താങ്ങുവിലയിൽ ഓർഡിനൻസ് കൊണ്ടുവരണം; നാലാംഘട്ട ചർച്ചയ്ക്ക് മുൻപ് നിലപാട് കടുപ്പിച്ച് കർഷകർ

താങ്ങുവിലയിൽ ഓർഡിനൻസ് കൊണ്ടുവരണം; നാലാംഘട്ട ചർച്ചയ്ക്ക് മുൻപ് നിലപാട് കടുപ്പിച്ച് കർഷകർ

നേരത്തെ വിട്ടു നിന്ന കർഷക സംഘടനകളിൽ നിന്നും ഇപ്പോൾ സമരത്തിന് പിന്തുണലഭിക്കുന്നുണ്ട്

കർഷക സമരം അതിന്റെ ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ കുറഞ്ഞ താങ്ങുവില ഉറപ്പാക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരണം എന്ന ആവശ്യമാണ് കർഷകർ പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്. മന്ത്രിതല സംഘവുമായി ഇന്ന് നടക്കാനിരിക്കുന്ന നാലാം ഘട്ട ചർച്ചയിൽ ഈ വിഷയം ഉയർത്തിക്കാണിക്കുകയാണ് കർഷകരുടെ പ്രധാന അജണ്ട. ശനിയാഴ്ച പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകരുടെ സംഘത്തെ ഹരിയാനയിലേക്ക് കടക്കാൻ സമ്മതിക്കാതെ തടഞ്ഞ സാഹചര്യത്തിലാണ് യോഗത്തിൽ ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യമുന്നയിക്കുമെന്ന് കർഷക നേതാക്കൾ പറഞ്ഞത്.

താങ്ങുവിലയിൽ ഓർഡിനൻസ് കൊണ്ടുവരണം; നാലാംഘട്ട ചർച്ചയ്ക്ക് മുൻപ് നിലപാട് കടുപ്പിച്ച് കർഷകർ
ഭാരതരത്‌നയ്ക്കും തടുക്കാനായില്ല; ഡല്‍ഹിയിലേക്ക് വീണ്ടും ട്രാക്ടറുകള്‍ ഉരുളുന്നത് എന്തിന്?

സർക്കാരിന് കർഷക സമരം അവസാനിക്കണമെന്ന് ഉദ്ദേശമുണ്ടെങ്കിൽ ഉടൻ തന്നെ ഓർഡിനൻസ് കൊണ്ടുവരണം. അതിനു തയ്യാറാണെങ്കിൽ മറ്റു ചർച്ചകളുമായി മുന്നോട്ടു പോകാം. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രസിഡന്റ് ശരവൺ സിംഗ് പന്ദേർ പറഞ്ഞു. പന്ദേറിന്റെ നേതൃത്വത്തിലുള്ള കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയും ജഗ്ജീത് സിംഗ് ദല്ലേവാൽ നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂണിയനും ചേർന്നാണ് ഇപ്പോഴത്തെ കർഷകസമരത്തിന് നേതൃത്വം നൽകുന്നത്. കർഷകരെ ഇപ്പോൾ ഹരിയാന, പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തിയിൽ പോലീസ് തടഞ്ഞിരിക്കുകയാണ്.

ശനിയാഴ്ച സമരം ചെയ്യുന്ന പഞ്ചാബിലെ കർഷകർക്ക് പിന്തുണയുമായി ഹരിയാനയിലെ കർഷകർ സംസ്ഥാനം മുഴുവൻ ട്രാക്ടർ റാലി നടത്തിയിരുന്നു. ആ റാലിയിലും മുന്നോട്ടു വച്ചത് പുതുക്കിയ താങ്ങുവില നിശ്ചയിക്കണമെന്ന ആവശ്യമായിരുന്നു. 2021 ഡിസംബറിൽ കർഷക സമരം അവസാനിപ്പിക്കുമ്പോൾ കുറഞ്ഞ താങ്ങുവില നൽകുമെന്ന ഉറപ്പ് കേന്ദ്ര സർക്കാർ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ മലക്കം മറിയുകയാണെന്ന് കർഷകർ പറയുന്നു. 2011ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് മുഖ്യമന്ത്രിമാരെ ഉൾപ്പെടുത്തിക്കൊണ്ട് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സമിതി രൂപീകരിച്ചിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനോട് കുറഞ്ഞ താങ്ങുവിലയ്ക്ക് നിയമപരമായി സാധുത നൽകണമെന്നാവശ്യപ്പെട്ട നരേന്ദ്രമോദി തന്നെയാണ് ഇപ്പോഴും അത് നടപ്പിലാക്കാതെ തുടരുന്നത് എന്ന വിമർശനമാണ് ഭാരതീയ കിസാൻ യൂണിയൻ ഉന്നയിക്കുന്നത്.

വളരെ ശക്തമായി നരേന്ദ്രമോദി സർക്കാരിനെതിരെ സംസാരിക്കുന്ന ഭാരതീയ കിസാൻ യൂണിയന്റെ പ്രസിഡന്റായ ചാരുണിയുടെ വാക്കുകൾ പഞ്ചാബിനപ്പുറം ഹരിയാനയിലും കർഷകരെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. നേരത്തെ വിട്ടു നിന്ന കർഷക സംഘടനകളിൽ നിന്നും ഇപ്പോൾ സമരത്തിന് പിന്തുണലഭിക്കുന്നു. പഞ്ചാബിലെ മറ്റൊരു കർഷക സംഘടനയാണ് ഭാരതീയ കിസാൻ യൂണിയൻ (ഏകത ഉഗ്രഹൻ). അവരിൽ നിന്ന് വലിയ പിന്തുണ സമരത്തിനിപ്പോൾ കിട്ടുന്നുണ്ട്. ഇന്ന് ബികെയു (ഏക്താ ഉഗ്രഹാൻ) സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ മുഴുവൻ ട്രാക്ടർ റാലികൾ നടത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. പടിഞ്ഞാറൻ യുപിയിൽ രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലുള്ള ഭാരതീയ കിസാൻ യൂണിയൻ ധർണ നടത്തും. യുപി കൂടാതെ ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ഫെബ്രുവരി 21ന് സമാനമായ സമര പരിപാടികൾ സങ്കടിപ്പിക്കാനാണ് കരുതുന്നത്.

കർഷകരുടെ ആവശ്യം സ്വാമിനാഥൻ കമ്മിഷൻ നൽകിയ നിർദേശമായ 'സി2 പ്ലസ് ഫിഫ്റ്റി പെർസെന്റ്' എന്ന സംവിധാനമാണ്. ഈ സംവിധാനത്തിൽ വിളകളുടെ വിലയിൽ ഓരോ കുടുംബവും അത് കൃഷി ചെയ്യാനെടുത്ത ജോലിയുടെ മൂല്യവും കൃഷി ചെയ്ത ഭൂമി, അത് സ്വന്തമാണെങ്കിലും പാട്ടത്തിനെടുത്തതാണെങ്കിലും അതിന്റെ കൂടി മൂല്യവും ഉൾപ്പെടും. എന്നാൽ സർക്കാർ പിന്തുണയ്ക്കുന്ന 'എ2 പ്ലസ് എഫ്എൽ' എന്ന സംവിധാനത്തിൽ വിളയുടെ വിലയും കുടുംബാംഗങ്ങൾ ചെയ്ത ജോലിയുടെ മൂല്യവും മാത്രമാണ് ഉൾപ്പെടുന്നത്.

താങ്ങുവിലയിൽ ഓർഡിനൻസ് കൊണ്ടുവരണം; നാലാംഘട്ട ചർച്ചയ്ക്ക് മുൻപ് നിലപാട് കടുപ്പിച്ച് കർഷകർ
'പോലീസ് പെരുമാറിയത് തീവ്രവാദികളോടെന്നപോലെ, അവര്‍ക്കും റൊട്ടി പകുത്ത് നല്‍കി കര്‍ഷകർ'; ശംഭു അതിർത്തിയിലെ കാഴ്ചകൾ

കാർഷിക കടങ്ങൾ എഴുതി തള്ളുന്ന കാര്യത്തിലും സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് സമരത്തിന്റെ ഭാഗമായ കർഷകർക്ക് വിമർശനമുണ്ട്. സർക്കാരിന് വേണമെങ്കിൽ ബാങ്കുകളിൽ നിന്ന് കണക്കുകൾ ലഭ്യമാക്കാവുന്നതേ ഉള്ളു. സംസ്ഥാനങ്ങളോടുകൂടി ആലോചിച്ചിട്ടു മാത്രമേ കടം എഴുതി തള്ളാൻ സാധിക്കൂ എന്നാണ് കേന്ദ്രം ഇപ്പോൾ പറയുന്നത്. സംസ്ഥാനങ്ങൾ അവിടെ ഇരിക്കട്ടെ, കേന്ദ്രത്തിന്റെ ഭാഗമായ ദേശസാൽകൃത ബാങ്കുകളിൽ നിന്ന് കടങ്ങൾ എഴുതി തള്ളുന്നത് ചിന്തിച്ചു കൂടെ എന്ന് കർഷകർ ചോദിക്കുന്നു.

വ്യാഴാഴ്ച രാത്രി വൈകിയും തുടർന്ന കർഷകരുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി അർജുൻ മുണ്ട ഞായറാഴ്ച നടക്കുന്ന നാലാം വട്ട ചർച്ചയിൽ പ്രതീക്ഷയർപ്പിക്കുന്നതായി പറഞ്ഞിരുന്നു. മന്ത്രിമാരായ പിയുഷ് ഖോയലും നിത്യാനന്ദ റായ്‌യുമാണ് കർഷകരുമായി ചർച്ച നടത്തിയ മറ്റു മന്ത്രിമാർ.

logo
The Fourth
www.thefourthnews.in