സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; മൂന്ന് പേര്‍കൂടി കൊല്ലപ്പെട്ടു, ഐടിഎല്‍എഫ് നേതാക്കള്‍ അമിത് ഷായെ കാണും

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; മൂന്ന് പേര്‍കൂടി കൊല്ലപ്പെട്ടു, ഐടിഎല്‍എഫ് നേതാക്കള്‍ അമിത് ഷായെ കാണും

ബിഷ്ണുപൂരിലെ ഒരു ചെറുപട്ടണമായ ക്വാക്തയിലെ പ്രധാന മാര്‍ക്കറ്റ് പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരം 4.25 നാണ് അക്രമം ഉണ്ടായത്

മൂന്ന് മാസത്തിലേറെയായി വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ അക്രമങ്ങള്‍ തുടരുന്നു. സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയും ഒറ്റപ്പെട്ട അക്രമങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത അക്രമങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

മണിപ്പൂരില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 150 പിന്നിട്ടതായാണ് ഔദ്യോഗിക കണക്കുകള്‍

ബിഷ്ണുപൂരിലെ ഒരു ചെറുപട്ടണമായ ക്വാക്തയിലെ പ്രധാന മാര്‍ക്കറ്റ് പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരം 4.25 നാണ് അക്രമം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് മെയ്തി വിഭാഗക്കാരായ യുവാക്കള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെയും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചുരാചന്ദ്പൂര്‍ ബിഷ്ണുപൂര്‍ ജില്ലകളുടെ അതിര്‍ത്തി മേഖലയായ ക്വാക്ത പട്ടണത്തിലുണ്ടായ ആക്രമണങ്ങളിലും മൂന്ന് മെയ്തികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മേയ് മൂന്നിന് ആരംഭിച്ച വംശീയ കലാപത്തില്‍ മണിപ്പൂരില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 150 പിന്നിട്ടതായാണ് ഔദ്യോഗിക കണക്കുകള്‍.

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; മൂന്ന് പേര്‍കൂടി കൊല്ലപ്പെട്ടു, ഐടിഎല്‍എഫ് നേതാക്കള്‍ അമിത് ഷായെ കാണും
മണിപ്പൂര്‍: സാഹചര്യം നേരിട്ട് വിലയിരുത്താന്‍ സുപ്രീംകോടതി, ഹൈക്കോടതി മുൻ ജഡ്ജിമാർ ഉൾപ്പെട്ട സമിതി പരിഗണനയില്‍

അതിനിടെ, മണിപ്പൂരിലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളും സജീവമായി പുരോഗമിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിവെ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറവുമായി (ഐടിഎല്‍എഫ്) കൂടിക്കാഴ്ച നടത്തും. ഇന്നോ നാളെയോ കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മിസോറാം മുഖ്യമന്ത്രി സോറാതാംങ്മയുടെ നേതൃത്വത്തിലും കൂടിക്കാഴ്ചകള്‍ പുരോഗമിക്കുന്നുണ്ട്. കുക്കി ഗോത്ര നേതാക്കളുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെയാണ് പുരോഗമിക്കുന്നത്. അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് സോറാതാംങ്മയുടെ ഇടപെടല്‍.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാറുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് വേഗം കൂടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വിഭാഗങ്ങളില്‍ നിന്ന് തന്നെ 'സാമൂഹിക ബഹിഷ്‌കരണ' ഭീഷണി നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷങ്ങള്‍ക്കിടെ ജൂണ്‍ 30 ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിന്റെ രാജിയുമായി ബന്ധപ്പെട്ട് അരങ്ങേറിയ നാടകങ്ങളില്‍ മുഖ്യമന്ത്രിയെ പിന്തുണയ്ച്ചിരുന്നവര്‍ തന്നെയാണ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.

ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി എന്‍ഡിഎ സഖ്യകക്ഷിയായ കുക്കി പീപ്പിള്‍സ് അലയന്‍സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇംഫാല്‍ താഴ്വര ആസ്ഥാനമായുള്ള കോഡിനേഷന്‍ കമ്മിറ്റ് ഓഫ് മണിപ്പൂര്‍ ഇന്റഗ്രിറ്റി മുഖ്യമന്ത്രിക്ക് എതിരെ രംഗത്തെത്തിയത്. കലാപം നേരിടുന്നതില്‍ മുഖ്യമന്ത്രിയ്ക്ക് ഇരട്ടത്താപ്പാണെന്നാണ് സമിതിയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സമിതി ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.

അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സേനയുടെ പത്ത് അധിക കമ്പനി ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിയോഗിച്ചത്. ഇതോടെ സൈനികരുള്‍പ്പെടെ 36000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് സംഘര്‍ഷ മേഖലയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്.

logo
The Fourth
www.thefourthnews.in