ബാള്‍ട്ടിമോർ കപ്പൽ അപകടം: മടക്കയാത്ര എന്നെന്നറിയാതെ ജീവനക്കാർ, ഡാലി വിട്ടിറങ്ങാനാകാതെ ഇന്ത്യക്കാരുൾപ്പെടെ 21 പേർ

ബാള്‍ട്ടിമോർ കപ്പൽ അപകടം: മടക്കയാത്ര എന്നെന്നറിയാതെ ജീവനക്കാർ, ഡാലി വിട്ടിറങ്ങാനാകാതെ ഇന്ത്യക്കാരുൾപ്പെടെ 21 പേർ

കപ്പലിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ഡാലി എന്ന ചരക്ക് കപ്പല്‍ ഇടിച്ച് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു വീഴുകയും ആറ് പേര്‍ കൊല്ലപ്പെട്ടതുമായ അതിദാരുണ സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിടുകയാണ്. മാര്‍ച്ച് 26ന് നടന്ന അപകടത്തിന് ശേഷം ഏകദേശം 12 ജീവനക്കാര്‍ പാതി തകര്‍ന്ന കപ്പലില്‍ തന്നെ കഴിയുകയാണ്.

കപ്പലിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. എന്താണ് അപകടത്തിലേക്ക് നയിച്ചത് എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ നടപടികള്‍ മുന്നോട്ട് നീങ്ങുമ്പോഴും കപ്പലില്‍ നിന്നും തൊഴിലാളികള്‍ക്ക് എപ്പോള്‍ പുറത്ത് പോകാന്‍ സാധിക്കുകയെന്നത് വ്യക്തതയില്ലാതെ തുടരുകയാണ്.

ആഗോള സമുദ്ര വ്യവസായത്തില്‍ ആകെ 3,15,000 ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍

ശ്രീലങ്കയിലേക്കുള്ള യാത്രയില്‍ അപകട സമയത്ത് 21 അംഗങ്ങളായിരുന്നു ഡാലിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 20 പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള സമുദ്ര വ്യവസായത്തില്‍ ആകെ 3,15,000 ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍. അതായത് സമുദ്ര വ്യവസായത്തിന്റെ 20 ശതമാനവും ഇന്ത്യക്കാരാണ്. ഈ മേഖലയില്‍ ഫിലിപ്പീന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളതും ഇന്ത്യക്കാരാണ്. ഡാലിയിലുണ്ടായ മറ്റൊരാള്‍ ശ്രീലങ്കന്‍ പൗരനാണെന്ന് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ബാള്‍ട്ടിമോർ കപ്പൽ അപകടം: മടക്കയാത്ര എന്നെന്നറിയാതെ ജീവനക്കാർ, ഡാലി വിട്ടിറങ്ങാനാകാതെ ഇന്ത്യക്കാരുൾപ്പെടെ 21 പേർ
ബാള്‍ട്ടിമോര്‍ കപ്പല്‍ അപകടം: രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരം, കാണാതായ ആറു പേര്‍ മരിച്ചിരിക്കാമെന്ന് അധികൃതര്‍

ജീവനക്കാര്‍ക്ക് പുറത്തിറങ്ങാനാകില്ല

അപകടത്തിന് ശേഷം നദിയില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലിലെ ജീവനക്കാരെ മാറ്റുന്നതിനെ കുറിച്ച് നിലവില്‍ ആലോചിക്കുന്നില്ലെന്നാണ് അധികൃതരുടെ നിലപാട്. അപകട സ്ഥലത്ത് നിന്നും കപ്പല്‍ നീക്കുന്നതിനാണ് പ്രഥമ പരിഗണന. ബാള്‍ട്ടിമോര്‍ തുറമുഖവും കപ്പല്‍ ഗതാഗതവും പുനരാരംഭിക്കുന്നതിന് ഡാലി മറ്റൊരിടത്തേക്ക് മാറ്റേണ്ടത് അത്യാവശ്യമാണെന്നും കോസ്റ്റ് ഗാര്‍ഡ് അഡ്മിറല്‍ ഷാന്നന്‍ ഗില്‍റീത്ത് വ്യക്തമാക്കിയിരുന്നു.

അതേസമയം കപ്പലിലുള്ളവരെല്ലാം നല്ല ആരോഗ്യസ്ഥിതിയിലാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കപ്പലിലുള്ള നാവികരുമായി സമ്പര്‍ക്കം പുലര്‍ത്താനും പല സംഘടനകളും ശ്രമിക്കുന്നുണ്ട്. നാവികരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ ബാള്‍ട്ടിമോര്‍ ഇന്റര്‍നാഷണല്‍ സീഫേറേര്‍സ് സെന്ററിന്റെ ഡയറക്ടര്‍ ജോഷ്വാ മെസ്സിക് അറിയിച്ചു. വൈഫൈ ഹോട്സ്പോട്ടുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുകയും നാവികരുായി വാട്സ്ആപ്പ് സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

നിയമ തടസം മുതല്‍ വിസ വരെ പ്രശ്‌നമാകും

കപ്പലുകളില്‍ നിന്നും വിദേശ സംഘങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധാരണ സാഹചര്യങ്ങളില്‍ പോലും പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ ആവശ്യമാണ്. വിസ, നാവികര്‍ക്ക് കപ്പലില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കുന്ന തീരദേശ പാസ് എന്നിവയാണ് ഇതില്‍ പ്രധാനം. കപ്പലില്‍ നിന്നും ടെര്‍മിനല്‍ ഗേറ്റ് വരെ ആരെങ്കിലും അനുഗമിക്കണം. എന്നാല്‍ ഡാലിയിലെ നാവികര്‍ക്ക് പുറത്തിറങ്ങാന്‍ മതിയായ രേഖകളുണ്ടോയെന്ന് വ്യക്തമല്ല.

അന്വേഷണം എത്രനാള്‍ ഉണ്ടാകുമെന്നും അന്വേഷണ ഘട്ടങ്ങള്‍ അവസാനിക്കുന്നത് വരെ നാവികര്‍ കപ്പലില്‍ തുടരണമെന്നും അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ബിബിസി പറയുന്നു. ഈ സാഹചര്യത്തില്‍ നാവികര്‍ തിരികെ വീട്ടിലെത്താന്‍ മാസങ്ങളെടുക്കുമെന്നാണ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജരായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ ചിരാഗ് ബഹ്രി പറയുന്നത്.

ബാള്‍ട്ടിമോർ കപ്പൽ അപകടം: മടക്കയാത്ര എന്നെന്നറിയാതെ ജീവനക്കാർ, ഡാലി വിട്ടിറങ്ങാനാകാതെ ഇന്ത്യക്കാരുൾപ്പെടെ 21 പേർ
ബാള്‍ട്ടിമോർ അപകടം: കപ്പലിലെ ഇന്ത്യക്കാർക്കെതിരെ വംശീയാധിക്ഷേപം; അടിവസ്ത്രം ധരിച്ചുള്ള കാർട്ടൂണിന് വ്യാപക പ്രചാരണം

ബാള്‍ട്ടിമോറില്‍ നിന്നും ശ്രീലങ്കയിലേക്ക് തിരിച്ച കപ്പലില്‍ നിലവില്‍ ശ്രീലങ്ക വരെയുള്ള യാത്രയ്ക്കായി കരുതിയ ഭക്ഷണം, വെള്ളം, മറ്റ് അവശ്യ വസ്തുക്കളും എന്നിവ ഉണ്ടാകും. കൂടാതെ നാവികരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കന്നവരും ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ കപ്പലില്‍ കഴിയുന്ന ജീവനക്കാര്‍ക്ക് ഇപ്പോഴത്തെ സാഹചര്യങ്ങളെയും സമ്മര്‍ദങ്ങളെയും മറികടക്കാവാവശ്യമായ മാസസിക പിന്തുണ പ്രധാനമാണെന്നും അന്താരാഷ്ട്ര സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in