'അറസ്റ്റ് നിയമപരം, ഗൂഢാലോചനയ്ക്ക് തെളിവുണ്ട്'; കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയിൽനിന്ന് തിരിച്ചടി, ഹര്‍ജി തള്ളി

'അറസ്റ്റ് നിയമപരം, ഗൂഢാലോചനയ്ക്ക് തെളിവുണ്ട്'; കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയിൽനിന്ന് തിരിച്ചടി, ഹര്‍ജി തള്ളി

മാർച്ച് 21ന് രാത്രിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്

ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തതിനെതിരെ കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അറസ്റ്റും റിമാൻഡും നിയമപരമാണെന്നു നിരീക്ഷിച്ച ഡല്‍ഹി ഹൈക്കോടതി, കെജ്‌രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും വ്യക്തമാക്കി.

കെജ്‌രിവാളിന് മുഖ്യമന്ത്രിയെന്ന നിലയിലുള്ള പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രീയത്തിനല്ല, നിയമത്തിനാണ് കോടതിയുടെ പ്രഥമ പരിഗണന. രാഷ്ട്രീയ ബന്ധങ്ങളുടെ പശ്ചാത്തലത്തിലല്ല, നിയമ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് വിധിന്യായങ്ങളെഴുതുന്നത്. രാഷ്ട്രീയ പരിഗണനകള്‍ കോടതിക്ക് മുന്നില്‍ കൊണ്ടുവരാനാകില്ല. കോടതിയുടെ മുന്നിലുള്ളത് കേന്ദ്രസര്‍ക്കാരും കെജ്‌രിവാളും തമ്മിലുള്ള തര്‍ക്കമല്ലെന്നും കെജ്‌രിവാളും ഇ ഡിയും തമ്മിലുള്ള കേസാണെന്നും കോടതി നിരീക്ഷിച്ചു.

ഇ ഡി സമർപ്പിച്ച രേഖകളുടെയും ഗോവ തിരഞ്ഞെടുപ്പിന് കെജ്‌രിവാൾ പണം നൽകിയെന്ന എഎപി സ്ഥാനാർഥിയുടെയും കൂറുമാറിയ സാക്ഷിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് നിയമപരമാണെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ നിരീക്ഷിച്ചത്.

മദ്യനയം രൂപീകരിക്കുന്നതിൽ കെജ്‌രിവാൾ ഗൂഢാലോചന നടത്തുകയും കുറ്റകൃത്യത്തിൽനിന്ന് ലഭിച്ച വരുമാനം ഉപയോഗിക്കുകയും ചെയ്തുതായി ഇ ഡി ശേഖരിച്ച വസ്തുക്കൾ വ്യക്തമാക്കുന്നു. നയരൂപീകരണത്തിലും കൈക്കൂലി ആവശ്യപ്പെടുന്നതിലും വ്യക്തിപരമായും എഎപി ദേശീയ കൺവീനർ എന്ന നിലയിലും കെജ്‌രിവാൾ പങ്കാളിയാണെന്ന് ആരോപിക്കപ്പെടുന്നുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

കോടതിയുടെ മുന്നിലുള്ളത് കേന്ദ്രസര്‍ക്കാരും കെജ്‌രിവാളും തമ്മിലുള്ള തര്‍ക്കമല്ല കെജ്‌രിവാളും ഇഡിയും തമ്മിലുള്ള കേസ്

ഡല്‍ഹി ഹൈക്കോടതി

നേരത്തെ കെജ്‌രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. മാർച്ച് 21ന് രാത്രിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മാർച്ച് 22 ന്, വിചാരണ കോടതി അദ്ദേഹത്തെ ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു, അത് നാല് ദിവസത്തേക്ക് കൂടി നീട്ടി നൽകുകയും ചെയ്തിരുന്നു. പിന്നീടാണ് കെജ്‌രിവാളിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ജനാധിപത്യം, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് തന്റെ അറസ്റ്റ് എന്ന് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു. മദ്യനയ അഴിമതിപ്പണത്തിന്റെ ഒരുപങ്ക് ഗോവ നിയമസഭ തിരഞ്ഞെടുപ്പിൽ എഎപി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇ ഡിക്കുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ എസ് വി രാജു കോടതിയിൽ വാദിച്ചത്.

'അറസ്റ്റ് നിയമപരം, ഗൂഢാലോചനയ്ക്ക് തെളിവുണ്ട്'; കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയിൽനിന്ന് തിരിച്ചടി, ഹര്‍ജി തള്ളി
അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്; ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഇ ഡി അറസ്റ്റിന്റെ ഏക ലക്ഷ്യം അരവിന്ദ് കെജ്‌രിവാളിനെ അപമാനിക്കുകയിരുന്നുവെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി വാദിച്ചു. വ്യക്തമായ അന്വേഷണമോ മൊഴിയോ അറസ്റ്റിലേക്ക് നയിക്കാൻ അടിസ്ഥാനമായേക്കാവുന്ന വസ്തുതകളോ ഇല്ലാതെയാണ് ഇഡി പ്രവർത്തിച്ചതെന്നും അദ്ദേഹം വാദിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും പ്രതികൾ അത് സമ്മതിച്ചിട്ടുമുണ്ടെന്നും ഇഡി വാദിച്ചു. മൊഴിയുടെ ചില ഭാഗങ്ങൾ ഉയർത്തിക്കാട്ടി കെജ്‌രിവാൾ പ്രതിരോധത്തിന് ശ്രമിക്കുയാണെന്നും ഇ ഡി വാദിച്ചു.

അതേസമയം, കെജ്‌രിവാളിന്റെ പേഴ്സനൽ അസിസ്റ്റന്റ് ബിഭവ് കുമാറിനെയും ആം ആദ്മി പാർട്ടി എംഎൽഎയായ ദുർഗേഷ് പഥക്കിനെയും കഴിഞ്ഞ ദിവസം ഇ ഡി വീണ്ടും ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ വകുപ്പുകൾ പ്രകാരമാണ് ഇഡി ഇവരുടെ മൊഴികൾ രേഖപ്പെടുത്തിയിരിക്കുന്നത്.

'അറസ്റ്റ് നിയമപരം, ഗൂഢാലോചനയ്ക്ക് തെളിവുണ്ട്'; കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയിൽനിന്ന് തിരിച്ചടി, ഹര്‍ജി തള്ളി
അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് എന്തിന്? എന്താണ് ഡല്‍ഹി മദ്യനയക്കേസ്?

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഇ ഡി റെയ്ഡിൽ നിന്നും അറസ്റ്റിൽ നിന്നും സംരക്ഷണം നൽകണമെന്ന കെജ്‌രി വാളിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിനുപിന്നാലെയാണ് ഇ ഡി സംഘം അദ്ദേഹത്തെ ഔദ്യോഗിക വസതിയിലെത്തി അറസ്റ്റ് ചെയ്തത്. കേസിൽ കെജ്‌രിവാളാണ് പ്രധാന ഗൂഢാലോചനക്കാരനെന്നാണ് ഇ ഡിയുടെ ആരോപണം

2021 ലാണ് ഡൽഹിയിൽ വിവാദമായ മദ്യനയം ഡൽഹിയിലെ ആംആദ്മി പാർട്ടി സർക്കാർ ആവിഷ്കരിക്കുന്നത്. സർക്കാർ നിയോഗിച്ച പ്രത്യേക കമ്മിറ്റിയാണ് 2021-22 എക്സൈസ് നയം ഉണ്ടാക്കിയത്. 9,500 കോടി രൂപയുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു അത്. എന്നാൽ പുതിയ നയം രൂപീകരിച്ചതിലും നടപ്പാക്കിയതിനും പിന്നിൽ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു ഉയർന്ന ആരോപണം.

പുതിയ നയം അനുസരിച്ച് ഡൽഹിയിലെ ചില്ലറ മദ്യവ്യാപാരത്തിൽ സർക്കാരിന് ബന്ധമുണ്ടാവില്ല. 849 മദ്യവില്പനശാലകൾ പുതുതായി തുറക്കുന്നതിനും ഓരോ സോണിനെയും 8-10 വാർഡുകളായി തിരിക്കാനുമായിരുന്നു നിർദ്ദേശം. പുതിയ നയപ്രകാരം മാളുകൾ, വാണിജ്യ മേഖലകൾ, പ്രാദേശിക ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങിയവയിൽ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി മദ്യശാലകൾ തുറക്കാൻ അനുമതി ലഭിക്കുകയും ചെയ്തിരുന്നു.

'അറസ്റ്റ് നിയമപരം, ഗൂഢാലോചനയ്ക്ക് തെളിവുണ്ട്'; കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയിൽനിന്ന് തിരിച്ചടി, ഹര്‍ജി തള്ളി
അദാനി ബന്ധമുള്ള കമ്പനിക്ക് ഭൂമിവിറ്റു, പണം ഇലക്ടറൽ ബോണ്ടാക്കി; ദളിത് കുടുംബത്തില്‍നിന്ന് ബിജെപി കൈക്കലാക്കിയത് 10 കോടി

കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയും എക്സൈസ് വകുപ്പ് മന്ത്രിയുമായിരുന്ന മനീഷ് സിസോദിയയ്ക്ക് എതിരെയായിരുന്നു ആദ്യം ആരോപണം ഉയർന്നത്. സിസോദിയയുടെ അടുപ്പക്കാരൻ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നൽകിയെന്ന് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

എൻറർടൈൻമെൻറ് ആൻഡ് ഇവൻറ് മാനേജ്‌മെൻറ് കമ്പനിയായ ഒൺലി മച്ച് ലൗഡറിന്റെ മുൻ സിഇഒ വിജയ് നായർ, പെർനോഡ് റിക്കാർഡിലെ മുൻ ജീവനക്കാരൻ മനോജ് റായ്, ബ്രിൻഡ്‌കോ സ്പിരിറ്റ്‌സിന്റെ ഉടമ അമൻദീപ് ധാൽ, ഇൻഡോസ്പിരിറ്റ്‌സ് ഉടമ സമീർ മഹേന്ദ്രു എന്നിവർ പുതിയ മദ്യനയ രൂപീകരണത്തിൽ ഇടപെട്ടുവെന്നും സിബിഐ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

ബഡ്ഡി റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ അമിത് അറോറ. ഗുഡ്ഗാവിൽ ലിമിറ്റഡ്, ദിനേശ് അറോറയും അർജുൻ പാണ്ഡെയും സിസോദിയയുടെ അടുപ്പക്കാർ ആണെന്നും സിബിഐ ആരോപിച്ചു. ഇതിനിടെയാണ് കേസിൽ ഇഡിയും ഇടപെടുന്നത്. ഇതിനിടെ 2022 ജൂലായ് 30 ന് വിവാദ മദ്യനയം ഡൽഹി സർക്കാര് പിൻവലിച്ചു. ആറു മാസത്തേക്കു പഴയ മദ്യ നയം തന്നെ തുടരാനായിരുന്നു സർക്കാർ തീരുമാനം.

'അറസ്റ്റ് നിയമപരം, ഗൂഢാലോചനയ്ക്ക് തെളിവുണ്ട്'; കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയിൽനിന്ന് തിരിച്ചടി, ഹര്‍ജി തള്ളി
'ഇന്ത്യ തിളങ്ങാൻ' വേനല്‍ക്കാലത്ത് തിരഞ്ഞെടുപ്പ് നടത്തിയ വാജ്പേയി; 2004ന് ശേഷം ഉഷ്ണത്തിലേക്ക് മാറിയ ലോക്സഭാ തിരഞ്ഞെടുപ്പ്

ഇഡി എടുത്ത കേസിൽ ബിആർഎസ് നേതാവ് കെ കവിതയടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. കെ കവിത കെജ്രിവാളുമായും എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരുമായും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ദക്ഷിണേന്ത്യയിൽ നിന്നുള്ള മദ്യ ലോബിക്ക് നേട്ടമുണ്ടാക്കുന്ന തരത്തിലാണ് നയം ഉണ്ടാക്കിയതെന്നും ഇ ഡി ആരോപിച്ചു. സൗത്ത് ലോബിയാണ് അഴിമതിക്ക് പിന്നിൽ എന്നായിരുന്നു ഇ ഡി ആരോപിച്ചത്.

ഇതിന് പ്രത്യുപകരമായി 100 കോടി രൂപ ആം ആദ്മി പാർട്ടിക്ക് സൗത്ത് ലോബി നൽകിയതായും ഇ ഡി ആരോപിച്ചിരുന്നു. തുടർന്ന് കേസിൽ എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായർ, ബിആർഎസ് നേതാവ് കെ കവിത എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീടാണ് അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്.

പിന്നീട് കേസിൽ സഞ്ജയ് സിങ്ങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. സുപ്രീംകോടതിയിൽ ജാമ്യാപേക്ഷയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിർക്കാതിരുന്നതോടെയാണ് സഞ്ജയ് സിങ്ങിന് ജാമ്യം ലഭിച്ചത്.അറസ്റ്റ് ചെയ്ത് അഞ്ചുമാസങ്ങൾക്ക് ശേഷമാണ് സഞ്ജയ് സിങ്ങിന് ജാമ്യം ലഭിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ വകുപ്പ് പ്രകാരം അറസ്റ്റിലായ സഞ്ജയ് സിങ്ങിന്റെ പക്കൽനിന്ന് പണമൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.2023 ഒക്ടോബർ നാലിനായിരുന്നു സഞ്ജയ് സിങ് അറസ്റ്റിലായത്.

logo
The Fourth
www.thefourthnews.in