞ്ഞ തവണ വാദം കേൾക്കവെ ഭരണഘടനാ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്വവർഗ ദമ്പതികൾക്ക് ബാങ്കിങ്, ഇൻഷുറൻസ്, പ്രവേശനം തുടങ്ങിയ സാമൂഹിക ആവശ്യങ്ങൾ ഉണ്ടെന്നും ഇത് കേന്ദ്രം പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, മറ്റ് അവകാശങ്ങളെക്കുറിച്ച് പഠിക്കാന്‍ വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചത്. സർക്കാരിന് ഇക്കാര്യത്തിൽ എതിർപ്പില്ലെന്നും നിയമപരമായ അംഗീകാരം നൽകാതെ സ്വവർഗ ദമ്പതികൾ നേരിടുന്ന ചില പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് പരിഗണിക്കാമെന്നും സർക്കാർ പറഞ്ഞു.

സ്വവർഗ വിവാഹം: പങ്കാളികളുടെ സാമൂഹിക ആവശ്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
സ്വവർഗ വിവാഹം: പാർലമെന്റിന് വിടണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

കേന്ദ്രം നിർദ്ദേശിച്ച ഇളവുകൾ പരിഗണിക്കാതെ തന്നെ സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹർജിക്കാർക്ക് ഉറപ്പ് നൽകി. വിഷയത്തിൽ, അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ, ഹാജരായ അഭിഭാഷകർ എന്നിവർക്ക് ഇത് സംബന്ധിച്ച് വാരാന്ത്യത്തിൽ ചർച്ച നടത്താമെന്നും അദ്ദേഹം നിർദേശിച്ചു. കൂടാതെ, നിലവിൽ രൂപീകരിക്കുന്ന സമിതിയോടെ കാര്യങ്ങൾ അവസാനിക്കുന്നില്ലെന്നും ഇപ്പോഴുണ്ടായ മുന്നേറ്റത്തിൽ നിന്നും എന്തെങ്കിലും ലഭിക്കുകയാണെങ്കിൽ, അത് വലിയ കാര്യമായിരിക്കുമെന്നും ജസ്റ്റിസ് ഭട്ട് പറഞ്ഞു. അംഗീകാരം എന്നത് വിവാഹം മാത്രമല്ലെന്നും ചില ആനുകൂല്യങ്ങൾക്കുളള അർഹതയും അം​ഗീകാരമായി കാണാമെന്നും ജസ്റ്റിസ് പി എസ് നരസിംഹ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in