രാജീവ് മുതല്‍ രാഹുല്‍ വരെ; അയോധ്യയില്‍ നിലപാടുകള്‍ മാറ്റിക്കളിക്കുന്ന കോണ്‍ഗ്രസ്‌

രാജീവ് മുതല്‍ രാഹുല്‍ വരെ; അയോധ്യയില്‍ നിലപാടുകള്‍ മാറ്റിക്കളിക്കുന്ന കോണ്‍ഗ്രസ്‌

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് എപ്പോഴും വിവാദത്തിലാകുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്

അയോധ്യ വിഷയത്തില്‍ ഒരിക്കല്‍ക്കൂടി രാഷ്ട്രീയ ചൂതാട്ടം നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ജനുവരി 22-ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതായിരുന്നു കഴിഞ്ഞ ദിവസം വരെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. എന്നാല്‍ കഴിഞ്ഞ ദിവസം അളന്നുകുറിച്ച പരാമര്‍ശങ്ങളിലൂടെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്ന നിരവധി അഭിപ്രായവ്യത്യാസങ്ങള്‍ക്കൊടുവിലാണ്‌ തീരുമാനം കൈക്കൊണ്ടതെന്നും ശ്രദ്ധേയമാണ്. രാമജന്മഭൂമി തര്‍ക്കത്തില്‍ കോണ്‍ഗ്രസിന്റെ ഇന്നത്തെ നിലപാട് പുറത്തുവരുന്ന സമയത്ത് ബാബരി മസ്ജിദ് പൊളിക്കുന്നതിന് മുമ്പും പൊളിക്കുമ്പോഴും ശേഷവും കോണ്‍ഗ്രസെടുത്ത നിലപാടുകളെ പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയെയും ഇഴകീറി പരിശോധിക്കണം.

ബാബരി മസ്ജിദും കോണ്‍ഗ്രസ് നിലപാടും

രാമജന്മഭൂമി തര്‍ക്കത്തില്‍ എന്നും വൈരുദ്ധ്യമുള്ള നിലപാടുകളാണ് കോണ്‍ഗ്രസ് സ്വീകരിച്ചുപോന്നത്. 1986-ല്‍ ബാബരി മസ്ജിദിന്റെ പൂട്ടുകള്‍ തുറക്കുമ്പോള്‍ രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. അന്ന് അതിനേക്കുറിച്ച് രാജീവിന് അറിവുണ്ടായിരുന്നില്ലെന്ന് പിന്നീട് അനുയായികള്‍ വാദിച്ചിരുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം രാമക്ഷേത്രം തിരഞ്ഞെടുപ്പ് ആയുധമാക്കിയ ബിജെപിയെ നേരിടാന്‍ രാജീവ് തന്നെയാണ് തര്‍ക്കഭൂമിയില്‍ ശിലാന്യാസം നടത്താന്‍ വിശ്വ ഹിന്ദു പരിഷത്തിന് അനുമതി നല്‍കിയതും.

1991-ല്‍ ബിജെപിയെ 'ഭയന്ന്' തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് തിരഞ്ഞെടുപ്പ് പത്രികപോലും കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കാതെ ക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു വാഗ്ദാനം. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസിന്റെ ഭരണത്തിനുകീഴില്‍ പള്ളി തകര്‍ക്കപ്പെടുകയും ചെയ്തുവെന്നത് ചരിത്രം. അന്ന് കേന്ദ്രം ഭരിച്ച പ്രധാനമന്ത്രി പിവി നരസിംഹറാവു പിറ്റേവര്‍ഷം തന്നെ ബാബരി മസ്ജിദ് നിര്‍മിക്കുമെന്നു വാഗ്ദാനം നല്‍കി.

പിന്നീട് 2019-ല്‍ അയോധ്യ തര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതി ഹിന്ദു പക്ഷത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചപ്പോള്‍ കോണ്‍ഗ്രസ് നിലപാട് വീണ്ടും മാറി. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ ബിജെപി രണ്ടാം തവണയും അധികാരത്തിലേറുകയും തങ്ങള്‍ രാഷ്ട്രീയ നിലനില്‍പിനായി പൊരുതുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു കോണ്‍ഗ്രസ് ചെയ്തത്. ക്ഷേത്രപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ടു കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും ബാബരി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല.

രാജീവ് മുതല്‍ രാഹുല്‍ വരെ; അയോധ്യയില്‍ നിലപാടുകള്‍ മാറ്റിക്കളിക്കുന്ന കോണ്‍ഗ്രസ്‌
അയോധ്യയില്‍ 'അളന്നുമുറിച്ച്' കോണ്‍ഗ്രസ്; ആദ്യം പറഞ്ഞ സിപിഎം, കാത്തിരുന്ന ആര്‍ജെഡി, 'ഇന്ത്യ'യില്‍ ഒറ്റനിലപാടുണ്ടാകുമോ?

ബിജെപി-ആർഎസ്എസ് അജണ്ട

പ്രതിഷ്ഠാച്ചടങ്ങുമായി ബന്ധപ്പെട്ട് ചരിത്രപരവും രാഷ്ട്രീയപരവുമായ ജാഗ്രത കോണ്‍ഗ്രസിന് പുലര്‍ത്തേണ്ടതുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ ബോധപൂര്‍വും അല്ലാതെയും ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോണ്‍ഗ്രസ് അഭിപ്രായം പറയുന്നുണ്ടെങ്കിലും രാമക്ഷേത്രനിര്‍മാണം എല്ലായ്‌പ്പോഴും ഒരു സംഘപരിവാര്‍ അജണ്ട തന്നെയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ അജണ്ടയാണ് രാമക്ഷേത്രമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കുന്നുണ്ട്.

ജനുവരി 22-ന് രാമക്ഷേത്ര ശ്രീകോവിലില്‍ അഞ്ചുപേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. പൂജാരിയെ കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവരാണ് മറ്റുള്ളവര്‍. ഭരണകൂടം വിഭാവനം ചെയ്യുന്ന പരിപാടി തന്നെയാണിതെന്ന സൂചനകളാണിവ. ക്ഷണങ്ങളും ആഘോഷങ്ങളും നിയന്ത്രിക്കുന്നത് വിഎച്ച്പിയും ആര്‍എസ്എസും ആണെന്നുള്ളതുകൊണ്ടുതന്നെ ഈ ആരോപണം പ്രത്യക്ഷത്തില്‍ ശരിയുമാണ്. ഇത് ആയുധമാക്കിയാണ് കോണ്‍ഗ്രസിന്റെ നീക്കം.

ക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ, ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിനുപേരുടെ വികാരത്തെ ബഹുമാനിക്കുന്നുവെന്നും കോണ്‍ഗ്രസ് പറയുന്നുണ്ട്. അതായത്, തങ്ങള്‍ രാമക്ഷേത്രത്തിന് എതിരല്ല, അതിനെ ബിജെപി രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നു.

പൂർത്തിയാകാത്ത ക്ഷേത്രം

രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നുള്ള പരാമര്‍ശവും കോണ്‍ഗ്രസിന്റെ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണിതെന്നും അപൂര്‍ണമായ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്താന്‍ വേദങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. നിരവധി പൂജാരിമാരും ഇക്കാരണങ്ങള്‍ കൊണ്ട് പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നുമുണ്ട്.

രാജീവ് മുതല്‍ രാഹുല്‍ വരെ; അയോധ്യയില്‍ നിലപാടുകള്‍ മാറ്റിക്കളിക്കുന്ന കോണ്‍ഗ്രസ്‌
'തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ആർഎസ്എസ്-ബിജെപി പരിപാടി'; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല

കോണ്‍ഗ്രസിൻ്റെ മൃദുഹിന്ദുത്വ നിലപാട്

ബിജെപിയെ നേരിടാന്‍ മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന രീതി കോണ്‍ഗ്രസ് ഇപ്പോള്‍ തുടങ്ങിയതല്ല. രാജീവ് ഗാന്ധിയുടെ കാലത്തും, 1991 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയുടെ കാര്യത്തിലും അത് വ്യക്തമാണ്. ബാബരി മസ്ജിദ് സംരക്ഷിക്കാന്‍ സാധിക്കാത്ത നരസിംഹ റാവു സര്‍ക്കാരിന്റെ കാലഘട്ടവും നമുക്ക് മുന്നിലുണ്ട്.

1991-ല്‍ നരസിംഹ റാവു അധികാരത്തിലെത്തിയപ്പോഴാണ് ആരാധനാലയങ്ങളെ സംബന്ധിച്ച സുപ്രധാന നിയമം പ്രാബല്യത്തില്‍ വരുന്നത്. 1947 ഓഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യമാകുമ്പോള്‍, ആരാധനാലയങ്ങള്‍ ഏത് അവസ്ഥിയിലായിരുന്നോ അതുപോലെ തുടരണമെന്നായിരുന്നു നിയമം. എന്നാല്‍ രാമജന്മഭൂമി-ബാബരി മസ്ജിദ് ഭൂമി ഇതില്‍ ഉള്‍പ്പെട്ടില്ല. ബാബരി പൊളിക്കപ്പെട്ടശേഷം പള്ളി പുനര്‍നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച നരസിംഹ റാവുവിനെയായിരുന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്. ഈ നിയമം കാരണം സംഘപരിവാരിന്റെ കാശി-മഥുര അജണ്ട നടപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കിലും ബാബരിയുടെ വിഷയത്തില്‍ ബിജെപി സന്തുഷ്ടരാണ്.

ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപിയുടെ 'ഹിന്ദുത്വ' നേരിട്ട് ബാധിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ''ഇത് ബിജെപി ആര്‍എസ്എസ് അജണ്ടയാണെന്നത് സത്യമാണ്. പ്രതിഷ്ഠാ ചടങ്ങില്‍ നേതൃത്വം നല്‍കാന്‍ പ്രധാനമന്ത്രിക്ക് എന്ത് അധികാരമാണുള്ളത്?. അത് ആചാര്യന്മാര്‍ക്ക് വിട്ടുനല്‍കേണ്ടതാണ്. 500 വര്‍ഷമായി രാമനെ സ്‌നേഹിക്കുന്നത് ഇന്ത്യ നിര്‍ത്തിയിട്ടില്ല. ഞങ്ങളുടേത് മതേതര രാജ്യമാണ്. പ്രധാനമന്ത്രിക്ക് മുഖ്യ ആചാര്യനാകാന്‍ സാധിക്കില്ല'', എന്നതാണ് ഒരു കോണ്‍ഗ്രസ് നേതാവിന്റെ അഭിപ്രായം.

''ക്ഷേത്ര ട്രസ്റ്റ് ഏതെങ്കിലും പാര്‍ട്ടിയല്ല രൂപീകരിച്ചത്, കേന്ദ്ര സര്‍ക്കാരാണ്. ഇതില്‍ നിന്നും മാറിനില്‍ക്കുന്നത് പൂര്‍ണമായും വിട്ടുനല്‍കുന്നതിന് കാരണമാകും. ഹിന്ദുവിരുദ്ധരായി ഞങ്ങളെ ചിത്രീകരിക്കും. രാജീവ് ഗാന്ധിയുടെ കാലത്താണ് മസ്ജിദ് തുറന്ന് ശിലാന്യാസം നടത്തിയത്'' -എന്നാണ് മറ്റൊരു നേതാവിന്റെ പ്രതികരണം. മാത്രവുമല്ല, യുപിയിലെ നൂറോളം കോണ്‍ഗ്രസ് നേതാക്കള്‍ ജനുവരി 15-ന് അയോധ്യ സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ മോദി കാര്‍മികത്വം വഹിക്കുന്നതില്‍ മാത്രമേ കോണ്‍ഗ്രസിന് പ്രശ്‌നമുള്ളൂ എന്നര്‍ഥം. അല്ലാതെ മറ്റെല്ലാ കാര്യങ്ങളിലും ക്ഷേത്രത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണ്, ചുരുങ്ങിയപക്ഷം ഹൃദയഭൂമിയിലെ നേതാക്കളെങ്കിലും.

logo
The Fourth
www.thefourthnews.in