'അവരെ ഒഴിവാക്കാനാവില്ല'; ഹിജാബ് നിരോധനം, കശ്മീര്‍ ഹർജികളിൽ കാലതാമസം  എന്തുകൊണ്ടെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്

'അവരെ ഒഴിവാക്കാനാവില്ല'; ഹിജാബ് നിരോധനം, കശ്മീര്‍ ഹർജികളിൽ കാലതാമസം എന്തുകൊണ്ടെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്

പ്രമാദമായ കേസുകള്‍ക്ക് വേണ്ടി സാധാരണക്കാരുടെ അപ്പീലുകള്‍ മാറ്റിവയ്ക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്

ഹിജാബ് നിരോധനവും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ഉൾപ്പെടെയുള്ള പ്രാധാന്യമുള്ള വിഷയങ്ങളില്‍ കാലതാമസം വരുന്നതില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. ഇത്തരം കേസുകള്‍ക്കുവേണ്ടി സാധാരണക്കാരുടെ അപ്പീലുകള്‍ മാറ്റിവയ്ക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കാലാതാമസം പരിഹരിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുന്നതിനിടയിലും വ്യക്തികളുടെ ജാമ്യാപേക്ഷയും അപ്പീലുകളും കോടതിക്ക് പരിഗണിക്കേണ്ടിവരുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അവരെ ഒഴിവാക്കാനാവില്ല'; ഹിജാബ് നിരോധനം, കശ്മീര്‍ ഹർജികളിൽ കാലതാമസം  എന്തുകൊണ്ടെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്
സൗന്ദര്യവര്‍ധക കോഴ്‌സ് പാതിവഴിയില്‍ അവസാനിപ്പിച്ച പരിശീലന സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

''വിമര്‍ശനങ്ങളെ കുറിച്ച് ഞാന്‍ ബോധവാനാണ്. എന്നാല്‍, ഒരുവശത്ത് രാജ്യത്തിന്റെ പ്രമാദമായ കേസുകള്‍ കേള്‍ക്കുമ്പോഴും ന്യായാധിപന്‍മാര്‍ എന്ന നിലയില്‍ നീതി തേടിയെത്തുന്ന പൗരന്‍മാരുടെ പരാതികള്‍ കൈകാര്യം ചെയ്യാനും ഞങ്ങള്‍ ബാധ്യസ്ഥരാണ്,'' ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വലിയ കേസുകള്‍ കേള്‍ക്കാനായി പലപ്പോഴും ഭരണഘടന ബെഞ്ച് സ്ഥാപിക്കേണ്ടിവരും. അപ്പോള്‍ ദൈനംദിന വാദങ്ങളെ ബാധിക്കും. ഏഴംഗ ബെഞ്ച് സ്ഥാപിക്കേണ്ടി വരുമ്പോള്‍ 34 ജഡ്ജിമാരില്‍നിന്ന് ഏഴു പേർ കുറയുന്ന സ്ഥിതിവരുന്നു.

പൗരന്മാരുടെ കേസുകളും തുല്യ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതുണ്ട്. ചിലര്‍ വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെട്ടതിനെതിരായി പരാതിയുമായി വന്നവരാകും, ചിലര്‍ ജാമ്യം തേടുന്നവരാകും, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചിലര്‍ അപ്പീലുമായി വരും, കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുണ്ടാകും, നാര്‍ക്കോട്ടിക് കേസില്‍ 14 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുണ്ടാകും. മറ്റു വലിയ കേസുകള്‍ പരിഗണിക്കുന്നതിനൊപ്പം ഇവയും പരിഗണിക്കുന്നത് സമയത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കാലലാമസം വരുന്നെന്ന വിമര്‍ശനം മുഖവിലയ്‌ക്കെടുത്ത് വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന തരത്തില്‍ ഒരു റോളിങ് ഭരണഘടനാ ബെഞ്ച് സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്താകമാനമുള്ള സുപ്രീംകോടതികള്‍ സാധാരണ നിലയില്‍ ഒരു വര്‍ഷം കൈകാര്യം ചെയ്യുന്നത് 180-200 കേസുകളാണ്. അതേസമയം, ഇന്ത്യയില്‍ ഒരുവര്‍ഷം ഫയല്‍ ചെയ്യുന്നത് 50,000ന് മുകളില്‍ കേസുകളാണ്. ഇതും ഭരണഘടനാ ബെഞ്ചുകള്‍ സ്ഥാപിക്കുന്നതിന് വെല്ലുവിളിയാണ്.

രണ്ട് ഭരണഘടന ബെഞ്ചുകള്‍ രൂപീകരിക്കപ്പെടുമ്പോൾ, പത്തു ജഡ്ജിമാരെ അതിനായി നീക്കിവയ്‌ക്കേണ്ടി വരുന്നു. ബാക്കിയുള്ളത് 24 ജഡ്ജിമാര്‍ മാത്രമാണ്. 50,000 കേസുകള്‍ കേള്‍ക്കാന്‍ പിന്നീടുള്ളത് എട്ട് ബെഞ്ചുകള്‍ മാത്രം. അപ്പീല്‍ കോടതിയെന്ന നിലയിലും സുപ്രീംകോടതി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

'അവരെ ഒഴിവാക്കാനാവില്ല'; ഹിജാബ് നിരോധനം, കശ്മീര്‍ ഹർജികളിൽ കാലതാമസം  എന്തുകൊണ്ടെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്
വ്യക്തിഗത പ്രശ്‌നങ്ങളുടെ പേരിലുള്ള കേസുകളില്‍ കാപ്പ ചുമത്തുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ സുപ്രീംകോടതി കാലതാമസം വരുത്തുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്ക് എതിരെ 2019ലാണ് ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ 2023ലാണ് സുപ്രീംകോടതി കേസില്‍ വാദം കേട്ടത്. സെപ്റ്റംബര്‍ അഞ്ചിനാണ് കേസ് വിധി പറയാനായി മാറ്റിയത്.

കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ 2022ലാണ് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയത്. ഈ കേസില്‍ വാദം കേള്‍ക്കാനും കാലതാമസമുണ്ടായതായി വിമര്‍ശമുയർന്നിരുന്നു.

logo
The Fourth
www.thefourthnews.in