മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു; മണിക്കൂറുകള്‍ക്കകം ശിവസേന ഷിന്‍ഡെ പക്ഷത്ത് ചേർന്നു

മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു; മണിക്കൂറുകള്‍ക്കകം ശിവസേന ഷിന്‍ഡെ പക്ഷത്ത് ചേർന്നു

ദക്ഷിണ മുംബൈ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മിലിന്ദിനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത് എന്നാണ് സൂചന

മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മഹാരാഷ്ട്രയിലെ പ്രമുഖ നേതാവിന്റെ പാര്‍ട്ടി വിടല്‍. ദക്ഷിണ മുംബൈ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മിലിന്ദിനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത് എന്നാണ് സൂചന. പാർട്ടി വിട്ടു മണിക്കൂറുകള്‍ക്കം മിലിന്ദ് ശിവസേന ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിനൊപ്പം ചേര്‍ന്നു.

''എന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായ ഒരു അധ്യായത്തിന് ഇന്ന് സമാപനമായി. പാര്‍ട്ടിയുമായുള്ള എന്റെ കുടുംബത്തിന്റെ 55 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെച്ചു'', അദ്ദേഹം എക്‌സില്‍ കുറിച്ചു.

മുന്‍കാലങ്ങളില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണ മുംബൈ സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ശിവസേന ഉദ്ധവ് താക്കറെ പക്ഷം രംഗത്തുവന്നിരുന്നു. 2004, 2009 തിരഞ്ഞെടുപ്പുകളില്‍ മുംബൈ സൗത്ത് സീറ്റില്‍ നിന്ന് ലോക്‌സഭയില്‍ എത്തിയത് മിലിന്ദ് ആയിരുന്നു. എന്നാല്‍, 2014ലും 2019ലും ശിവസേനയാണ് ഇവിടെ വിജയിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ശിവസേന ഉദ്ധവ് പക്ഷം അവകാശവാദം ഉന്നയിച്ചത്.

മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു; മണിക്കൂറുകള്‍ക്കകം ശിവസേന ഷിന്‍ഡെ പക്ഷത്ത് ചേർന്നു
നടക്കാനുണ്ട്, നയിക്കാനില്ലെന്ന് രാഹുല്‍; നിതീഷിനോട് 'ഇടഞ്ഞ്' മമത, ഇന്ത്യ യോഗത്തില്‍ സംഭവിച്ചത്

സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ മുന്നണിയിലെ കക്ഷികള്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന് മിലിന്ദ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. താന്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തിനൊപ്പം പോകുമെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ഞായറാഴ്ച അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനമുണ്ടായത്.

logo
The Fourth
www.thefourthnews.in