'ദില്ലി ചലോ': വീണ്ടുമൊരു കർഷക സമരത്തിന് ഡല്‍ഹി, തടയാന്‍ സർവ സന്നാഹങ്ങളുമായി പോലീസ്

'ദില്ലി ചലോ': വീണ്ടുമൊരു കർഷക സമരത്തിന് ഡല്‍ഹി, തടയാന്‍ സർവ സന്നാഹങ്ങളുമായി പോലീസ്

കർഷകരുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്രം.

നാളെ തലസ്ഥാനം ഒരു വലിയ കർഷക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നായി ആയിരകണക്കിന് കർഷകർ ഡല്‍ഹിയിലേക്ക് മാർച്ച് തുടങ്ങി കഴിഞ്ഞു. അവരെ തടയുന്നതിനുള്ള സർവ്വ സന്നാഹങ്ങളുമായി ഡല്‍ഹി പോലീസും തയ്യാറാണ്. കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിലും, ഇന്ത്യൻ കാർഷിക രംഗത്തെ ശക്തിപ്പെടുത്തുന്നതിലും വഹിച്ച പങ്കിനുള്ള ബഹുമതിയായി ഡോ എംഎസ് സ്വാമിനാഥന് ഭാരതരത്ന നൽകുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കുള്ളിൽ ഡല്‍ഹി ഇത്തരമൊരു സമരത്തിന് സാക്ഷ്യം വഹിക്കുന്നു എന്നത് മറ്റൊരു വസ്തുത.

എന്തിനാണ് സമരം?

വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, സ്വാമിനാഥൻ കമ്മീഷനിലെ നിർദേശങ്ങളായ കാർഷിക പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നടപ്പിലാക്കണം, കർഷക സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം, ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ടവർക്ക് നീതി നടപ്പിലാക്കണം, കാർഷിക കടങ്ങൾ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകൾ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക സംഘടനകൾ വീണ്ടും ഡല്‍ഹിയിലേക്ക് സമരത്തിനായെത്തുന്നത്. സംയുക്ത കിസാൻ മോർച്ച ( നോൺ പൊളിറ്റിക്കൽ), കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് 'ദില്ലി ചലോ' എന്ന പേരിൽ മാർച്ച് സംഘടിപ്പിക്കുന്നത്. ബിജെപി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2020ൽ നടന്ന കർഷക സമരം അവസാനിപ്പിക്കുമ്പോൾ കർഷകർക്ക് കേന്ദ്രം നൽകിയ ഉറപ്പുകളിൽ താങ്ങുവില നടപ്പിലാക്കുമെന്നും, കേസുകൾ പിൻവലിക്കുമെന്നും പറഞ്ഞിരുന്നു. ഇത് രണ്ടും വൈകുന്നതിനെതിരെ ഏറെക്കാലമായി കർഷക സംഘടനകൾ പല തരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

പ്രതിഷേധത്തിൻ്റെ ഭാഗമായി ഡല്‍ഹിയിലേക്ക് മാർച്ച് നടത്തുന്ന നോയിഡയില്‍ നിന്നുള്ള പ്രതിഷേധക്കാരെ ഉത്തർപ്രദേശ് പോലീസ് തടഞ്ഞപ്പോള്‍
പ്രതിഷേധത്തിൻ്റെ ഭാഗമായി ഡല്‍ഹിയിലേക്ക് മാർച്ച് നടത്തുന്ന നോയിഡയില്‍ നിന്നുള്ള പ്രതിഷേധക്കാരെ ഉത്തർപ്രദേശ് പോലീസ് തടഞ്ഞപ്പോള്‍
'ദില്ലി ചലോ': വീണ്ടുമൊരു കർഷക സമരത്തിന് ഡല്‍ഹി, തടയാന്‍ സർവ സന്നാഹങ്ങളുമായി പോലീസ്
വരുന്നു രണ്ടാം കര്‍ഷക സമരം; ഇന്റര്‍നെറ്റ് നിരോധനം, മാരത്തോണ്‍ ചര്‍ച്ച, ഭാരത രത്‌ന, ചെറുക്കാന്‍ അടവുകള്‍ പയറ്റി ബിജെപി

ചർച്ചയ്ക്ക് തയ്യാറായി സർക്കാർ

കർഷകരുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്രം. പ്രത്യേകിച്ചും ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വലിയ വോട്ട് ബാങ്കായ കർഷകരെ പിണക്കുക എന്നത് ബിജെപി ഒരിക്കലും തെരഞ്ഞെടുക്കാൻ ഇടയില്ലാത്ത മാർഗമായിരിക്കും. സമരം പ്രഖ്യാപിച്ച ആദ്യ ഘട്ടത്തിൽ കാർഷിക മന്ത്രാലയം മുൻകൈയെടുത്ത് ഒരു ചർച്ച നടന്നിരുന്നു. സമരത്തിന് തൊട്ടുമുൻപ് തിങ്കളാഴ്ച വീണ്ടും ചർച്ച നടക്കുമെന്ന് കൃഷി മന്ത്രി അർജുൻ മുണ്ട അറിയിച്ചു. മന്ത്രിമാരായ പീയുഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവർക്കൊപ്പം അർജുൻ മുണ്ട ഇന്ന് ചണ്ഡിഗഡിൽ വച്ച് കർഷകരുമായി ചർച്ച നടത്തും. ഇരു സംഘടനകളിൽ നിന്നായി 26 പേർ ചർച്ചയിൽ പങ്കെടുക്കും.

പോലീസിൻറെ തടസ്സങ്ങൾ മറികടന്ന് തന്നെ സമരവുമായി മുന്നോട്ട് പോകുമെന്ന് എസ്കെഎം (നോൺ പൊളിറ്റിക്കൽ ) ബിജു ദ ഫോർത്തിനോട് പറഞ്ഞു.

കർഷകരെ തടയാൻ വേണ്ടി ഡല്‍ഹി പോലീസ് ഒരുക്കിയ മുള്‍വേലിയും ബാരിക്കേഡും
കർഷകരെ തടയാൻ വേണ്ടി ഡല്‍ഹി പോലീസ് ഒരുക്കിയ മുള്‍വേലിയും ബാരിക്കേഡും

കടുത്ത നിയന്ത്രണങ്ങളൊരുക്കി പൊലീസ്

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഡല്‍ഹിയിലേക്കുള്ള മാർച്ചുകൾ പുറപ്പെട്ടു കഴിഞ്ഞു. സമരം മുന്നിൽ കണ്ട് ഡല്‍ഹിയിലെ അതിർത്തികളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്. ബാരിക്കേഡുകൾക്ക് പുറമെ കോൺക്രീറ്റ് സ്ലാബുകൾ കൂടി സ്ഥാപിച്ച് മാർച്ച് തടയാനാണ് ഡല്‍ഹി പോലീസിന്റെ തീരുമാനം. ഹരിയാന സർക്കാരും കടുത്ത നിയന്ത്രണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇൻറർനെറ്റ് സേവനം നിർത്തലാക്കി. അതിർത്തികളിൽ വച്ച് തന്നെ സമരക്കാരെ തിരിച്ച് അയക്കാനാണ് പൊലീസിന്റെ തീരുമാനം. ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരെ നോയിഡയിൽ വച്ച് പൊലീസ് തടഞ്ഞു. "എന്നാൽ പോലീസിൻറെ തടസങ്ങൾ മറികടന്ന് തന്നെ സമരവുമായി മുന്നോട്ട് പോകുമെന്ന് എസ്കെഎം (നോൺ പൊളിറ്റിക്കൽ ) ബിജു ദ ഫോർത്തിനോട് പറഞ്ഞു." മുമ്പും പോലീസ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അന്നൊക്കെ അതിനെ മറികടന്നത് പോലെ ഇത്തവണയും മുന്നോട്ട് പോകും."

'ദില്ലി ചലോ': വീണ്ടുമൊരു കർഷക സമരത്തിന് ഡല്‍ഹി, തടയാന്‍ സർവ സന്നാഹങ്ങളുമായി പോലീസ്
ബാബരി മുതല്‍ രാജീവ് വരെ; ബിജെപി ആഘോഷിക്കുന്ന നരസിംഹ റാവുവിനെ കോണ്‍ഗ്രസ് കൈവിട്ടതെന്തിന്?

ഒന്നിച്ചല്ല ഇത്തവണത്തെ സമരം

നൂറിലധികം കർഷക സംഘടനകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നാണ് സംയുക്ത കിസാൻ മോർച്ച എന്ന പ്രസ്ഥാനമുണ്ടായത്. കേന്ദ്രം പല്ലും നഖവും ഉപയോഗിച്ച് തടയാൻ ശ്രമിച്ചിട്ടും അതിനെയെല്ലാം ഒറ്റക്കെട്ടായി നേരിട്ട് കർഷക സമരം സംയുക്ത കിസാൻ മോർച്ച വിജയിപ്പിച്ചു. എന്നാൽ പിന്നീട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സംയുക്ത കിസാൻ മോർച്ചയിൽ നിന്ന് ഒരു വിഭാഗം ഇറങ്ങിപ്പോരുകയായിരുന്നു. അങ്ങനെയാണ് സംയുക്ത കിസാൻ മോർച്ച ( നോൺ പൊളിറ്റിക്കൽ ) ഉണ്ടാകുന്നത്. ഒന്നിച്ചു നിൽക്കേണ്ട ഒരു ഘട്ടത്തിൽ ചേർന്ന് പോകാനും തയ്യാറാണ് എന്ന് ഇരുവിഭാഗങ്ങളും പലപ്പോഴായി ആവർത്തിച്ചിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ നിലനില്‍ക്കുന്ന സാഹചര്യത്തിൽ വ്യത്യസ്ത സമരങ്ങളുമായി മുന്നോട്ട് പോകാനാണ് ഇരു വിഭാഗങ്ങളുടെയും തീരുമാനം.

എസ്കെഎം നടത്തുന്ന ഗ്രാമീൺ ഭാരത് ബന്ദ് 16ന്

പതിനാറിന് രാവിലെ ആറ് മുതൽ വൈകീട്ട് നാല് മണി വരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ ഈ ദിവസം കർഷകരും, തൊഴിലാളി സംഘടനകളും റോഡ് തടയുമെന്നും എസ്കെഎം അറിയിച്ചിട്ടുണ്ട്. നാല് മണിക്കൂർ രാജ്യത്തെ പ്രധാന റോഡുകൾ അടഞ്ഞ് കിടക്കുമെന്നാണ് പ്രഖ്യാപനം. ദില്ലി ചലോ മാർച്ചിലെ അതേ ആവശ്യങ്ങളുന്നയിച്ചാണ് എസ്കെഎമ്മും ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർഷകരുടെ ആവശ്യങ്ങൾക്ക് പുറമെ തൊഴിലാളികൾക്ക് അടിസ്ഥാന വേതനമായി 26000 രൂപ ഉറപ്പാക്കുക, 200 തൊഴിൽ ദിവസങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും എസ്കെഎം മുന്നോട്ട് വെക്കുന്നു.

logo
The Fourth
www.thefourthnews.in