നടക്കാനുണ്ട്, നയിക്കാനില്ലെന്ന് രാഹുല്‍; നിതീഷിനോട് 'ഇടഞ്ഞ്' മമത, ഇന്ത്യ യോഗത്തില്‍ സംഭവിച്ചത്

നടക്കാനുണ്ട്, നയിക്കാനില്ലെന്ന് രാഹുല്‍; നിതീഷിനോട് 'ഇടഞ്ഞ്' മമത, ഇന്ത്യ യോഗത്തില്‍ സംഭവിച്ചത്

നിരവധി വെല്ലുവിളികള്‍ മുന്നില്‍ നില്‍ക്കെയായിരുന്നു പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ നിർണായകയോഗം ഇന്നലെ ഓണ്‍ലൈനായി ചേർന്നത്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സീറ്റ് വിഭജനത്തിലെ പ്രതിസന്ധി, അയോധ്യയിലെ നിലപാട്... ഇങ്ങനെ നിരവധി വെല്ലുവിളികള്‍ മുന്നില്‍ നില്‍ക്കെയായിരുന്നു പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ നിർണായകയോഗം ഇന്നലെ ഓണ്‍ലൈനായി ചേർന്നത്. മുന്നണിയുടെ ചെയർപേഴ്സണായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗയെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ ഖാർഗയുടെ പേരായിരുന്നില്ല ആദ്യം നേതാക്കള്‍ മുന്നോട്ട് വെച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

ബിഹാർ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവുമായ നിതീഷ് കുമാർ ആദ്യം നിർദേശിച്ചത് രാഹുല്‍ ഗാന്ധിയുടെ പേരായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഈ നിർദേശം നിരാകരിക്കുകയായിരുന്നെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

താന്‍ താഴെത്തട്ടില്‍ ഇറങ്ങിയുള്ള പ്രവർത്തനവും ഭാരത് ജോഡോ ന്യായ് യാത്രയുമായിരുന്നു രാഹുല്‍ ചൂണ്ടിക്കാണിച്ച കാരണങ്ങള്‍. ശേഷം രാഹുല്‍ ഖാർഗെയുടെ പേര് നിർദേശിക്കുകയും സോണിയ ഗാന്ധി അത് അംഗീകരിക്കുകയുമായിരുന്നു. ഖാർഗെയ്ക്ക് മറ്റ് പാർട്ടികളുടെ പിന്തുണയുമുണ്ടായിരുന്നെന്ന് റിപ്പോർട്ട് പറയുന്നു.

നടക്കാനുണ്ട്, നയിക്കാനില്ലെന്ന് രാഹുല്‍; നിതീഷിനോട് 'ഇടഞ്ഞ്' മമത, ഇന്ത്യ യോഗത്തില്‍ സംഭവിച്ചത്
അഞ്ഞൂറിലേറെ സീറ്റുകളില്‍ മത്സരിച്ച പാരമ്പര്യം ഇനി പഴങ്കഥ; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്

മുന്നണിയില്‍ ചെയർപേഴ്സണിന്റെ തൊട്ടുതാഴെ വരുന്ന കണ്‍വീനർ സ്ഥാനത്തേക്ക് ആദ്യം ഉയർന്ന് വന്ന പേര് നിതീഷ് കുമാറിന്റേതായിരുന്നു. എന്നാല്‍ രാഷ്ട്രീയ ജനതാദള്‍ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവിന്റെ പേര് നിതീഷ് കുമാർ മുന്നോട്ട് വെച്ചു. തന്നെക്കാള്‍ മുതിർന്ന നേതാവ് ലാലു പ്രസാദ് യാദവാണെന്നും മികച്ച തിരഞ്ഞെടുപ്പ് അതായിരിക്കുമെന്നും നിതീഷ് യോഗത്തില്‍ പറഞ്ഞു.

എതിർപ്പ് മറികടന്നും മറ്റ് പാർട്ടികളുടെ പിന്തുണയോടെയും രാഹുല്‍ നിതീഷിന്റെ പേര് വീണ്ടും കണ്‍വീനർ സ്ഥാനത്തേക്ക് നിർദേശിച്ചു. എന്നാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനർജിക്ക് ചില എതിർപ്പുകള്‍ ഉണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്താണ് എതിർപ്പെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും വിഷയം പരിഹരിക്കുന്നതിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. മമത യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. മമതയ്ക്ക് പുറമെ അഖിലേഷ് യാദവ് (സമാജ്‌വാദി പാർട്ടി), ഉദ്ധവ് താക്കറെ (ശിവസേന യുബിടി) എന്നിവരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

നടക്കാനുണ്ട്, നയിക്കാനില്ലെന്ന് രാഹുല്‍; നിതീഷിനോട് 'ഇടഞ്ഞ്' മമത, ഇന്ത്യ യോഗത്തില്‍ സംഭവിച്ചത്
രാജീവ് മുതല്‍ രാഹുല്‍ വരെ; അയോധ്യയില്‍ നിലപാടുകള്‍ മാറ്റിക്കളിക്കുന്ന കോണ്‍ഗ്രസ്‌

ഇന്നലെ നടന്ന യോഗത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പ്രധാന അജണ്ടകളില്‍ ഒന്നായിരുന്നെങ്കിലും ചർച്ചകളില്‍ കാര്യമായ പുരോഗതി കൈവരിച്ചില്ല. ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി ദേശീയ തലത്തില്‍ ഐക്യം നിലനിർത്തുകയും സംസ്ഥാനങ്ങളില്‍ വിള്ളല്‍ സംഭവിക്കാതെയും മുന്നോട്ട് പോകണമെന്നാണ് ഉയർന്ന പൊതുവായ അഭിപ്രായം. സീറ്റ് വിഭജന ചർച്ചകള്‍ക്ക് 'പോസിറ്റീവായി' മുന്നോട്ട് പോകുന്നുണ്ടെന്നാണ് യോഗത്തിന് ശേഷം ഖാർഗെ ട്വിറ്ററില്‍ കുറിച്ചത്. രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ക്ക് ക്ഷണമുണ്ടെന്നും ഖാർഗെ അറിയിച്ചു.

logo
The Fourth
www.thefourthnews.in