മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, നാല് മരണം; താഴ്‌വരയില്‍ കര്‍ഫ്യൂ

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, നാല് മരണം; താഴ്‌വരയില്‍ കര്‍ഫ്യൂ

തൗബല്‍, ഇംഫാല്‍ മേഖലകളിലാണ് അക്രമങ്ങളുണ്ടായത്.

വംശീയ കലാപം കൊടുമ്പിരി കൊണ്ട മണിപ്പൂരില്‍ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അക്രമങ്ങള്‍. പുതുവർഷാരംഭത്തിലുണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തൗബല്‍, ഇംഫാല്‍ മേഖലകളിലാണ് അക്രമങ്ങളുണ്ടായത്.

അജ്ഞാതരായ ഒരു സംഘം ഓട്ടോമാറ്റിക് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ തൗബല്‍ പ്രദേശത്ത് അക്രമികളെത്തിയ വാഹനം പ്രദേശവാസികള്‍ തീയിടുകയും ചെയ്തു.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, നാല് മരണം; താഴ്‌വരയില്‍ കര്‍ഫ്യൂ
മുറിവ് ഉണങ്ങാത്ത മണിപ്പൂരിൻ്റെ ക്രിസ്മസ് ദിനങ്ങൾ...

പുതിയ സംഭവങ്ങള്‍ക്ക് പിന്നാലെ അക്രമങ്ങളെ അപലപിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ് രംഗത്തെത്തി. സമാധാനം പാലിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത അദ്ദേഹം അക്രമങ്ങളെ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഭരണപക്ഷ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും അടിയന്തര യോഗവും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തൗബല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂര്‍ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പും മണിപ്പൂരില്‍ സുരക്ഷാ സേനാംഗങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതിര്‍ത്തി നഗരമായ മോറ മേഖലയിലായിരുന്നു സംഭവം.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, നാല് മരണം; താഴ്‌വരയില്‍ കര്‍ഫ്യൂ
'രാമ ക്ഷേത്രത്തിനു പിന്തുണ, ക്ഷണം ലഭിച്ചാൽ പോകുന്ന കാര്യം പരിഗണനയിൽ'; മൃദു ഹിന്ദുത്വ നിലപാടെടുത്ത് സിദ്ധരാമയ്യയും

2023 മെയ് മൂന്ന് മുതലായിരുന്നു സംസ്ഥാനത്ത് വലിയ നാശം വിതച്ച മെയ്തി - കുക്കി സോമി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. മാസങ്ങളോളം നീണ്ട അക്രമങ്ങളില്‍ 180 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. അറുപതിനായിരത്തില്‍ അധികം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in