'ഏത് ഡാറ്റ ബേസിൽനിന്നാണ് നേരത്തെ വിവരങ്ങൾ മോഷ്ടിച്ചത്?'കേന്ദ്രത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്

'ഏത് ഡാറ്റ ബേസിൽനിന്നാണ് നേരത്തെ വിവരങ്ങൾ മോഷ്ടിച്ചത്?'കേന്ദ്രത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്

ഐടി സഹമന്ത്രിയുടെ വാദത്തിനെതിരെ ചോദ്യങ്ങളുയര്‍ത്തി ജയറാം രമേശും കെ സി വേണുഗോപാലും രംഗത്ത്

കോവിഡ് വാക്സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ കോവിന്‍ പോർട്ടലിൽ സുരക്ഷിതമെന്ന കേന്ദ്രത്തിന്റെ അവകാശവാദം ചോദ്യം ചെയ്ത് പ്രതിപക്ഷം. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നും കോവിൻ പോർട്ടലിൽനിന്ന് നേരിട്ട് വിവരങ്ങൾ ചോർന്നിട്ടില്ലെന്നുമുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വാദം ചോദ്യം ചെയ്ത് കോൺഗ്രസ് നേതാക്കളായ ജയറാം രമേശും കെ സി വേണുഗോപാലും രംഗത്തെത്തി. വ്യക്തിഗത വിവരങ്ങൾ ചോർന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രശ്നമാണെന്നും ഇതിന് കേന്ദ്രം കൃത്യമായ വിശദീകരണം നൽകണമെന്നും ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.

കേന്ദ്രത്തോട് മൂന്ന് ചോദ്യങ്ങളാണ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്. "മുൻപ് മോഷ്ടിക്കപ്പെട്ട ഡാറ്റ" എന്നതുകൊണ്ട് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്താണ് അർത്ഥമാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരത്തിൽ ഏത് ഡാറ്റാബേസിൽനിന്നാണ് വിവരങ്ങൾ മോഷ്ടിച്ചത്, ഇതിനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

കോവിൻ ഡാറ്റാബേസ് "നേരിട്ട് ലംഘിക്കപ്പെട്ടിട്ടില്ലെങ്കിൽ" അത് പരോക്ഷ ലംഘനമാണെന്ന് മന്ത്രി അംഗീകരിക്കുന്നുണ്ടോ? കേന്ദ്ര സർക്കാരിനെ വിശ്വസിച്ച കോടിക്കണക്കിന് ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കാൻ മോദി സർക്കാർ എന്ത് അടിയന്തര നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഡാറ്റ ചോർച്ച സംബന്ധിച്ച വാർത്തകൾ തെറ്റാണെന്നും കോവിൻ പോർട്ടൽ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ വാദം

ഡാറ്റ ചോർച്ച സംബന്ധിച്ച വാർത്തകൾ തെറ്റാണെന്നും കോവിൻ പോർട്ടൽ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ വാദം. എന്നാൽ, നേരത്തെ ഡാറ്റകൾ ചോര്‍ന്നിരുന്നുവെന്ന് സ്ഥിരീകരിക്കുന്നത് കൂടിയാണ് മന്ത്രിയുടെ പ്രതികരണം. ഇത് ചോദ്യം ചെയ്ത് കെ സി വേണുഗോപാലും ട്വീറ്റ് ചെയ്തു.

''ഒരു ടെലഗ്രാം ബോട്ടിന് മൊബൈൽ നമ്പറുകൾ ഇൻപുട്ട് ചെയ്തുകൊണ്ട് കോവിൻ വിശദാംശങ്ങൾ നിഷ്പ്രയാസം നല്കാൻ സാധിക്കുമെങ്കിൽ, ഒരു ഓട്ടോമേറ്റഡ് സോഫ്റ്റ്‌വെയറിന്‌ എല്ലാ കോവിൻ ഡാറ്റയും ശേഖരിക്കാൻ കൂടുതൽ സമയമെടുക്കില്ല. ഇത് കോവിൻ പോർട്ടലിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിട്ടില്ലെന്നതിന്റെ തെളിവാണ്. മുൻപ് വ്യക്തിഗത വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന് സമ്മതിക്കുന്നതാണ് കേന്ദ്രത്തിന്റെ പ്രതികരണം,'' കെ സി വേണുഗോപാൽ പറഞ്ഞു.

വാക്‌സിനേഷൻ വിവരങ്ങൾ ടെലഗ്രാം ബോട്ട് വഴി ചോരുന്നുവെന്ന വാർത്ത 'ദ ഫോർത്ത്' ഞായറാഴ്ച പുറത്തുവിട്ടതിന് പിന്നാലെയാണ് ദേശീയ തലത്തിൽ സംഭവം ചർച്ചയായത്

വാക്സിനേഷൻ പ്രക്രിയ ആരംഭിച്ച് ഏകദേശം ആറ് മാസത്തോളം, അതായത് 2021 ജൂൺ വരെ കോവിൻ ആപ്ലിക്കേഷന് സ്വകാര്യതാ നയം ഉണ്ടായിരുന്നില്ലെന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യത മൗലികാവകാശമായി 2017 ല്‍ സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നതായും ഡാറ്റ സംരക്ഷണ നിയമം തയ്യാറാക്കുന്നുണ്ടെന്ന് സർക്കാരും ഉറപ്പ് നൽകിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ കൂടിയാലോചനകൾ നടത്തിയെങ്കിലും കരട് നിയമനിർമാണങ്ങളിലെ അപാകതകൾ പരിഹരിക്കുന്നതിനുപകരം, അവസാന നീക്കത്തിൽ ബിൽ പൂർണമായും പുതുക്കാനാണ് സർക്കാർ തീരുമാനിച്ചത്. കോവിൻ പോർട്ടൽ വഴിയും ആരോഗ്യസേതു വഴിയും ആരോഗ്യ ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സ്വീകരിച്ച ഒരു നടപടിയും ശരിയായിരുന്നില്ല. ഇതിനെതിരെ നിഷ്പക്ഷമായ ഉന്നതതല ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.

'ഏത് ഡാറ്റ ബേസിൽനിന്നാണ് നേരത്തെ വിവരങ്ങൾ മോഷ്ടിച്ചത്?'കേന്ദ്രത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്
കോവിൻ പോർട്ടൽ വിവരങ്ങൾ ചോർന്നിട്ടില്ല; ടെലഗ്രാമിലെത്തിയത് മുൻപ് മോഷ്ടിക്കപ്പെട്ടവ: മന്ത്രി രാജീവ് ചന്ദ്രശേഖർ

വാക്‌സിനേഷൻ വിവരങ്ങൾ ടെലഗ്രാം ബോട്ട് വഴി ചോരുന്നുവെന്ന വാർത്ത 'ദ ഫോർത്ത്' ഞായറാഴ്ച പുറത്തുവിട്ടതിന് പിന്നാലെയാണ് ദേശീയ തലത്തിൽ സംഭവം ചർച്ചയായത്. 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വിവരങ്ങളടക്കമാണ് ചോർന്നിരിക്കുന്നത്. രാജ്യത്തെ 100 കോടിയിലധികം വരുന്ന ജനങ്ങളുടെ സ്വകാര്യതയെ സംബന്ധിക്കുന്ന ഗുരുതര വിഷയത്തിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമാണ്. ഇതിന് പുറകിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in