കെജ്‌രിവാളിന് ഇന്ന് നിര്‍ണായകം; അറസ്റ്റിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

കെജ്‌രിവാളിന് ഇന്ന് നിര്‍ണായകം; അറസ്റ്റിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

ഡല്‍ഹി റോസ് അവന്യു കോടതി കെജ്‌രിവാളിനെ മാര്‍ച്ച് ഇരുപത്തിയെട്ടുവരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു

മദ്യനയ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ, ഡല്‍ഹി റോസ് അവന്യു കോടതി കെജ്‌രിവാളിനെ മാര്‍ച്ച് ഇരുപത്തിയെട്ടുവരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി അടിയന്തരമായി പരിഗണിച്ചിരുന്നില്ല. ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇ ഡി കസ്റ്റഡി അവസാനിക്കാന്‍ ഒരുദിവസം കൂടി ബാക്കിനില്‍ക്കെയാണ് ഹര്‍ജി പരിഗണിക്കുന്നത്.

കെജ്‌രിവാളിന് ഇന്ന് നിര്‍ണായകം; അറസ്റ്റിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും
'ജയിലിൽനിന്ന് ഭരിക്കാൻ കെജ്‌രിവാളിന് കഴിയില്ല, കള്ളപ്പണനിയമം ഇങ്ങനെ വേണോയെന്ന് കോടതി ആലോചിക്കണം'; പിഡിടി ആചാരി അഭിമുഖം

അറസ്റ്റും റിമാന്‍ഡ് ഉത്തരവും നിയമവിരുദ്ധമാണെന്നും കസ്റ്റഡിയില്‍നിന്ന് ഉടന്‍ മോചിതനാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും കെജ്‌രിവാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിലായതിന് പിന്നാലെ, സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അധികം വൈകാതെ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. ഇതേ കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് കെജ്‌രിവാള്‍ ഹര്‍ജി പിന്‍വലിച്ചത്. തുടര്‍ന്നാണ് വിചാരണക്കോടതിയെ സമീപിച്ചത്.

അറസ്റ്റിലായിട്ടും കെജ്‌രിവാള്‍ രാജിവെക്കാത്തതിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു. അതേസമയം, കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ എഎപി ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ഇന്ത്യ മുന്നണിയും പ്രതിഷേധവുമായി രംഗത്തുണ്ട്. മാര്‍ച്ച് 21-നാണ് ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

അതേസമയം, ഇ ഡി കസ്റ്റഡിയിലിരിക്കെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച കെജ്‌രിവാളിന്റെ നടപടിക്കെതിരെ ബിജെപി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കും പോലീസിനും പരാതി നല്‍കി. ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് കെജ്‌രിവാള്‍ പുറപ്പെടുവിച്ചത്. കെജ്‌രിവാള്‍ നല്‍കിയ കുറിപ്പിലൂടെയാണ് ഉത്തരവ് നടപ്പാക്കിയതെന്നാണ് എഎപി പറയുന്നത്. ഇത് ചോദ്യം ചെയ്ത് ഇ ഡി രംഗത്തുവന്നിരുന്നു.

കസ്റ്റഡിയില്‍ സ്റ്റേഷനറി സാധനങ്ങള്‍ അനുവദിക്കുന്ന പതിവില്ല. കെജ്‌രിവാളിന് ഇ ഡി കമ്പ്യൂട്ടറോ പേപ്പറോ നല്‍കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഒപ്പുവെച്ച ഉത്തരവ് എങ്ങനെ പുറത്തിറങ്ങിയെന്നത് അന്വേഷിക്കാനൊരുങ്ങുകയാണ് കേന്ദ്ര ഏജന്‍സി.

logo
The Fourth
www.thefourthnews.in