മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ: അയയാതെ ഖത്തര്‍, ഇന്ത്യക്ക് മുന്നില്‍ ഇനി വഴിയെന്ത്?

മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ: അയയാതെ ഖത്തര്‍, ഇന്ത്യക്ക് മുന്നില്‍ ഇനി വഴിയെന്ത്?

ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിരമിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു

ഒക്ടോബര്‍ 26ന് ഖത്തറില്‍നിന്ന് വന്ന വാര്‍ത്ത ഇന്ത്യയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇന്ത്യന്‍ നാവികസേനയില്‍നിന്ന് വിരമിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്ക് . ചാരവൃത്തിക്കുറ്റം ആരോപിച്ച്‌ ഖത്തര്‍ കോടതി വധശിക്ഷ വിധിച്ച വാര്‍ത്തയായിരുന്നു അത്. ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യനീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയതാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എട്ട് പേരുടെയും മോചനത്തിനുവേണ്ടി അവരുടെ കുടുംബാംഗങ്ങള്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. വിധി ഞെട്ടിക്കുന്നതാണെന്ന് പരാമര്‍ശിച്ച കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ള വഴി ഇനിയെന്തായിരിക്കും? എട്ട് പേരുടെയും മോചനത്തിനായി ഇന്ത്യയുടെ ശ്രമങ്ങള്‍ എങ്ങനെയായിരിക്കും. ഇന്ത്യയുടെ സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ ഖത്തര്‍ വഴങ്ങുമോ?

ഇന്ത്യയ്ക്ക് മുന്നിലുള്ള വഴിയെന്ത്?

ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ചത്. 2022 ഓഗസ്റ്റ് 30ന് രാത്രിയാണ് എട്ട് പേരെയും ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്.

ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണം പശ്ചിമേഷ്യയാകെ കലുഷിതമാക്കിയ സാഹചര്യത്തിലാണ് ഖത്തർ കോടതിയുടെ വിധി വന്നിരിക്കുന്നത്. ഒക്ടോബര്‍ 26ന് വിധി വരുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ: അയയാതെ ഖത്തര്‍, ഇന്ത്യക്ക് മുന്നില്‍ ഇനി വഴിയെന്ത്?
എട്ട് മുൻ ഇന്ത്യന്‍ നാവികർക്ക് ഖത്തർ വധശിക്ഷ വിധിച്ചത് എന്തിന്? എന്താണ് അൽ ദഹ്‌റ കേസ്?

ഖത്തര്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഖത്തറിലെ ഉന്നത നിയമവിദഗ്ദരെ ഇന്ത്യ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാപ്പ് നല്‍കാന്‍ അവകാശമുള്ള ഖത്തര്‍ അമീറിന് ദയാഹര്‍ജിയും ഇന്ത്യ നല്‍കും.

അല്ലെങ്കില്‍ 2015ല്‍ ഖത്തര്‍ ഭരണാധികാരിയായ തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഇന്ത്യാ സന്ദര്‍ശന സമയത്ത് ഒപ്പുവച്ച തടവുകാരെ കൈമാറാനുള്ള കരാര്‍ സജീവമാക്കുകയെന്ന ഉപാധിയും ഇന്ത്യക്ക് മുന്നിലുണ്ട്. ഈ കരാര്‍ പ്രകാരം കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനായി സ്വന്തം രാജ്യത്തേക്ക് വിട്ട് നല്‍കാവുന്നതാണ്. എന്നാല്‍ ഈ വധശിക്ഷ തടവ് ശിക്ഷയാക്കി മാറ്റുകയെന്ന വെല്ലുവിളി ഇന്ത്യക്ക് മുന്നിലുണ്ട്. അവസാന മാര്‍ഗം എന്ന നിലയില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചേക്കാം.

ഇന്ത്യയോടുള്ള ഖത്തർ സമീപനം

പ്രത്യക്ഷത്തില്‍ ഇന്ത്യയും ഖത്തറും തമ്മില്‍ ശക്തമായ വ്യാപാര ബന്ധമാണുള്ളത്. ഖത്തറിന്റെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2022ല്‍ മാത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി വ്യാപാരം 1700 കോടിയിലെത്തി. എല്‍എന്‍ജി വാതകങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നതും പ്രധാനമായും ഖത്തറില്‍ നിന്നാണ്. ആവശ്യമുള്ളതിലും 40 ശതമാനമാണ് ഖത്തര്‍ കയറ്റിയയക്കുന്നത്.

ഖത്തറില്‍ ഏകദേശം ഏഴ് ലക്ഷം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ആയിരക്കണക്കിന് ഇന്ത്യന്‍ കമ്പനികള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഗള്‍ഫ് സഹകരണം സമിതി (ജി സി സി) ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും മറ്റ് സാധനങ്ങളും വിമാനത്തിലെത്തിക്കാന്‍ ഇന്ത്യ സഹായിച്ചിട്ടുമുണ്ട്. പ്രതിരോധ രംഗത്തും ഇരു രാജ്യങ്ങള്‍ തമ്മില്‍ സഹകരണം നില്‍ക്കുന്നുണ്ട്.

അതേമസമയം, ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനോട് പരസ്യമായ വിയോജിപ്പുകളും ഖത്തർ ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം ബി ജെ പി നേതാവ് നൂപുർ ശർമ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in