നടികര്‍ തിലകം മുതല്‍ ഉലക നായകന്‍ വരെ; വിജയ് വരുമ്പോള്‍ മറക്കരുത്, ദ്രാവിഡ രാഷ്ട്രീയത്തില്‍ തോറ്റുപോയ താരങ്ങളെ

നടികര്‍ തിലകം മുതല്‍ ഉലക നായകന്‍ വരെ; വിജയ് വരുമ്പോള്‍ മറക്കരുത്, ദ്രാവിഡ രാഷ്ട്രീയത്തില്‍ തോറ്റുപോയ താരങ്ങളെ

വര്‍ഷങ്ങളായുള്ള തയാറെടുപ്പുകള്‍ക്കും വിലയിരുത്തലുകള്‍ക്കും കളമൊരുക്കങ്ങള്‍ക്കും ശേഷമാണ് വിജയ് യുടെ രാഷ്ട്രീയ പ്രവേശം

വിജയ് രാഷ്ട്രീയത്തില്‍ അവതരിക്കാന്‍ പോകുന്നു. 2026 നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുമ്പോള്‍, ദ്രാവിഡ രാഷ്ട്രീയത്തില്‍ ഇതിനു മുന്‍പ് ഭാഗ്യ പരീക്ഷണം നടത്തി കളം പിടിക്കാതെ പോയ താരങ്ങളുടെ ഗതിയാകുമോ ദളപതിയേയും കാത്തിരിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍, കളിക്കാനിറങ്ങുന്നത് വിജയ് ആണ് എന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ ആത്മവിശ്വാസം. പെട്ടെന്നൊരു ദിവസം രാഷ്ട്രീയത്തിലേക്കിറങ്ങി സര്‍വ്വവും സ്വന്തമാക്കാം എന്ന ലക്ഷ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ടയാളല്ല വിജയ്. വര്‍ഷങ്ങളായുള്ള തയാറെടുപ്പുകള്‍ക്കും വിലയിരുത്തലുകള്‍ക്കും കളമൊരുക്കങ്ങള്‍ക്കും ശേഷമാണ് വിജയുടെ രാഷ്ട്രീയ പ്രവേശം. 2026 വിജയിയും ഉദയനിധി സ്റ്റാലിനും തമ്മിലുള്ള ഏറ്റുമുട്ടലിന് സാക്ഷിയാകുമോ എന്നാണ് ദ്രാവിഡ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

സിനിമയും രാഷ്ട്രീയവും തമ്മില്‍ അത്രമേല്‍ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ഭൂമികയാണ് തമിഴ്‌നാടെന്ന് പറയുമ്പോഴും വെള്ളിത്തിരയില്‍ നിന്നിറങ്ങി വന്ന എല്ലാവരേയും വാഴിച്ച ചരിത്രമില്ല തമിഴകത്തിന്. വന്ന പലരും അതേ വേഗത്തില്‍ മടങ്ങിപ്പോയ ചരിത്രം കൂടിയുണ്ട്. എംജിആറിനും ജയലളിതയ്ക്കും വിജയകാന്തിനും ശേഷം സിനിമയില്‍ നിന്നൊരു തീപ്പൊരി നേതാവുണ്ടായിട്ടില്ല തമിഴ്‌നാട്ടില്‍. ശിവാജി ഗണേശന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുപോയി. രജനികാന്തിന്റെ രാഷ്ട്രീയ മോഹങ്ങള്‍ എങ്ങുമെത്താതെ കരിഞ്ഞു. ഏറെ പ്രതീക്ഷയോടെ വന്ന കമല്‍ഹാസന്‍ കളം പിടിക്കാന്‍ സാധിക്കാതെ ഡിഎംകെയുടെ കാരുണ്യത്തിന് കാത്തു നില്‍ക്കുന്നു. ശരത് കുമാര്‍, കാര്‍ത്തിക്ക്, ഭാഗ്യരാജ്, തുടങ്ങി നിരവധി പേരാണ് രാഷ്ട്രീയത്തില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങി ദയനീയമായി പരാജയപ്പെട്ടത്. എംജിആര്‍ തെളിച്ച വഴിയില്‍ തങ്ങളേയും ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ച ഇവര്‍ക്കെല്ലാം അപ്പാടെ തെറ്റിപ്പോയി.

'നടികര്‍ തിലക'ത്തിന്റെ പതനം

ശിവാജി ഗണേശന്‍ ആയിരുന്നു അക്കൂട്ടത്തില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട സൂപ്പര്‍താരം. സമകാലികനായ എംജിആറിനെപ്പോലെ ദ്രാവിഡ കഴകത്തിലൂടേയായിരുന്നു ശിവാജി ഗണേശന്റേയും രാഷ്ട്രീയ പ്രവേശനം. 1949-ല്‍ അണ്ണാ ദുരൈയുടെ നേതൃത്വത്തില്‍ ഡിഎംകെ രൂപീകരിച്ചപ്പോള്‍ ശിവാജി ഗണേശനും പാര്‍ട്ടിയുടെ പ്രധാന മുഖമായിരുന്നു. എന്നാല്‍, അന്‍പതുകളില്‍ വിശ്വാസത്തിന്റേയും അവിശ്വാസത്തിന്റേയും പേരില്‍ ഡിഎംകെയില്‍ പോര് കടുത്തപ്പോള്‍ നടികര്‍ തിലകം ദ്രാവിഡ മുന്നേറ്റ കഴകവുമായുള്ള ബന്ധം ഉപേക്ഷിച്ചു. തമിഴ് നാഷണല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് കോണ്‍ഗ്രസിനൊപ്പം കൂടി. കാമരാജിനോടുള്ള അടുപ്പമാണ് അദ്ദേഹത്തെ കോണ്‍ഗ്രസിനൊപ്പം അടിയുറച്ചു നിര്‍ത്താന്‍ പ്രേരിപ്പിച്ചത്.

കോണ്‍ഗ്രസ് നോമിനിയായി അദ്ദേഹം രാജ്യസഭയിലുമെത്തി. എംജിആറിന്റെ മരണത്തെ തുടര്‍ന്ന് എഐഎഡിഎംകെ രണ്ടായപ്പോള്‍, കോണ്‍ഗ്രസ് ജയലളിത പക്ഷത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് ശിവാജി ഗണേശന്‍ തമിഴ്‌നാടിന്റെ മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്ന് അപ്രസക്തനായി തുങ്ങിയത്. കോണ്‍ഗ്രസിന്റെ തീരുമാനത്തെ എതിര്‍ത്ത് അദ്ദേഹം പാര്‍ട്ടിവിട്ടു. തമിഴക മുന്നേട്ര മുന്നണി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. 1989-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവയാര്‍ മണ്ഡലത്തില്‍ നിന്ന് ഡിഎംകെയുടെ ദുരൈ ചന്ദ്രേശേഖരനോട് പരാജയപ്പെട്ടതോടെ ശിവാജിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ അസ്തമയത്തിന് തുടക്കമായി. പിന്നീട് ജനതാദളില്‍ ചേര്‍ന്ന ശിവാജി ഗണേശന്‍, പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി. പക്ഷേ, പിന്നീട് സജീവ രാഷ്ട്രീയത്തില്‍ ശിവാജിയെ കണ്ടില്ല.

'നവരസ നായകന്റെ' ഫോര്‍വേഡ് ബ്ലോക്ക്

'നവരസ നായകന്‍' കാര്‍ത്തിക്കിനെ കാത്തിരുന്നതും ശിവാജി ഗണേശന്റെ അതേ ഗതിയായിരുന്നു. തൊണ്ണൂറുകളില്‍ തമിഴ് സിനിമയിലെ മിന്നും താരമായിരുന്ന കാര്‍ത്തിക്, രണ്ടായിരങ്ങളില്‍ സിനിമകളില്‍ തുടര്‍ച്ചയായി പരാജയം നേരിട്ട സമയത്താണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. തൊണ്ണൂറുകളില്‍ തനിക്കുണ്ടായിരുന്ന വമ്പന്‍ ആരാധകക്കൂട്ടം രാഷ്ട്രീയത്തിലും തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ ചുവടുവയ്പ്പ്. എന്നാല്‍, കാര്‍ത്തിക് 'വന്നതും പോയതും' ആരുമറിഞ്ഞല്ല. കരുണാനിധിയും ജയലളിതയും നേര്‍ക്കുനേര്‍ പോരാടിയ രണ്ടായിരങ്ങളില്‍, കാര്‍ത്തിക്കിന്റെ രാഷ്ട്രീയ പ്രവേശത്തെ ഗൗനിക്കാന്‍ തമിഴ് ജനതയ്ക്ക് സമയം ലഭിച്ചില്ല.

നടികര്‍ തിലകം മുതല്‍ ഉലക നായകന്‍ വരെ; വിജയ് വരുമ്പോള്‍ മറക്കരുത്, ദ്രാവിഡ രാഷ്ട്രീയത്തില്‍ തോറ്റുപോയ താരങ്ങളെ
മുഴുവൻ പ്രതികൾക്കും വധശിക്ഷ: രാജീവ് ഗാന്ധി വധക്കേസ് വിധി ഓർമിപ്പിച്ച് രണ്‍ജീത് ശ്രീനിവാസന്‍ കേസ്

ഇടത് പാര്‍ട്ടിയായ ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കിലൂടെയായിരുന്നു കാര്‍ത്തിക്കിന്റെ രാഷ്ട്രീയ പ്രവേശം. ചേര്‍ന്നയുടനെ തന്നെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാവുകയും ചെയ്തു. 2009-ല്‍ എഐഎന്‍എംകെ (അഖില ഇന്ത്യ നാടാലും മക്കള്‍ കച്ചി) എന്ന പേരില്‍ അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിരുദുനഗര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച കാര്‍ത്തിക്കിന് ആകെ കിട്ടിയത് 15,000 വോട്ട്. 2011-ല്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ കാര്‍ത്തിക് ശ്രമിച്ചെങ്കിലും ജയലളിത സമ്മതം നല്‍കിയില്ല. തേവര്‍ വോട്ട് ബാങ്കിന്റെ പിന്തുണ തനിക്കുണ്ടെന്നായിരുന്നു കാര്‍ത്തികിന്റെ അവകാശവാദം. എന്നാല്‍, തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു.

2018-ല്‍ 'മനിത ഉരിമൈഗള്‍ കാക്കും കച്ചി' എന്ന പേരില്‍ മറ്റൊരു പാര്‍ട്ടിയുണ്ടാക്കി കാര്‍ത്തിക് വീണ്ടും രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു ശ്രമംകൂടി നടത്തിനോക്കി. 2019- ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്‌ക്കൊപ്പം നിന്നെങ്കിലും പാര്‍ട്ടിക്ക് ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

'നാട്ടാമൈയും' ജയലളിതയും രാഷ്ട്രീയത്തിലിറക്കിയ ശരത് കുമാര്‍

സിനിമയില്‍ കത്തി നിന്ന സമയത്താണ് രാഷ്ട്രീയത്തില്‍ ഒരു കൈനോക്കാം എന്ന തോന്നലില്‍ ശരത് കുമാര്‍ രംഗത്തിറങ്ങുന്നത്. കാര്‍ത്തിക്കിനേയും ശിവാജി ഗണേശനേയും തട്ടിച്ചുനോക്കുമ്പോള്‍, ശരത് കുമാറിന്റെ രാഷ്ട്രീയ ജീവിതം കുറച്ചുകൂടി സാധ്യതകള്‍ നിറഞ്ഞതായിരുന്നു. ശരത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ ഒരു വീഡിയോ കാസറ്റിന് നിര്‍ണായക പങ്കുണ്ട്.

ജയലളിതയാണ് ഈ കഥയിലെ 'പ്രതിനായിക'. എഐഎഡിഎംകെയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ശരത് കുമാറിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമായിരുന്നു 'നാട്ടാമൈ'. 1994-ല്‍ റിലീസ് ആയ ഈ ചിത്രം നിര്‍മ്മാതാക്കളുടെ അനുമതിയില്ലാതെ ജയ ടിവിയില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ജയലളിതയുമായുള്ള ബന്ധത്തിന്റെ പേരില്‍ ചിത്രത്തിന്റെ ഒരു വീഡിയോ ടേപ്പ് അവര്‍ക്ക് കാണാനായി ശരത് കുമാര്‍ നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ട് ഈ ചിത്രം ജയ ടിവിയില്‍ സംപ്രേഷണം ചെയ്തു. ഇത് ചോദ്യം ചെയ്ത ശരത് കുമാറിന് ചാനല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ദുരനുഭവമാണ് നേരിട്ടത്. ജയലളിതയും ശരത് കുമാറിനെ കയ്യൊഴിഞ്ഞു. മാത്രവുമല്ല, എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ശരത് കുമാറിനെ അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ അദ്ദേഹം, തനിക്കും പിന്തുണയുണ്ടെന്ന് തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. 1996-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയലളിതയെ തോല്‍പ്പിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്ത രജിനികാന്തിനെ പിന്തുണച്ച് ശരത് കുമാര്‍ രംഗത്തെത്തി. ഡിഎംകെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

1996-ല്‍ ഡിഎംകെയില്‍ ചേര്‍ന്ന ശരത് കുമാര്‍, 2001-ല്‍ രാജ്യസഭ എംപിയായി. എന്നാല്‍ 2006-ല്‍ രാജ്യസഭ അംഗത്വം രാജിവച്ച അദ്ദേഹം ചിരവൈരിയായിരുന്ന ജയലളിതയ്‌ക്കൊപ്പം കൈകോര്‍ത്തു. ഭാര്യ രാധികയ്‌ക്കൊപ്പം എഐഎഡിഎംകെയില്‍ ചേര്‍ന്നു. എന്നാല്‍, അതേവര്‍ഷം തന്നെ എഐഡിഎംകെയുമായി തെറ്റിപിരിയുകയും ചെയ്തു. 2007-ല്‍ ആള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. 2011-ല്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കി. തെങ്കാശിയില്‍ നിന്ന് മത്സരിച്ച് നിയമസഭയിലെത്തുകയും ചെയ്തു. 2016-ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

എംജിആറിനെ ദൈവമായി ആരാധിക്കുന്ന തമിഴ് ഗ്രാമങ്ങളുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് എംജിആറിന്റെ പേരില്‍ തന്നെ പാര്‍ട്ടി രൂപീകരിച്ച് ഭാഗ്യരാജ് രംഗത്തിറങ്ങിയത്. എംജിആര്‍ മക്കള്‍ മുന്നേട്ര കഴഗം എന്നായിരുന്നു പാര്‍ട്ടിയുടെ പേര്. നിലനില്‍പ്പില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഭാഗ്യരാജ് എഐഎഡിഎംകെയില്‍ ചേര്‍ന്നു. 2006-ല്‍ ഡിഎംകെയില്‍ എത്തിയ അദ്ദേഹം, ഇപ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

ജയിച്ചുകൊണ്ടു തുടങ്ങിയെങ്കിലും എല്ലാം നഷ്ടപ്പെട്ടാണ് ക്യാപ്റ്റന്‍ വിജയകാന്ത് മടങ്ങിയത്. വിജയകാന്ത് സ്ഥാപിച്ച ഡിഎംഡികെ ഇപ്പോഴും തമിഴ് രാഷ്ട്രീയത്തില്‍ സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് തന്നെ പാര്‍ട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ഏറെ പ്രതീക്ഷയോടെ കളത്തിലിറങ്ങിയ കമല്‍ഹാസനും വിജയം ഇപ്പോഴും ഒരുപാട് ദൂരം അകലെയാണ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിലും 2021 നിയമസഭ തിരഞ്ഞെടുപ്പിലും കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യത്തിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി ചേര്‍ന്ന് വിജയസാധ്യത തേടുകയാണ് കമല്‍ഹാസന്‍. തമിഴ് മണ്ണില്‍ പ്രധാന രാഷ്ട്രീയ ശക്തിയായി മാറാനുള്ള കമലിന്റെ സ്വപ്‌നം തുടക്കത്തിലേ പൊലിഞ്ഞുപോയി.

താരങ്ങളുടെ വിജയക്കഥ മാത്രമല്ല തമിഴക രാഷ്ട്രീയത്തിന് പറയാനുള്ളത്. തലൈവര്‍ കളത്തിലിറങ്ങാത്തിടത്തോളം കാലം, പക്ഷേ, വിജയ്ക്ക് സാധ്യതയുണ്ട്. മറ്റൊരു താരത്തിനും വിജയിയെപ്പോലൊരു വരവേല്‍പ്പ് ഇനി തമിഴ് രാഷ്ട്രീയത്തില്‍ കിട്ടിയെന്നു വരില്ല.

logo
The Fourth
www.thefourthnews.in