ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം;  പ്രഭവ കേന്ദ്രം നേപ്പാള്‍ തന്നെ, 5.6 തീവ്രത

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം; പ്രഭവ കേന്ദ്രം നേപ്പാള്‍ തന്നെ, 5.6 തീവ്രത

നേപ്പാളിലെ ശക്തമായ ഭൂചലനം കാരണം ഇന്ത്യയിലെ വടക്കന്‍ ഭാഗങ്ങളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിഫലിക്കുന്ന രണ്ടാമത്തെ ഭൂകമ്പമാണിത്.

ഡല്‍ഹി എന്‍സിആറിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂചലനം. നേപ്പാളില്‍ ഇന്ന് ഉച്ചയ്ക്ക് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് വീണ്ടും ഇന്ത്യയില്‍ പ്രതിഫലിച്ചത്. നേപ്പാളിലെ ശക്തമായ ഭൂചലനം കാരണം ഇന്ത്യയിലെ വടക്കന്‍ ഭാഗങ്ങളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിഫലിക്കുന്ന രണ്ടാമത്തെ ഭൂകമ്പമാണിത്.

നേപ്പാളില്‍ 160 ഓളം പേര്‍ കൊല്ലപ്പെട്ട നവംബര്‍ മൂന്നിലെ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നടന്ന അതേ സ്ഥലത്ത് തന്നെയാണ് ഇത്തവണയും ഭൂചലനം നേരിട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജി പ്രകാരം 10 കിലോമീറ്റര്‍ ആഴത്തിലാണ് ഇന്ന് ഭൂകമ്പം ഉണ്ടായിരിക്കുന്നത്.

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം;  പ്രഭവ കേന്ദ്രം നേപ്പാള്‍ തന്നെ, 5.6 തീവ്രത
ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ ഭൂകമ്പം; നേപ്പാളിനൊപ്പം ഇന്ത്യക്കും മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

നേരത്തെ നേപ്പാളില്‍ നടന്ന തുടരെ തുടരെയുള്ള ഭൂകമ്പത്തെ തുടര്‍ന്ന് ഭൂകമ്പ ശാസ്ത്രജ്ഞര്‍ ഇന്ത്യയ്ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്നത്തെ ഭൂകമ്പം ഡല്‍ഹി- എന്‍സിആര്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലും പ്രതിഫലിച്ചിരുന്നു. ഹിമാലയന്‍ മേഖലയില്‍ ഏത് സമയവും വലിയ ഭൂകമ്പം ഉണ്ടാകാമെന്നാണ് നിരവധി ശാസ്ത്രജ്ഞര്‍ പ്രവചിച്ചിച്ചത്. ഭൂഗര്‍ഭപാളികളായ ഇന്ത്യന്‍ ടെക്റ്റോണിക് പ്ലേറ്റും യൂറേഷ്യന്‍ പ്ലേറ്റും തമ്മിലുള്ള കൂട്ടിയിടിക്ക് സാധ്യത കൂടുന്നുവെന്നും അതിന്റെ ഫലമായാകും ഇതെന്നും ശാസ്ത്രഞ്ജര്‍ പറഞ്ഞു.

യൂറേഷ്യന്‍ പ്ലേറ്റുമായി സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യന്‍ പ്ലേറ്റ് വടക്കോട്ട് പ്രയാണം തുടരുന്നതിനാല്‍ ഹിമാലയത്തിന് കീഴില്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നതായാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. റിക്ടര്‍ സ്‌കെയിലില്‍ എട്ടിലധികം വരുന്ന ഒന്നോ അതിലധികമോ വലിയ ഭൂകമ്പങ്ങളിലൂടെ ഹിമാലയത്തിലെ സമ്മര്‍ദ്ദം പുറത്തുവരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, നേപ്പാളില്‍ കഴിഞ്ഞ വര്‍ഷം നവംബറിലും ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. 6.3 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂകമ്പത്തില്‍ ആറ് പേരാണ് മരിച്ചത്.

logo
The Fourth
www.thefourthnews.in