രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു; കേരളത്തിന് പുറമെ ഹരിയാനയിലും ഉത്തര്‍പ്രദേശിലും കര്‍ശന നിര്‍ദേശം

രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു; കേരളത്തിന് പുറമെ ഹരിയാനയിലും ഉത്തര്‍പ്രദേശിലും കര്‍ശന നിര്‍ദേശം

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്താകമാനം മോക്ഡ്രില്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ദിവസം രാജ്യത്ത് ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് ആരോഗ്യവകുപ്പ്  മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. പ്രതിദിന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായതോടെ ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാനും ആവശ്യമായ മുന്‍കരുതലെടുക്കാനും ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനയെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും ഐസിയു കിടക്കകള്‍, ഓക്‌സിജന്‍ തുടങ്ങി മററ് ക്രമീകരണങ്ങളുടെ പ്രതിവാര അവലോകനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്താകമാനം മോക്ഡ്രില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഹരിയാനയിലും പോണ്ടിച്ചേരിയിലും പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. അതേസമയം കേരളത്തില്‍ ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും ജീവിത ശൈലി രോഗങ്ങളുള്ളവര്‍ക്കുമാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. കേരളത്തില്‍ കോവിഡ് മരണങ്ങളില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തത് 60 വയസിന് മുകളില്‍ ഉള്ളവരിലും ജീവിത ശൈലി രോഗങ്ങളുള്ളവരിലുമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയതായും സ്വകാര്യ ആശുപത്രികളുടെ പ്രത്യേക യോഗം ഉടന്‍ ചേരുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു; കേരളത്തിന് പുറമെ ഹരിയാനയിലും ഉത്തര്‍പ്രദേശിലും കര്‍ശന നിര്‍ദേശം
സംസ്ഥാനത്ത് ഇന്ന് 1,801 പേർക്ക് കോവിഡ്; ഗർഭിണികൾക്കും പ്രായമായവർക്കും മാസ്ക് നിർബന്ധമെന്ന് ആരോഗ്യ വകുപ്പ്

ആശുപത്രികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മദ്യശാലകള്‍, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് പോണ്ടിച്ചേരിയില്‍ ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഹരിയാനയില്‍ ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.സംസ്ഥാനത്ത് എല്ലായിടത്തും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പോസിറ്റീവാകുന്ന സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ്ങ് നടത്തണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ഡല്‍ഹിയിലെ ആശുപത്രികളിലും പോളിക്ലിനിക്കുകളിലും ഡിസ്പന്‍സെറികളിലും കോവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in