ബിപോർജോയ് ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി മാറി; വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ്

ബിപോർജോയ് ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി മാറി; വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ്

ഡൽഹി, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, എന്നീ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകും

ഗുജറാത്തിന്റെ തീരപ്രദേശങ്ങളിൽ വീശിയടിച്ച ബിപോർജോയ് ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി ദുർബലമായി. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

രാജസ്ഥാനിലെ തെക്ക് പടിഞ്ഞാറൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിന്റെയും മധ്യപ്രദേശിന്റെയും ചില ഭാഗങ്ങളിൽ ഞായറാഴ്ച മുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഡൽഹി, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, എന്നീ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകും. വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-കർണാടക തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.

ബിപോർജോയ് ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി മാറി; വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ്
ബിപോർജോയ് രാജസ്ഥാനിലേയ്ക്ക്; ന്യൂനമര്‍ദമായി മാറും, ജലോറിലും ബാർമറിലും കനത്തമഴ

അറബിക്കടലിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രി കച്ചിലെ ജഖാവു തുറമുഖത്തിന് വടക്ക് 10 കിലോമീറ്റർ അകലെ കരയിൽ പതിച്ചതായാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഗുജറാത്ത് തീരത്ത് കരതൊട്ട ബിപോർജോയ് ചുഴലിക്കാറ്റ് കച്ച് സൗരാഷ്ട്ര മേഖലയിൽ കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. മണിക്കൂറിൽ 140 കിലോമീറ്റർ ശരാശരി വേഗത്തിലാണ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടത്. ഗുജറാത്ത് മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങളിലെ ജില്ലാ കളക്ടർമാരോട് അവരുടെ ജില്ലകളിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ സർവേ നടത്താൻ ഉത്തരവിട്ടു. ജാംനഗർ ജില്ലയിലെ 367 ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.

അതേസമയം, ബിപാർജോയ് ചുഴലിക്കാറ്റ് മൂലം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കർവാൾ അറിയിച്ചു. നിരവധി പേർക്ക് പരുക്കേറ്റിറ്റുണ്ട്. ഗതാഗത തടസം സൃഷ്ടിച്ച് റോഡിലേക്ക് മറിഞ്ഞ് വീണ മരങ്ങളും നീക്കിവരികയാണ്.

logo
The Fourth
www.thefourthnews.in