'ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല?'; എസ്ബിഐക്കെതിരെ വീണ്ടും സുപ്രീംകോടതി

'ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല?'; എസ്ബിഐക്കെതിരെ വീണ്ടും സുപ്രീംകോടതി

മുഴുവൻ വിവരങ്ങളു എന്തുകൊണ്ട് വെളിപ്പെടുത്തിയില്ലെന്ന് തിങ്കളാഴ്ചക്കകം വ്യക്തമാക്കണമെന്ന് കോടതി

ഇലക്ടറല്‍ ബോണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുന്നതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)യ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമർശം. ബോണ്ട് നമ്പറുകൾ എസ്ബിഐ എന്തുകൊണ്ട് വെളിപ്പെടുത്തിയില്ലെന്ന് കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് എസ്‌ബിഐക്ക് നോട്ടീസ് അയച്ച കോടതി, എന്തുകൊണ്ട് മുഴുവൻ വിവരവും വെളിപ്പെടുത്തിയില്ലെന്ന് തിങ്കളാഴ്ചയ്ക്കകം വ്യക്തമാക്കണമെന്നും നിർദേശിച്ചു.

ആരാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായിരിക്കുന്നതെന്നു ചോദിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിമർശം. ''അവർ ബോണ്ട് നമ്പറുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത് വെളിപ്പെടുത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാധ്യസ്ഥരാണ്," ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമർപ്പിച്ച ഹർജി പരിഗണിച്ചത്. സീല്‍ഡ് കവറില്‍ നല്‍കിയ രേഖകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷന്‍ കോടതിയെ സമീപിച്ചത്.

'ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല?'; എസ്ബിഐക്കെതിരെ വീണ്ടും സുപ്രീംകോടതി
ഇലക്ടറല്‍ ബോണ്ട് സംഭാവന: സാന്റിയാഗൊ മാർട്ടിന്‍ ഒന്നാമത്, 1368 കോടി രൂപ; മുന്നിലുള്ള കമ്പനികളില്‍ മൂന്നും ഇഡി റഡാറിലുള്ളവ

രേഖകളുടെ രഹസ്യാത്മക നിലനിർത്തുന്നതിനായി കോപ്പികളൊന്നും കൈവശം വെച്ചിട്ടില്ലെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു. കമ്മീഷന്‍ സമർപ്പിച്ച രേഖകള്‍ സ്കാന്‍ ചെയ്ത് നാളെ വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ ഡിജിറ്റൈസ് ചെയ്യണമെന്ന് രജിസ്ട്രാർ ജുഡീഷ്യലിന് കോടതി നിർദേശം നല്‍കി. ഇതിനുശേഷം യഥാർത്ഥ രേഖകള്‍ കമ്മീഷന് കൈമാറണമെന്നും കോടതി പറഞ്ഞു.

മാര്‍ച്ച് 12നാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈമാറിയത്. 12 ന് ബാങ്ക് പ്രവൃത്തി സമയം അവസാനിക്കും മുമ്പ് വിവരങ്ങള്‍ കൈമാറണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് വൈകിട്ട് അഞ്ചരയോടെയാണ് കമ്മീഷന് എസ്ബിഐ വിവരങ്ങള്‍ നല്‍കിയത്. വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30 വരെ സമയം വേണമെന്ന് ആവശ്യപ്പെട്ട എസ്ബിഐയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം 15-ന് വിവരങ്ങള്‍ കൈമാറണമെന്ന് തങ്ങള്‍ ഉത്തരവിട്ടശേഷം 26 ദിവസം ബാങ്ക് എന്തു നടപടി സ്വീകരിച്ചുവെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.

ഇന്നലെ വൈകിട്ടാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തിയത്. മാര്‍ച്ച് 15-നകം വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി നല്‍കിയ നിര്‍ദേശം. എന്നാല്‍ സമയപരിധിക്ക് ഒരു ദിനം മുമ്പേ തന്നെ കമ്മീഷന്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in