അനുനയ നീക്കം; ഗുസ്തി താരങ്ങൾക്കെതിരായ എഫ്ഐആർ റദ്ദാക്കാൻ ഡൽഹി പോലീസ്
പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടന ദിവസം ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരായ എഫ്ഐആര്‍, ഡൽഹി പോലീസ് പിൻവലിക്കും. മെയ് 28ന് ജന്തര്‍ മന്തറിൽ നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ ഡൽഹി പോലീസ് തടഞ്ഞിരുന്നു. റോഡിൽ വലിച്ചിഴച്ചാണ് പ്രമുഖതാരങ്ങളെയുൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറാകും പിൻവലിക്കുകയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ജന്തര്‍ മന്തറിൽ നിന്നും പ്രതിഷേധ പ്രകടനവുമായി എത്തിയ ഗുസ്തി താരങ്ങൾക്കും സംഘാടകർക്കുമെതിരെയാണ് എഫ്‌ഐആർ ഫയൽ ചെയ്തിരുന്നത്. ഐപിസി 147 (കലാപശ്രമം), 149 (നിയമവിരുദ്ധമായി സംഘംചേരൽ), 186 (ഉത്തരവുകളുടെ ലംഘനം), 188 (കൃത്യനിർവഹണം തടസപ്പെടുത്തൽ), 332 (ഉദ്യോഗസ്ഥരെ ആക്രമിക്കുക), 353 (കൃത്യനിര്‍വഹണം തടസപ്പെടുത്തൽ) എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്.
ഉദ്ഘാടന ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ 'മഹിളാ മഹാ പഞ്ചായത്ത്' നടത്തി പ്രതിഷേധിക്കുമെന്ന് ഗുസ്തി താരങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം നടന്നിരുന്ന ജന്തര്‍മന്തറില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെ മാത്രമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള നീക്കമെന്ന നിലയിലാണ് പ്രതിഷേധത്തിന് ഗുസ്തി താരങ്ങൾ മുന്നിട്ടിറങ്ങിയത്. എന്നാല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിൽ അനുമതിയില്ലാതെ സമരം നടത്താൻ അനുവദിക്കില്ലെന്നായിരുന്നു ഡൽഹി പോലീസിന്റെ നിലപാട്.
ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണത്തിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ ഏഴ് ദിവസമെടുത്ത ഡൽഹി പോലീസ്, ഗുസ്തിതാരങ്ങൾക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ ഏഴ് മണിക്കൂര്‍ പോലും എടുത്തില്ലെന്ന് കേസ് എടുത്തതിന് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിമര്‍ശിച്ചിരുന്നു. രാജ്യത്ത് പുതിയൊരു ചരിത്രം രചിക്കപ്പെട്ടു എന്നായിരുന്നു വിനേഷ് ഫോഗട്ട് ഡൽഹി പോലീസിന്റെ നടപടിയെ ചൂണ്ടിക്കാട്ടിയത്. എന്ത് തെറ്റ് ചെയ്തിട്ടാണ് ഗുസ്തി താരങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന ചോദ്യമാണ് ബജ്റംഗ് പുനിയ ഉന്നയിച്ചത്. തെറ്റ് ചെയ്ത ബ്രിജ് ഭൂഷൺ പുറത്തുനിൽക്കുമ്പോൾ ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തത് എന്തിനാണെന്നും ബജ്റംഗ് പുനിയ വിമര്‍ശിച്ചിരുന്നു.
അതിനിടെ ലൈംഗികാതിക്രമ കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. 1000 പേജുള്ള കുറ്റപത്രമാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോക്സോ കേസ് റദ്ദാക്കാനുള്ള അപേക്ഷയും പോലീസ് നല്‍കി. അപേക്ഷയിൽ ജൂലൈ 4ന് കോടതി അടുത്ത വാദം കേൾക്കും. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സെക്ഷൻ 354, 354 എ, 354 ഡി ഐപിസി പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.