മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശം; പരാതി നൽകാനൊരുങ്ങി കോൺഗ്രസ്, രൂക്ഷവിമർശനവുമായി നേതാക്കൾ

മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശം; പരാതി നൽകാനൊരുങ്ങി കോൺഗ്രസ്, രൂക്ഷവിമർശനവുമായി നേതാക്കൾ

പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് പ്രധാനമന്ത്രിക്കെതിരേ ഉയരുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ പരാതി നൽകാനൊരുങ്ങി കോൺഗ്രസ്. രാജ്യത്തിൻറെ സ്വത്ത് മുസ്ലിങ്ങൾക്ക് നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നടത്തിയ റാലിയിലായിരുന്നു മോദിയുടെ പരമാർശം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് പ്രധാനമന്ത്രിക്കെതിരേ ഉയരുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ തിരിച്ചടിയുണ്ടായേക്കുമെന്ന തോന്നലാണ് മോദിയുടെ വർഗീയ പരാമർശത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. മുസ്ലിം വിഭാഗത്തെ കൂടുതൽ കുട്ടികളുള്ളവരെന്നും നുഴഞ്ഞുകയറ്റക്കാരെന്നുമാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇതിനെതിരെ രംഗത്തുവന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാജ്യത്തിൻറെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും തൻ്റെ പദവിയുടെ അന്തസ് മോദിയോളം താഴ്ത്തിയിട്ടില്ലെന്ന് പറഞ്ഞിരുന്നു.

ഇന്ത്യ വഴിതെറ്റില്ലെന്നും ആദ്യഘട്ട വോട്ടെടുപ്പിലുണ്ടായ നിരാശമൂലം മോദിയുടെ നുണകളുടെ നിലവാരം കുറയുകയാണെന്നുമായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കുറ്റപ്പെടുത്തൽ. ഭയം നിമിത്തം, പ്രശ്നങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. രാജ്യം തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടിയാണ് വോട്ട് ചെയ്യുകയെന്നും രാഹുൽ എക്‌സിൽ കുറിച്ചിരുന്നു.

'മോദി ഇന്ന് മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും ധാരാളം കുട്ടികളുള്ള ആളുകളെയുമാണ് വിളിച്ചത്. 2002 മുതൽ ഇന്നുവരെ മുസ്ലീങ്ങളെ അധിക്ഷേപിച്ച്, വോട്ട് നേടുക എന്നത് മാത്രമാണ് മോദിയുടെ ഗ്യാരന്റി' പ്രധാനമന്ത്രിയുടെ പ്രസംഗത്തോട് പ്രതികരിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദ്-ഉൽ-മുസ്ലിമീൻ പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. പ്രധാനമന്ത്രി വീണ്ടും കള്ളപ്രചാരണങ്ങളുമായി രംഗത്തെത്തുകയാണെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി അബദ്ധത്തിൽ പോലും സത്യം പറയില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞത്.

മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശം; പരാതി നൽകാനൊരുങ്ങി കോൺഗ്രസ്, രൂക്ഷവിമർശനവുമായി നേതാക്കൾ
'കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങൾക്ക് നൽകും'; വിഭാഗീയ പരാമർശവുമായി നരേന്ദ്രമോദി

2006ൽ നാഷണൽ ഡെവലപ്‌മെന്റൽ കൗൺസിൽ ചർച്ചയിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്, ന്യുനപക്ഷങ്ങളെയും എസ് സി- എസ് ടി വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിൽ ഊന്നൽ നൽകണമെന്നും, വികസനത്തിന്റെ ഗുണം അവരിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും, രാജ്യത്തിൻറെ വിഭവങ്ങളിൽ അവർക്കാണ് പ്രഥമ അവകാശമെന്നും പറഞ്ഞിരുന്നു. ഇതിനെയാണ് മോദി വളച്ചൊടിച്ച് വിഭാഗീയമായി ചിത്രീകരിച്ചത്.

logo
The Fourth
www.thefourthnews.in