'ഞാന്‍ കൊല്ലംകാരന്‍, അങ്ങനെയൊന്നും വീഴില്ല'; മമത കളിക്കുന്നത് രാഷ്ട്രീയ നാടകമെന്ന് ബംഗാള്‍ ഗവർണർ സി വി ആനന്ദ ബോസ്

'ഞാന്‍ കൊല്ലംകാരന്‍, അങ്ങനെയൊന്നും വീഴില്ല'; മമത കളിക്കുന്നത് രാഷ്ട്രീയ നാടകമെന്ന് ബംഗാള്‍ ഗവർണർ സി വി ആനന്ദ ബോസ്

അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ഗവർണർ ഓഫിസിലെ മൂന്ന് ജീവനക്കാർക്ക് സമൻസ് അയച്ചിരുന്നു

തനിക്കെതിരെ ലൈംഗികാരോപണം ഉയര്‍ത്തി വീഴ്ത്താന്‍ നോക്കേണ്ടെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. താന്‍ കൊല്ലംകാരനാണെന്നും അങ്ങനെ പെട്ടെന്നൊന്നും വീഴില്ലെന്നും അദ്ദേഹം ഞായറാഴ്ച പ്രതികരിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കളിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്ഭവനിലെ ജീവനക്കാരി നല്‍കിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത പോലീസ് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് ആനന്ദബോസിന്റെ പ്രതികരണം.

അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ഗവർണർ ഓഫിസിലെ മൂന്ന് ജീവനക്കാർക്ക് സമൻസ് അയച്ചിരുന്നു. കൂടാതെ സിസിടിവി ദൃശ്യങ്ങളും കൊൽക്കത്ത പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

ഗവർണർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് സി വി ആനന്ദബോസ് ശനിയാഴ്ച പ്രതികരിച്ചിരുന്നു. നിയമപരിധി ലംഘിച്ചാൽ കർശന നടപടിയെടുക്കും. ഉചിതമായ സമയത്ത് എല്ലാം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും കൊച്ചിയിൽ സന്ദർശനം നടത്തുന്നതിനിടെ ബംഗാൾ ഗവർണർ പറഞ്ഞു ഒരു പ്രാദേശിക ചാനലിനോട് പറഞ്ഞിരുന്നു.

'ഞാന്‍ കൊല്ലംകാരന്‍, അങ്ങനെയൊന്നും വീഴില്ല'; മമത കളിക്കുന്നത് രാഷ്ട്രീയ നാടകമെന്ന് ബംഗാള്‍ ഗവർണർ സി വി ആനന്ദ ബോസ്
ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ കീഴടങ്ങിയേക്കും, രാജ്യംവിട്ട എം പി തിരിച്ചെത്തുന്നത് പിതാവിന്റെ അറസ്റ്റിന് പിന്നാലെ

തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് കരാർ ജീവനക്കാരി വ്യാഴാഴ്ചയാണ് പരാതി നൽകിയത്. ഗവർണർക്കെതിരെ പോലീസിന് ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ആവശ്യമാണെന്നാണ് പോലീസിന്റെ പക്ഷം. ഗവർണറുടെ ഓഫീസ്, കോൺഫറൻസ് മുറി ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഭാഗങ്ങളിൽ വച്ചായിരുന്നു ആനന്ദബോസ് തന്നോട് മോശമായി പെരുമാറിയതെന്നാണ് ജീവനക്കാരിയുടെ പരാതിയിൽ ആരോപിക്കുന്നത്. സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്ത് പരാതിക്കാരിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.

ഏപ്രിൽ 24ന് ഉച്ചയ്ക്ക് 12.45 ഓടെ രാജ്ഭവനിലെ ഗവർണറുടെ ഓഫിസിൽ വച്ചാണ് ആദ്യതവണ സംഭവമുണ്ടായത്. പിന്നീട് മേയ് രണ്ടിനും സമാനമായ പെരുമാറ്റമുണ്ടായി. അത്തവണ കോൺഫറൻസ് റൂമിൽ വച്ചായിരുന്നുവെന്നും യുവതി പറയുന്നു. അതേസമയം, ഭരണഘടനയുടെ 361-ാം അനുച്ഛേദം അനുസരിച്ച്, രാഷ്ട്രപതിക്കോ ഗവർണർക്കോ എതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ല. ഒരു പരാതി ഉയർന്നാൽ ഗവർണർമാരുടെ നിയമന അധികാരമുള്ള രാഷ്ട്രപതിക്ക് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കാൻ മാത്രമേ സാധിക്കൂ.

ഗവർണർ വെള്ളിയാഴ്ച നടത്തിയ കൊച്ചി സന്ദർശനം എന്തൊക്കെയോ ഒളിപ്പിക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്. ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ ഗവർണർ എന്തിനാണ് നഗരം വിട്ടതെന്ന് ശനിയാഴ്ച തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ചോദിച്ചു. “ഇതിനെക്കുറിച്ച് സംസാരിക്കാൻ എനിക്ക് ലജ്ജ തോന്നുന്നു. രണ്ട് ദിവസം മുമ്പ്, ബംഗാൾ ഗവർണർ തൻ്റെ മകളുടെ പ്രായമുള്ള ഒരു കരാർ ജീവനക്കാരനെ ലൈംഗികമായി പീഡിപ്പിച്ചു” അഭിഷേക് ബാനർജി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ ആലുവയിലെ ഗസ്റ്റ് ഹൗസിലെത്തിയ ആനന്ദബോസിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. അതേത്തുടർന്ന് അഞ്ച് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in