മധ്യപ്രദേശും ഛത്തീസ്ഗഡും ഇന്ന് വിധിയെഴുതും; ഹൃദയഭൂമി പോരിൽ അവസാന ലാപ്പിൽ  ലാഭം കൊയ്തതാര്?

മധ്യപ്രദേശും ഛത്തീസ്ഗഡും ഇന്ന് വിധിയെഴുതും; ഹൃദയഭൂമി പോരിൽ അവസാന ലാപ്പിൽ ലാഭം കൊയ്തതാര്?

അഴിമതി മുതൽ അയോധ്യയിലെ രാമക്ഷേത്രം വരെ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ചർച്ചാവിഷയമാക്കിയിട്ടുണ്ട്. ബിജെപിയേയും കോൺഗ്രസിനെയും സംബന്ധിച്ചിടത്തോളം വിജയം അഭിമാനപ്രശ്‌നം കൂടിയാണ്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായ വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. മധ്യപ്രദേശിലെ 230 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഛത്തീസ്ഗഢിലെ രണ്ടാം ഘട്ട വോട്ടെടുപ്പും വെള്ളിയാഴ്ചയാണ് നടക്കുന്നത്. അക്ഷരാർഥത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുസംസ്ഥാനങ്ങളിലും നടക്കുന്നത്.

നിരവധി ആരോപണ പ്രത്യാരോപണങ്ങളും വികസന വാഗ്ദാനങ്ങളും കോൺഗ്രസും ബിജെപിയും ഇരു സംസ്ഥാനങ്ങളിലും നടത്തി. ഭരണം നേടിയെടുക്കുകയെന്നതല്ലാതെ മറ്റൊരു ലക്ഷ്യവും ഇരുപാർട്ടികൾക്കുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ നേട്ടം കൊയ്തത് ആരാണെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ ഇനി ഡിസംബർ 3 വരെ കാക്കണം.

പ്രചാരണം അവസാനിച്ച് പോളിങ് ബൂത്തിലേക്ക് മധ്യപ്രദേശ് എത്തുമ്പോൾ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപിയും കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

മധ്യപ്രദേശും ഛത്തീസ്ഗഡും ഇന്ന് വിധിയെഴുതും; ഹൃദയഭൂമി പോരിൽ അവസാന ലാപ്പിൽ  ലാഭം കൊയ്തതാര്?
പുത്തരിയില്‍ കല്ലുകടിച്ച് 'ഇന്ത്യ'; സംസ്ഥാനങ്ങളിൽ സാധ്യമാകാത്ത സഖ്യം ദേശീയതലത്തിൽ നടക്കുമോ?

അഴിമതിമുതൽ അയോധ്യയിലെ രാമക്ഷേത്രം വരെ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ചർച്ചാവിഷയമാക്കിയിട്ടുണ്ട്. ബിജെപിയേയും കോൺഗ്രസിനെയും സംബന്ധിച്ചിടത്തോളം മധ്യപ്രദേശിലെ വിജയം അഭിമാനപ്രശ്‌നം കൂടിയാണ്. 2018 ൽ ഭരണത്തിലേറിയ കമൽനാഥ് സർക്കാറിനെ അട്ടിമറിയിലൂടെ താഴെയിറക്കി അധികാരത്തിലേറിയ ബിജെപിക്ക് തങ്ങൾ ശരിയായിരുന്നെന്ന് തെളിയിക്കുകയാണ് പ്രധാനലക്ഷ്യമെങ്കിൽ 'ചതി'ക്കുള്ള മറുപടി നൽകി 'പ്രതികാരം' ചെയ്യുകയെന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം.

230 പേരുള്ള നിയമസഭയിൽ 116 സീറ്റുകളുടെ കേവല ഭൂരിപക്ഷം നേടിയാലാണ് ഭരണത്തിൽ ഏറാൻ സാധിക്കുക. 2018ലെ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ 114 സീറ്റുകൾ നേടിയ കോൺഗ്രസ് എസ്പിയുടെയും ബിഎസ്പിയുടെയും സ്വതന്ത്രരുടെയും സഹായത്തോടെ സർക്കാർ രൂപീകരിച്ചു. എന്നാൽ 15 മാസങ്ങൾക്ക് ശേഷം 2020 മാർച്ചിൽ കൂറുമാറിയ 22 എംഎൽഎമാരെ ഉപയോഗിച്ച് ബിജെപിയുടെ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായി അധികാരത്തിലേറി.

കമൽനാഥ്
കമൽനാഥ്

അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു തിരഞ്ഞെടുപ്പ് എത്തിയപ്പോൾ ശിവരാജ് സിങ് ചൗഹാൻ v/s കമൽനാഥ് എന്നതിന് പകരം മോദി v/s കമൽനാഥ് എന്ന രീതിയാലാണ് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചത്. മധ്യപ്രദേശിന്റെ മനസിൽ മോദി, മോദിയുടെ മനസിൽ മധ്യപ്രദേശ് എന്ന മുദ്രാവാക്യം (മോദി കേ മൻ മേ എംപി, എംപി കേ മൻ മേ മോദി) ഉയർത്തികൊണ്ടായിരുന്നു ബിജെപിയുടെ പ്രചാരണം. കോൺഗ്രസ് വരും സന്തോഷം ലഭിക്കും (കോൺഗ്രസ് ആയേഗി, ഖുഷാലി ലയേഗി) എന്നതായിരുന്നു കോൺഗ്രസിന്റെ പ്രചാരണ മുദ്രാവാക്യം.

രാമക്ഷേത്രം ആയുധമാക്കിയ ബിജെപിയും കോൺഗ്രസും

അയോധ്യയിലെ രാമക്ഷേത്രമായിരുന്നു മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഒരേപോലെ പ്രചാരണ ആയുധമാക്കിയ വിഷയം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും നേതൃത്വം നൽകിയ പ്രചാരണത്തിൽ രാമക്ഷേത്രത്തിനെ കോൺഗ്രസ് എതിർക്കുകയാണെന്നായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണം. 'മധ്യപ്രദേശിന് ഈ വർഷം മൂന്ന് ദീപാവലിയുണ്ട്. ഒന്ന് എല്ലാവരും ആഘോഷിക്കുന്ന ദീപാവലി, രണ്ട് ബിജെപി മധ്യപ്രദേശിൽ അധികാരത്തിൽ ഏറുന്ന ദിവസം, മൂന്ന് അയോധ്യയിൽ രാമക്ഷേത്രം തുറക്കുന്ന ദിവസം' എന്നായിരുന്നു ഒരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ അമിത് ഷാ പറഞ്ഞത്.

ബാബ്റി മസ്ജിദ് സമുച്ചയത്തിലെ താത്കാലിക രാമക്ഷേത്രത്തിന്റെ താക്കോൽ നൽകിയത് രാജീവ് ഗാന്ധിയാണെന്ന കാര്യം മറക്കരുതെന്നായിരുന്നു ഇതിന് മറുപടിയായി കോൺഗ്രസിന്റെ ഹിന്ദുത്വ മുഖം കൂടിയായ കമൽനാഥ് പറഞ്ഞത്. ശ്രീലങ്കയിൽ സീതാദേവിക്ക് വേണ്ടി ക്ഷേത്രം പണിയുമെന്നും കമൽനാഥ് പറഞ്ഞു. ഇതുകൂടാതെ രാം വാൻ ഗമൻ പാതയുടെ നിർമാണം പുനരാരംഭിക്കുമെന്ന് പ്രകടന പത്രികയിൽ കോൺഗ്രസ് വാഗ്ദാനം നൽകുകയും ചെയ്തു.

അഴിമതിയും ജാതിരാഷ്ട്രീയവും

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, രാജ്നാഥ് സിംഗ്, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവരായിരുന്നു മധ്യപ്രദേശിൽ ബിജെപി പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കമൽനാഥ്, മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങ് എന്നിവരായിരുന്നു കോൺഗ്രസിന്റെ മുഖ്യപ്രചാരകർ.

2003 മുതൽ 2023 വരെയുള്ള ഇരുപത് വർഷകാലത്തിനിടയ്ക്ക് രണ്ട് വർഷം മാത്രമാണ് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലിരുന്നത്. ബിജെപി അധികാരത്തിലിരുന്ന 220 മാസത്തിനിടയ്ക്ക് 225 അഴിമതികൾ നടന്നെന്നാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തന്റെ പ്രചരണത്തിനിടെ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ 3 വർഷത്തിനിടെ 21 ഗവൺമെന്റ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിച്ചിട്ടുള്ളുവെന്നും കോൺഗ്രസ് ആരോപിച്ചു.

സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ മധ്യപ്രദേശിൽ 50 ശതമാനം കമ്മീഷൻ ബിജെപി അടിച്ചുമാറ്റുകയാണെന്നും കമ്മീഷൻ രാജാണ് മധ്യപ്രദേശിൽ നടക്കുന്നതെന്നുമാണ് കോൺഗ്രസിന്റെ ആരോപണം. അതേസമയം മുൻ കാലങ്ങളിൽ ഭരിച്ച കോൺഗ്രസ് സർക്കാരുകളാണ് മധ്യപ്രദേശിലെ വികസന പിന്നാക്ക അവസ്ഥയ്ക്ക് കാരണമെന്നാണ് ബിജെപി വാദം. നിരന്തരമുണ്ടായിരുന്ന പവർ കട്ടും മോശം റോഡുകളുമായി മധ്യപ്രദേശ് പിന്നാക്ക അവസ്ഥയിലായിരുന്നെന്നും ബിജെപിയാണ് ഈ അവസ്ഥയിൽ നിന്ന് മധ്യപ്രദേശിനെ കരകയറ്റിയതെന്നുമായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണം. കോൺഗ്രസ് വീണ്ടും അധികാരത്തിൽ ഏറിയാൽ സംസ്ഥാനം വീണ്ടും മോശം അവസ്ഥയിലേക്ക് പോകുമെന്നും ബിജെപി പറഞ്ഞിരുന്നു.

ജാതി രാഷ്ട്രീയമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മറ്റൊരു പ്രധാന വിഷയം. തങ്ങളുടെ പ്രകടന പത്രികയിൽ ബിജെപിയും കോൺഗ്രസും ആദിവാസി വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കുമായി നിരവധി പദ്ധതികളാണ് പങ്കുവച്ചത്. ജാതി സെൻസസ് എന്ന ആവശ്യം മുൻ നിർത്തിയായിരുന്നു കോൺഗ്രസിന്റെ പ്രധാനപ്രചാരണം. ഇതിന് പുറമെ ഒബിസി വിഭാഗത്തിന് 25 ശതമാനം സംവരണവും കോൺഗ്രസ് വാഗ്ദാനം ചെയ്തു. ആദിവാസി വിഭാഗത്തിന്റെ മുന്നേറ്റത്തിനായി മൂന്ന് ലക്ഷം രൂപ വീതം നൽകുമെന്നും എസ്ടി വിഭാഗത്തിന് മാത്രമായി ഏകലവ്യ വിദ്യാലയങ്ങള്‍ സ്ഥാപിക്കുമെന്നുമായിരുന്നു ബിജെപിയുടെ വാഗ്ദാനം.

'ഇന്ത്യ സഖ്യം' കോൺഗ്രസിന്റെ ആശങ്ക

തിരഞ്ഞെടുപ്പിന് മുമ്പായി രൂപീകരിച്ച ഇന്ത്യ സഖ്യം സംസ്ഥാന തിരഞ്ഞെടുപ്പിൽ നടപ്പാക്കാൻ സാധിക്കാത്തതാണ് കോൺഗ്രസ് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന്. കോൺഗ്രസ് തന്നെയാണ് ഇന്ത്യ മുന്നണിക്ക് തുരങ്കം വച്ചതെന്നാണ് സഖ്യ കക്ഷികളായ എസ്പിയും ഇടതുപാർട്ടികളും ആരോപിച്ചത്. നേരിയ വോട്ടുകൾക്ക് കോൺഗ്രസ് പരാജയപ്പെട്ട ഒന്നിലധികം മണ്ഡലങ്ങളായിരുന്നു 2018 ൽ ഉണ്ടായിരുന്നത്.

സഖ്യ ചർച്ചകൾ ഫലത്തിലാവാതെ വന്നതോടെ ഇന്ത്യാ സഖ്യത്തിലെ കക്ഷികളായ എസ്പിയും ജെഡിയുവും ആംആദ്മി പാർട്ടിയും സിപിഎമ്മും സിപിഐയും സ്വന്തമായി സ്ഥാനാർഥികളെ തിരഞ്ഞെടുപ്പിൽ നിർത്തി. സംസ്ഥാനത്തെ സീറ്റുകളിൽ കോൺഗ്രസ് നീക്കുപോക്കുകൾ ഉണ്ടാക്കുമെന്നും പരസ്പര ധാരണകൾ ഉണ്ടാകുമെന്നുമായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യാ മുന്നണിയിലെ പാർട്ടികളുടെ പ്രതീക്ഷകൾ. എന്നാൽ ഇത് അസ്ഥാനത്തായി എന്നുമാത്രമല്ല 230 സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. 92 സീറ്റുകളിലാണ് ഇന്ത്യാമുന്നണി മധ്യപ്രദേശിൽ പരസ്പരം മത്സരിക്കുന്നത്. ഇതിന് പുറമെ ബിഎസ്പി അടക്കമുള്ള പാർട്ടികൾ പിടിക്കുന്ന വോട്ടുകളും സംസ്ഥാനത്ത് നിർണായകമാകൂം.

മധ്യപ്രദേശും ഛത്തീസ്ഗഡും ഇന്ന് വിധിയെഴുതും; ഹൃദയഭൂമി പോരിൽ അവസാന ലാപ്പിൽ  ലാഭം കൊയ്തതാര്?
'രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്ക്, ലോക്ക് തുറന്നത് രാജീവ്'; ഹിന്ദുത്വം കടുപ്പിച്ച് മധ്യപ്രദേശിൽ കമൽ നാഥ്

സാധ്യത തൂക്കുമന്ത്രിസഭയ്‌ക്കോ ?

വിവിധ ഘട്ടങ്ങളിലായി നടന്ന അഭിപ്രായവോട്ടെടുപ്പുകളിൽ മധ്യപ്രദേശിൽ തൂക്കുമന്ത്രി സഭയ്ക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. എന്നാൽ അവസാനഘട്ട അഭിപ്രായ വോട്ടെടുപ്പിൽ എബിപി ന്യൂസ്-സീ വോട്ടർ കോൺഗ്രസിനാണ് സാധ്യത കൽപ്പിക്കുന്നത്. 118 മുതൽ 130 സീറ്റുകൾ വരെ കോൺഗ്രസിന് ലഭിക്കുമെന്നാണ് സർവേ ഫലം. ആദ്യ രണ്ട് ഘട്ടങ്ങളിൽ നടന്ന എബിപിയുടെ തന്നെ അഭിപ്രായ സർവേയിൽ കോൺഗ്രസിന് നേരിയ മുൻതൂക്കമായിരുന്നു കൽപ്പിച്ചിരുന്നത്. അതേസമയം ഇന്ത്യ ടിവി സിഎൻഎക്‌സ് സർവേ പ്രകാരം ബിജെപി 119 സീറ്റുകൾ നേടുമെന്നാണ് പ്രവചനം.

ശിവരാജ് സിങ് ചൗഹാന്‍
ശിവരാജ് സിങ് ചൗഹാന്‍

രണ്ടാം ഘട്ടത്തിൽ മാറി മറിയുന്ന ഛത്തീസ്ഗഢ്, പ്രതീക്ഷകളോടെ ബിജെപിയും കോൺഗ്രസും

അവസാനഘട്ട അഭിപ്രായ സർവേയ്ക്കും ആദ്യഘട്ട വോട്ടെടുപ്പിനും പിന്നാലെയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയരുന്നത്. കോൺഗ്രസ് തന്നെ അധികാരത്തിൽ എത്തുമെന്നാണ് വിവിധ അഭിപ്രായ സർവേകൾ വിലയിരുത്തിയിരുന്നത്. 90 നിയമസഭ മണ്ഡലങ്ങളുള്ള ചത്തീസ്ഗഢിൽ 70 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

നവംബർ നാലിന് നടന്ന എബിപി ന്യൂസ് സീ വോട്ടർ അഭിപ്രായ സർവേയിൽ 45 മുതൽ 51 സീറ്റുകൾ നേടി കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ 36 മുതൽ 42 സീറ്റുകളാണ് ബിജെപിക്ക് പ്രവചിച്ചത്. എന്നാൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായിട്ടാണ് മഹാദേവ് ആപ്പ് ആഴിമതിയിൽ മുഖ്യമന്ത്രിയുടെ പേരിൽ അഴിമതിയാരോപണം ഉയർന്നത്. ഇതിന് പുറമെ റിക്രൂട്ട്മെന്റ് അഴിമതി, നക്സലിസം എന്നിവയും ബിജെപി തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുന്നുണ്ട്.

മധ്യപ്രദേശും ഛത്തീസ്ഗഡും ഇന്ന് വിധിയെഴുതും; ഹൃദയഭൂമി പോരിൽ അവസാന ലാപ്പിൽ  ലാഭം കൊയ്തതാര്?
വിജയം 'കൊയ്‌തെടുക്കാന്‍' കോണ്‍ഗ്രസും ബിജെപിയും; ഫിനിഷിങ്ങില്‍ ഛത്തിസ്‌ഗഢില്‍ നെല്‍കര്‍ഷകരെ ലക്ഷ്യമിട്ട് പാര്‍ട്ടികള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരാണ് ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ എന്നിവർ കോൺഗ്രസിന് വേണ്ടിയും പ്രചാരണം ഏറ്റെടുത്തു.

മഹാദേവ് ആപ്പ് അഴിമതി ബിജെപി ഉയർത്തിയപ്പോൾ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ഭീഷണിപ്പെടുത്തുന്ന സ്ഥിരം ബിജെപി നമ്പർ മാത്രമാണ് ഇതെന്നായിരുന്നു മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഇതിനെ വിശേഷിപ്പിച്ചത്. ഇതിന് പുറമെ പാർട്ടി അധികാരം നിലനിർത്തിയാൽ, സംസ്ഥാനത്തെ വിവാഹിതരായ സ്ത്രീകൾക്ക് 15,000 രൂപ വാർഷിക ധനസഹായം ലഭിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ബിജെപി പ്രകടന പത്രികയിൽ പ്രതിവർഷം 12000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇത്.

ഭൂപേഷ് ബാഗേൽ
ഭൂപേഷ് ബാഗേൽ

ഛത്തീസ്ഗഢ് 2023-ന് മോദിയുടെ ഗ്യാരണ്ടി എന്ന മുദ്രാവാക്യമായിരുന്നു തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ട് വച്ചത്. ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുമെന്നും നെല്ലിന്റെ കുറഞ്ഞ താങ്ങുവില ക്വിന്റലിന് 3,100 രൂപയായി ഉയർത്തുമെന്നും വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുമെന്നും ബിജെപി വാഗ്ദാനം ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിപരീതമായി മതരാഷ്ട്രീയവും ബിജെപി മധ്യപ്രദേശിൽ വൻ രീതിയിൽ ഉപയോഗിച്ചു.

ലവ് ജിഹാദും മതപരിവർത്തന ആരോപണവും

ലവ് ജിഹാദ് ആരോപണങ്ങളും മതപരിവർത്തന ആരോപണങ്ങളും മധ്യപ്രദേശിൽ ബിജെപി പ്രചരണ ആയുധങ്ങളാക്കി. മുഖ്യമത്രി ഭൂപേഷ് ബാഗേൽ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്നും സംസ്ഥാനത്ത് മതപരിവർത്തനവും ലവ് ജിഹാദും ശക്തമാണെന്നും കേന്ദ്രമന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. നക്സലൈറ്റുകളോട് കോൺഗ്രസ് മൃദുസമീപനം പുലർത്തുന്നുണ്ടെന്നും അടുത്ത കാലത്തായി സംസ്ഥാനത്ത് നക്സൽ അക്രമങ്ങൾ വർധിച്ചിട്ടുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു.

എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെ ജാതി സെൻസസും ഒബിസി സംവരണവും തന്നെയായിരുന്നു കോൺഗ്രസിന്റെ പ്രധാന പ്രചാരണ വിഷയം.

രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

ഇന്ത്യാ മുന്നണി ഛത്തീസ്ഗഢിലും കോൺഗ്രസിന് വെല്ലുവിളി

ഛത്തീസ്ഗഢിലെ 90 സീറ്റുകളിലും കോൺഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷിയായ ആം ആദ്മി പാർട്ടി 57 സീറ്റുകളിലും ഇടതുമുന്നണി 19 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഇതിന് പുറമെ ബിഎസ്പി സഖ്യവും ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് പാർട്ടിയും സംസ്ഥാനത്ത് കനത്ത മത്സരം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതുമുന്നണി മത്സരിക്കുന്ന 19 സീറ്റുകളിൽ 16 സീറ്റിൽ സിപിഐയും 3 സീറ്റുകളിൽ സിപിഎമ്മും മത്സരിക്കുന്നു.

logo
The Fourth
www.thefourthnews.in