വിജയം 'കൊയ്‌തെടുക്കാന്‍' കോണ്‍ഗ്രസും ബിജെപിയും; ഫിനിഷിങ്ങില്‍ ഛത്തിസ്‌ഗഢില്‍ നെല്‍കര്‍ഷകരെ ലക്ഷ്യമിട്ട് പാര്‍ട്ടികള്‍

വിജയം 'കൊയ്‌തെടുക്കാന്‍' കോണ്‍ഗ്രസും ബിജെപിയും; ഫിനിഷിങ്ങില്‍ ഛത്തിസ്‌ഗഢില്‍ നെല്‍കര്‍ഷകരെ ലക്ഷ്യമിട്ട് പാര്‍ട്ടികള്‍

മഹാദേവ് ബെറ്റിങ് ആപ്പ് വിവാദം, സൗജന്യ റേഷൻ, നെൽകർഷകർക്ക് താങ്ങുവില... ഛത്തീസ്ഗഢിൽ വിജയം നിർണയിക്കുന്നത് എന്തായിരിക്കും?
Published on

ഛത്തിസ്‌ഗഢ് പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ ബി ജെ പിയും കോൺഗ്രസും ഒരുപോലെ പിരിമുറുക്കത്തിലാണ്. നെൽക്കർഷകരാണ് കോൺഗ്രസിന്റെ ലക്ഷ്യം. നെല്ലിന് താങ്ങുവില പ്രഖ്യാപിക്കുകയും അത് കഴിഞ്ഞ അഞ്ചു വർഷവും കൃത്യമായി നൽകിയതുമാണ് കോൺഗ്രസ് ഉയർത്തിക്കാട്ടുന്ന നേട്ടം. വാക്കുപാലിച്ചുവെന്ന് മാത്രമല്ല താങ്ങുവില വീണ്ടും ഉയർത്തി 2640 ആകുമെന്ന വാഗ്ദാനവും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നു. ധാന്യത്തിൽ തന്നെയാണ് ബി ജെ പിയും കൈവയ്ക്കുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടിനൽകുമെന്ന് കഴിഞ്ഞ ദിവസമാണ് നരേന്ദ്രമോദി തിരഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിന്റെ ലക്ഷ്യം ഛത്തിസ്‌ഗഢ് തന്നെയാണ്. ആ വാഗ്ദാനത്തിൽ വീഴുമോ ജനം എന്നാണ് കാണേണ്ടത്.

വിജയം 'കൊയ്‌തെടുക്കാന്‍' കോണ്‍ഗ്രസും ബിജെപിയും; ഫിനിഷിങ്ങില്‍ ഛത്തിസ്‌ഗഢില്‍ നെല്‍കര്‍ഷകരെ ലക്ഷ്യമിട്ട് പാര്‍ട്ടികള്‍
ഛത്തീസ്ഗഢ്: നെൽപ്പാടങ്ങളിൽ കണ്ണുനട്ട് കോൺഗ്രസ്

ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലേറുന്നതിനു മുമ്പ് 2013 ലെ തിരഞ്ഞെടുപ്പിൽ നെല്ലിന് 300 രൂപ അധികതാങ്ങുവില പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന സർക്കാരാണ് രമൺ സിങ് നേതൃത്വം നൽകിയ ബി ജെ പി സർക്കാർ. ബി ജെ പിക്ക് പിന്നീട് നൽകിയ വാക്ക് പാലിക്കാൻ സാധിച്ചില്ല. സർക്കാരിന്റെ ആദ്യകാലത്ത് വാഗ്ദാനം ചെയ്ത താങ്ങുവില നൽകിയെങ്കിലും പിന്നീട് മുടങ്ങുകയും നിന്നുപോവുകയും ചെയ്തു. അവിടെയാണ് 600 രൂപ അധിക താങ്ങുവില പ്രഖ്യാപിച്ച് കോൺഗ്രസ് അധികാരത്തിൽ വരുന്നത്. ആ വാക്ക് കോൺഗ്രസ് കൃത്യമായി പാലിച്ചു. മാത്രമല്ല താങ്ങുവില വീണ്ടും വർധിപ്പിക്കുമെന്ന വാഗ്ദാനവും നൽകുന്നു.

നെൽക്കർഷകരോടൊപ്പം നിന്നവർ ജയിച്ചുകയറുമെന്നാണ് പൊതുവിൽ ഛത്തീസ്‌ഗഢിൽ പറയപ്പെടുന്നത് എന്നതുകൊണ്ട് തന്നെ കോൺഗ്രസിന് വലിയ പ്രതീക്ഷയുണ്ട്. എന്നാൽ 80 കോടിയോളം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടിനൽകുമെന്ന പ്രഖ്യാപനം ചെറിയ സ്വാധീനമൊന്നുമല്ല ഉണ്ടാക്കാൻ പോകുന്നത്. ആ പ്രഖ്യാപനം വടക്കേ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളെയും കാര്യമായി ബാധിക്കും എന്നതുകൊണ്ട് തന്നെ മോദിയും ബി ജെ പിയും ഈ പ്രഖ്യാപനത്തിൽ ഒരുപാട് പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്.

ബിജെപിക്കു വേണ്ടി കളത്തിൽ ഇ ഡിയോ?

ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് മാത്രമല്ല വിവാദങ്ങളിലും പോർവിളിയിലും കോൺഗ്രസും ബി ജെ പി യും ഛത്തീസ്‌ഗഢിൽ ഒപ്പത്തിനൊപ്പമാണ്. ഓൺലൈൻ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തുന്നതോടെയാണ് തിരഞ്ഞെടുപ്പുകളത്തിൽ വെല്ലുവിളികളും പരിഹാസവും കൊഴുക്കുന്നത്. നിരോധിക്കപ്പെട്ട മഹാദേവ് ബെറ്റിങ് ആപ്പിന്റെ സ്ഥാപകരുമായി ഭൂപേഷ് ബാഗേലിന് ബന്ധമുണ്ടെന്നും അവരിൽനിന്ന് 508 കോടിരൂപ ബാഗേൽ കൈപ്പറ്റിയെന്നുമുള്ള ആരോപണമാണ് ഉയർന്നുവന്നത്. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ളവർ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സംഗതി ഇ ഡി ഏറ്റെടുത്തതോടെയാണ് കാര്യങ്ങൾ കൂടുതൽ ഗുരുതരമാകുന്നത്.

വിജയം 'കൊയ്‌തെടുക്കാന്‍' കോണ്‍ഗ്രസും ബിജെപിയും; ഫിനിഷിങ്ങില്‍ ഛത്തിസ്‌ഗഢില്‍ നെല്‍കര്‍ഷകരെ ലക്ഷ്യമിട്ട് പാര്‍ട്ടികള്‍
തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വം; ഛത്തിസ്‌ഗഡില്‍ ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന ഭൂപേഷ് ബാഗേല്‍ മോഡൽ

എന്നാൽ ബി ജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചാണ് മത്സരിക്കുന്നതെന്നാണ് ഭൂപേഷ് ബാഗേലിന്റെ വിമർശനം. തങ്ങളുടെ സർക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാനും ജനങ്ങൾക്ക് മുന്നിൽ മോശമാക്കി കാണിക്കാനും വേണ്ടി ബി ജെ പി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ശ്രമങ്ങൾ എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തടയാത്തതെ ന്നാണ് ഭൂപേഷ് ബാഗേൽ ചോദിക്കുന്നത്. തനിക്ക് ബാഗേലുമായി ബന്ധമുണ്ടെന്ന് പറയുന്ന ഷുബ്‌നം സോണിയുടെ വീഡിയോ പ്രചരിച്ചതോടെയാണ് വിവാദം കനക്കുന്നത്.

ചണ്ടമെട്ടയും ഛത്തിസ്‌ഗഢിലാണ്

ഛത്തിസ്‌ഗഢിലെ അതിർത്തിഗ്രാമങ്ങളിൽ വെളിച്ചവും വെള്ളവുമെത്തുന്നത് ഈ അടുത്ത കാലത്താണ്. ഈ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ അധികം ചർച്ചചെയ്യപ്പെടാതെപോയ ആ ഗ്രാമങ്ങൾ ആർക്കൊപ്പം നിൽക്കുന്നുവെന്നത് കാലങ്ങളായി അവർ കരുതിവച്ച മറുപടി കൂടിയായിരിക്കും. നക്സൽ ബാധിത പ്രദേശമായി കാലങ്ങളായി കണക്കാക്കിയിരുന്ന ചണ്ടമെട്ടയിൽ ഇത്തവണ പ്രദേശവാസികൾ സ്വന്തം ഗ്രാമത്തിൽ തന്നെ വോട്ട് രേഖപ്പെടുത്തും.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും ഈ ഗ്രാമത്തിൽ വൈദ്യുതി ഇല്ലായിരുന്നുവെന്നതാണ് വാസ്തവം. ജീവിതത്തിലാദ്യമായി കറന്റും ടാർ ചെയ്ത റോഡുകളും മൊബൈൽ ഫോൺ സേവനങ്ങളും ലഭ്യമാക്കുകയാണ് ചണ്ടമെട്ടയിൽ. ആദ്യമായി സ്വന്തം ഗ്രാമത്തിൽ വോട്ട് ചെയ്യാം എന്നതിനപ്പുറം ഈ സൗകര്യങ്ങൾ ലഭിച്ചത് ആഘോഷിക്കുകയാണ് ഗ്രാമത്തിലെ ജനങ്ങൾ.

പർവതങ്ങളുടെ താഴ്വാരത്ത് ഒഡിഷയോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമാണ് ചണ്ടമെട്ട. മാവോയിസ്റ്റ് ബാധിത പ്രദേശമായി കണക്കാക്കുന്ന ബസ്തർ മേഖലയിലെ 120 ഗ്രാമങ്ങളിലൊന്നാണ് ചണ്ടമെട്ട. സാധാരണ ചണ്ടമെട്ടയിലെ ജനങ്ങൾ ആറ് കിലോമീറ്ററോളം നടന്ന് ചിന്ദ്ഗുറിലുള്ള പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തണമായിരുന്നു. 337 പേരാണ് ചൊവ്വാഴ്ച ഗ്രാമത്തിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തുക.

ചണ്ടമെട്ടയിൽനിന്ന് മലമുകളിലേക്ക് പോകുന്ന റോഡ് ടാർ ചെയ്തത് ആറ് മാസം മുമ്പാണ്. ഒരാൾക്ക് നടന്നുപോകാൻ പോലും സാധിക്കാത്ത കല്ലും ചെളിയും നിറഞ്ഞ റോഡായിരുന്നു മുൻപ്. കഴിഞ്ഞ മാസമാണ് ഗ്രാമത്തിൽ വൈദ്യുതിയെത്തിയത്. മൊബൈൽ ടവറുകൾ സ്ഥാപിക്കപ്പെട്ടു. പ്രദേശവാസികൾ പലസ്ഥലങ്ങളിലും റേഞ്ച് നോക്കി നടന്ന് ഫോൺ കോളുകൾ ചെയ്തു. ഒരു വാട്ടർ ടാങ്കും നാല് പൈപ്പുകളും സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ ആ പൈപ്പുകളിൽനിന്നാണ് ഗ്രാമത്തിലുള്ളവർ വെള്ളം ശേഖരിക്കുന്നത്. ഒറ്റയടിക്ക് ജീവിതം തന്നെ മാറിയ ചണ്ടമെട്ടയിലെ ജനങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്നത് ഒരു പ്രധാനചോദ്യമാണ്. നക്സൽ ബന്ധിതമായി വിലയിരുത്തപ്പെടുന്ന 20 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് പോകുന്നത്.

വിജയം 'കൊയ്‌തെടുക്കാന്‍' കോണ്‍ഗ്രസും ബിജെപിയും; ഫിനിഷിങ്ങില്‍ ഛത്തിസ്‌ഗഢില്‍ നെല്‍കര്‍ഷകരെ ലക്ഷ്യമിട്ട് പാര്‍ട്ടികള്‍
മഹാദേവ് ബെറ്റിങ് ആപ്പില്‍ നിന്ന് 508 കോടി രൂപ കൈപ്പറ്റിയെന്ന് ഇഡി; ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ കുരുക്കില്‍

തിരിച്ചുവരാനാകുമോ ബി ജെ പിക്ക്?

പതിനഞ്ച് വർഷം തുടർച്ചയായി ഭരണത്തിലിരുന്നശേഷമാണ് 2018ൽ ബി ജെ പി കോൺഗ്രസിനോട് തോൽക്കുന്നത്. ഈ കാലമത്രയും ബി ജെ പി-യുഡിഎ മുഖ്യമന്ത്രി രമൺ സിങ്ങുമായിരുന്നു. ഒടുവിൽ ഒരു നിർണായക സന്ധിയിൽ ബി ജെ പിക്ക് കോൺഗ്രസിനെതിരെ രമൺ സിങ്ങില്ലാതെ മറ്റൊരു മുഖത്തെ ഉയർത്തിക്കാണിക്കാൻ സാധിക്കുന്നില്ലെന്നതാണ് പ്രശ്നം. പതിനഞ്ച് വർഷം ഭരിച്ച ഒരു സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരത്തിൽ വിജയിച്ച കോൺഗ്രസിനെ പരാജയപ്പെടുത്താൻ അതേ നേതാവിനെ തിരിച്ചുകൊണ്ടു വരുന്നതിലൂടെ സാധിക്കുമോയെന്നതാണ് പ്രധാന ചോദ്യം.

നെൽക്കർഷകർക്കുവേണ്ടി പദ്ധതി പ്രഖ്യാപിക്കുന്ന കോൺഗ്രസ് സാധാരണക്കാരായ കർഷക തൊഴിലാളികൾക്കൊപ്പമല്ല, മറിച്ച് സമ്പന്നരായ ജന്മികൾക്കൊപ്പമാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. നെല്ലിന്റെ താങ്ങുവില വർധിപ്പിക്കുന്നതിലൂടെ സാധാരണക്കാരായ ദിവസവേതനത്തിനു തൊഴിലെടുക്കുന്നവരെ ഒരു തരത്തിലും സഹായിക്കില്ലെന്നിരിക്കെ സാധാരണക്കാരായ തൊഴിലാളികളുടെ പിന്തുണ തങ്ങൾക്ക് കിട്ടുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. ഹിന്ദി ഹൃദയഭൂമിയിൽനിന്ന് ആദ്യം പോളിംഗ് ബൂത്തിലെത്തുന്ന സംസ്ഥാനമാണ് ഛത്തിസ്‌ഗഢ്. ബാക്കിയുള്ള രണ്ട് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെയും ചിത്രം ഇവിടെ തെളിയുമോയെന്നാണ് അറിയേണ്ടത്.

logo
The Fourth
www.thefourthnews.in