'മമത ഏതുനിമിഷവും ഇറങ്ങിപ്പോകും', രാഹുലിനോട് സിപിഎം; ബംഗാളില്‍ പോര് മുറുകുന്നു

'മമത ഏതുനിമിഷവും ഇറങ്ങിപ്പോകും', രാഹുലിനോട് സിപിഎം; ബംഗാളില്‍ പോര് മുറുകുന്നു

സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നല്‍കില്ലെന്ന് മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കിയിരുന്നു

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എഐസിസി നേതൃത്വം ശ്രമം തുടരുന്നതിനിടെ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി സിപിഎം. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഏത് സമയത്തും 'ഇന്ത്യ' മുന്നണിയില്‍നിന്ന് പുറത്തുപോകുമെന്ന് സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തി.

നാല്‍പ്പത്തിയഞ്ച് മിനുറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമും രാഹുല്‍ ഗാന്ധിയും ബംഗാളിലെ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് സൂചന. സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നല്‍കില്ലെന്ന് കഴിഞ്ഞദിവസം മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കിയിരുന്നു.

മമതയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൗധരിയും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ, ബുധനാഴ്ച ബംഗാളില്‍ വീണ്ടും പ്രവേശിച്ച രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി സിപിഎം പ്രവര്‍ത്തകരും നേതാക്കളും എത്തിയിരുന്നു.

''ഞങ്ങള്‍ ബിജെപിക്കും ആര്‍എസ്എസിനും എതിരെയാണ് പോരാടുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയും ആര്‍എസ്എസിനെ ചെറുക്കാന്‍ വേണ്ടിയാണ്. ഞങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്,''മുഹമ്മദ് സലിം പറഞ്ഞു.

'മമത ഏതുനിമിഷവും ഇറങ്ങിപ്പോകും', രാഹുലിനോട് സിപിഎം; ബംഗാളില്‍ പോര് മുറുകുന്നു
അലിഗഢ് മുസ്ലീം സർവകലാശാലയുടെ ന്യൂനപക്ഷ പദവി ചോദ്യം ചെയ്യപ്പെടുന്നത് എന്തുകൊണ്ട്?

''ട്രെയിന്‍ പുറപ്പെട്ട സ്റ്റേഷനില്‍നിന്ന് ധാരാളം പേര്‍ ട്രെയിനില്‍ കയറി. ആരാണ് ബിജെപിക്ക് എതിരായ പോരാട്ടത്തിന്റെ ഭാഗമായി തുടരുന്നതെന്നും ആരാണ് വഴിയില്‍ ഇറങ്ങാന്‍ പോകുന്നതെന്നും പറയാന്‍ സാധിക്കില്ല. മമത ബാനര്‍ജി ഇപ്പോള്‍ ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു,'' അദ്ദേഹം പറഞ്ഞു. മമത ബാനര്‍ജിയുടെ നിലപാടുകളില്‍ രാഹുല്‍ ഗാന്ധിക്ക് വിയോജിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചതോടെയാണ് ബംഗാളില്‍ മമതയും കോണ്‍ഗ്രസും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത്. കോണ്‍ഗ്രസ് ആവശ്യപ്പെട്ട സീറ്റുകള്‍ നിരസിച്ച മമത, രണ്ടു സീറ്റ് മാത്രമേ നല്‍കാന്‍ സാധിക്കുള്ളൂവെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. പിന്നാലെ, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നല്‍കില്ലെന്നും മമത തുറന്നടിച്ചു.

മമതയും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം ഏതാനും ദിവസങ്ങളായി സിപിഎമ്മിനെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. സിപിഎമ്മുമായുള്ള സഹകരണം അവസാനിപ്പിക്കാതെ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നല്‍കില്ലെന്നാണ് മമത പറയുന്നത്. എന്നാല്‍, സിപിഎമ്മിനെ കയ്യൊഴിഞ്ഞിട്ടുള്ള മുന്നണി നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം തയാറല്ല.

സിപിഎം തന്നെ നിരവധി തവണ കായികമായി ആക്രമിച്ചിട്ടുള്ളതാണെന്നും അവരുമായി സഹകരിക്കുന്നത് തനിക്ക് ചിന്തിക്കാന്‍ കഴിയില്ലെന്നും മമത പറഞ്ഞിരുന്നു. എന്നാല്‍, മുന്നണി ചര്‍ച്ചകളുടെ പ്രാരംഭ ഘട്ടത്തില്‍ സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മമത പറഞ്ഞിരുന്നു. പക്ഷേ മമതയുടെ ഈ വാഗ്ദാനം സിപിഎം നിരാകരിച്ചിരുന്നു. ഇതോടെയാണ് മമത സിപിഎമ്മിനെ കടന്നാക്രമിച്ചു തുടങ്ങിയത്.

സിപിഎം തീവ്രവാദികളുടെ പാര്‍ട്ടിയാണെന്നും മമത പിന്നീട് പറഞ്ഞു. ഇത് സിപിഎം നേതാക്കളെ ചൊടിപ്പിച്ചു. മമത ബാനര്‍ജി ഇന്ത്യ സഖ്യം പൊളിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഇതിനോടുള്ള സിപിഎമ്മിന്റെ പ്രതികരണം.

logo
The Fourth
www.thefourthnews.in