''പ്രതിഷേധങ്ങൾക്ക് ശേഷം ഞങ്ങളുടെ ഭാവി എന്താകുമെന്ന് അറിയില്ല, പോരാട്ടം തുടരുക തന്നെ ചെയ്യും'': വിനേഷ് ഫോഗട്ട്

''പ്രതിഷേധങ്ങൾക്ക് ശേഷം ഞങ്ങളുടെ ഭാവി എന്താകുമെന്ന് അറിയില്ല, പോരാട്ടം തുടരുക തന്നെ ചെയ്യും'': വിനേഷ് ഫോഗട്ട്

ലൈം​ഗികാതിക്രമത്തെ കുറിച്ച് പരാതിക്കാ‍ർക്ക് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് പീഡനത്തിന് തുല്യമാണ്

നീതിക്ക് വേണ്ടിയുള്ള ​ഗുസ്തി താരങ്ങളുടെ പോരാട്ടം ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം തികയുന്നു. ലോക ചാമ്പ്യൻഷിപ്പിനും ഏഷ്യൻ ഗെയിംസിനും മൂന്ന് മാസം മാത്രം ശേഷിക്കെ, പരിശീലനത്തിന്റെ ഉന്നതിയിൽ എത്തേണ്ട നേരത്ത് ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക ആരോപണ പരാതിയിൽ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കുകയാണ്. പ്രതിഷേധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, നിരാശയിലാണ് താരങ്ങൾ. സമരം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് പറയുകയാണ് ​ഗുസ്തി താരങ്ങൾ. ലൈം​ഗികാതിക്രമത്തെ കുറിച്ച് പരാതിക്കാ‍ർക്ക് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് പീഡനത്തിന് തുല്യമാണെന്നും ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവും ഏഷ്യൻ ഗെയിംസ് സ്വർണവുമായ വിനേഷ് ഫോഗട്ട് പറയുന്നു.

''പ്രതിഷേധങ്ങൾക്ക് ശേഷം ഞങ്ങളുടെ ഭാവി എന്താകുമെന്ന് അറിയില്ല, പോരാട്ടം തുടരുക തന്നെ ചെയ്യും'': വിനേഷ് ഫോഗട്ട്
സമരം കടുപ്പിക്കാൻ ഗുസ്തി താരങ്ങള്‍; ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളെന്ന് മുന്നറിയിപ്പ്

ദി ഇന്ത്യൻ എക്സ്പ്രസിന് വേണ്ടി എഴുതിയ ലേഖനത്തിലാണ് താരം തങ്ങൾക്ക് നേരിടേണ്ടി വരുന്ന നീതി നിഷേധത്തെ കുറിച്ച് തുറന്നെഴുതുന്നത്. വനിതാ ഗുസ്തിക്കാർ നേരിടുന്ന ലൈംഗികാതിക്രമത്തെക്കുറിച്ചും ഫെഡറേഷനിലെ കെടുകാര്യസ്ഥതയെക്കുറിച്ചും സംസാരിക്കാൻ തീരുമാനിച്ചപ്പോൾ, ഞങ്ങളുടെ വാക്കുകൾ വിലയ്ക്കെടുക്കുമെന്ന് വിശ്വസിച്ചു. എന്നാൽ ആരോപണങ്ങൾ അന്വേഷിക്കാൻ കായിക മന്ത്രാലയം ഒരു മേൽനോട്ട സമിതിയെ നിയോഗിച്ചിരുന്നുവെങ്കിലും അത് കണ്ണിൽപൊടിയിടാനായിരുന്നുവെന്ന് ഇപ്പോൾ ഞങ്ങൾക്ക് അറിയാമെന്നും വിനേഷ് ഫോഗട്ട് പറയുന്നു. ''ജനുവരിയിൽ, ബജ്‌റങ് പുനിയ, സാക്ഷി മാലിക് എന്നിവ‍ർക്കൊപ്പം ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ, നീതി ലഭിക്കാൻ രണ്ടോ മൂന്നോ ദിവസത്തിൽ കൂടുതൽ എടുക്കില്ലെന്ന് ഞങ്ങൾ വിശ്വസിച്ചു. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പറയാൻ മാതൃകാപരമായ ധൈര്യം കാണിച്ച വനിതാ ഗുസ്തിക്കാരുടെ മാനത്തിന് വേണ്ടി വീണ്ടും പ്രതിഷേധിക്കേണ്ടിവരുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല''- വിനേഷ് ഫോഗട്ട് പറയുന്നു

ബ്രിജ് ഭൂഷൺ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ തങ്ങൾ ജന്തർമന്തർ വിട്ടുപോകില്ലെന്നും താരങ്ങൾ ആവർത്തിച്ചു. ഏഷ്യൻ ഗെയിംസ് അടുത്തെത്തി, ഒളിമ്പിക്‌സിനുള്ള യോഗ്യതാ ഘട്ടം ആരംഭിക്കുകയാണ്, ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡലുകൾ നേടേണ്ടതുണ്ടെങ്കിലും, ഇപ്പോൾ ഇതാണ് വലിയ പോരാട്ടം. കാരണം, നീതി ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിച്ചാൽ, ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകൾ മൗനം പാലിക്കുകയും ദുരിതം അനുഭവിക്കുകയും ചെയ്യും. അനീതി നടക്കുമ്പോൾ ഒരു സ്ത്രീ ശബ്ദം ഉയർത്തുന്നത് തെറ്റാണോ എന്നും വിനേഷ് ചോദിക്കുന്നു.

പ്രതിഷേധത്തിന്റെ തുടക്കത്തിൽ ഞങ്ങൾ രാഷ്ട്രീയ കളിയിലെ കാലാളുകളെപ്പോലെയായിരുന്നു. ഞങ്ങളുടെ ഐക്യം തകർക്കാനുള്ള ശ്രമങ്ങൾ നടന്നു. എന്നാൽ ഞങ്ങൾ പരാജയപ്പെടണമെന്ന് ആഗ്രഹിച്ചവർക്ക് ഞങ്ങളുടെ ദൃഢനിശ്ചയം തകർക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ ശക്തമായി തിരിച്ചു വന്നിരിക്കുന്നു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരുടെ ഉറപ്പിനും സ്‌പോർട്‌സ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷം ജനുവരിയിൽ മൂന്ന് ദിവസത്തിന് ശേഷം ഞങ്ങൾ ഞങ്ങളുടെ ആദ്യത്തെ പ്രതിഷേധം അവസാനിപ്പിച്ചു. എന്നാൽ അവരെ അന്ധമായി വിശ്വസിച്ചത് തെറ്റാണെന്ന് ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു.

ഏഴ് പരാതിക്കാരുണ്ടെങ്കിലും ലൈംഗികാതിക്രമത്തിന് ഇരയായവർ ഇനിയും മുന്നോട്ട് വരാൻ ഭയക്കുകയാണെന്ന് വിനേഷ് ഫോഗട്ട് പറയുന്നു. ഞങ്ങൾക്ക് കായികരംഗത്ത് ഇനി അഞ്ച് വർഷം കൂടി ഉണ്ട്. എന്നാൽ ഈ പ്രതിഷേധങ്ങൾക്ക് ശേഷം ഞങ്ങളുടെ ഭാവി എന്താകുമെന്ന് അറിയില്ല. ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ജന്തർ മന്തറിൽ ഞങ്ങളോടൊപ്പം മറ്റ് സജീവ കായികതാരങ്ങളും ചേർന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. അവരിൽ ചിലരെങ്കിലും ഒരിക്കൽ പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തു. അവരുടെ പിന്തുണയെ ഞങ്ങൾ ശരിക്കും അഭിനന്ദിക്കുന്നു. എന്നാൽ വ്യവസ്ഥിതിയെ പേടിച്ച് അവർ ഞങ്ങളെ പിന്തുണയ്ക്കാൻ വരുന്നില്ല. നിങ്ങൾക്ക് നീതിക്കുവേണ്ടി പോരാടാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ കഴുത്തിൽ മെഡലുകളുടെ അർത്ഥമെന്താണ്?. ഞങ്ങൾ വ്യവസ്ഥിതിക്കെതിരെ പോരാടുകയാണ്, അടുത്ത തലമുറയിലെ സ്ത്രീകൾക്ക് ഗുസ്തി കളിക്കാനും സുരക്ഷിതമായ അന്തരീക്ഷത്തിൽ മത്സരിക്കാനും കഴിയുന്നതിനുവേണ്ടി. പ്രതിഷേധത്തിന് ചീത്തപ്പേരുണ്ടാക്കാനും ഞങ്ങളുടെ ഐക്യം തകർക്കാനുള്ള ശ്രമങ്ങളും തുറന്ന ഭീഷണികളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഞങ്ങൾ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും വിനേഷ് ഫോഗട്ട് പറയുന്നു.

''പ്രതിഷേധങ്ങൾക്ക് ശേഷം ഞങ്ങളുടെ ഭാവി എന്താകുമെന്ന് അറിയില്ല, പോരാട്ടം തുടരുക തന്നെ ചെയ്യും'': വിനേഷ് ഫോഗട്ട്
'രണ്ടല്ല, പരാതിക്കാർ മുഴുവൻ നുണപരിശോധനയ്ക്ക് വിധേയരാകാം;' ബ്രിജ് ഭൂഷണിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഗുസ്തി താരങ്ങൾ

അതിനിടെ തനിക്കെതിരെ പ്രതിഷേധിക്കുന്ന താരങ്ങൾ നുണ പരിശോധനയ്ക്ക് തയ്യാറാകുകയാണെങ്കിൽ താനും അതിന് സമ്മതിക്കാമെന്ന് കഴിഞ്ഞ ദിവസം ബ്രിജ് ഭൂഷൺ വെല്ലുവിളിച്ചിരുന്നു. നുണപരിശോധനാ ടെസ്റ്റിന് വിധേയരാക്കാൻ തയ്യാറാണെന്ന് താരങ്ങൾ അറിയിക്കുകയും ചെയ്തു. കൂടാതെ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഈ മാസം 28ന് പാർലമെന്റിന് പുറത്ത് മഹിളാ പഞ്ചായത്ത് നടത്തുമെന്ന് കഴിഞ്ഞ ദിവസം താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഗുസ്തി താരങ്ങൾ ഇന്ത്യാ ഗേറ്റിൽ മാർച്ച് സംഘടിപ്പിക്കും.

അതേസമയം, വിഷയത്തിൽ ബിജെപി ഇതുവരെ ബ്രിജ് ഭൂഷണെതിരെ നടപടിയെടുത്തിട്ടില്ലെന്നും കാരണം കാണിക്കൽ നോട്ടീസ് പോലും നൽകിയിട്ടില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ആഴ്ച ലഖ്നൗവിൽ നടന്ന ബിജെപിയുടെ അവാധ് യൂണിറ്റിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോ​ഗത്തിൽ ബ്രിജ് ഭൂഷൺ പങ്കെടുത്തിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് മെയ് 30 മുതൽ പാർട്ടിയുടെ മഹാസമ്പർക്ക് അഭിയാന്റെ ഒരുക്കങ്ങളെക്കുറിച്ച് ച‍ർച്ച ചെയ്യാനായിരുന്നു യോ​ഗം.

logo
The Fourth
www.thefourthnews.in