'വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായ സമരങ്ങളെ സഹായിക്കുന്നു'; സിപിആറിന്റെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കി കേന്ദ്രം

'വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായ സമരങ്ങളെ സഹായിക്കുന്നു'; സിപിആറിന്റെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കി കേന്ദ്രം

എഫ്‌സിആര്‍എ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങളെ ബാധിക്കുന്ന തരത്തില്‍ വിദേശഫണ്ടുകള്‍ ദുരുപയോഗം ചെയ്‌തെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്

വിദേശ ധനഹായം സ്വീകരിക്കുന്നതിനുള്ള സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചി (സിപിആര്‍) ന്റെ എഫ്‌സിആര്‍എ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഖനന പദ്ധതികള്‍ അടക്കമുള്ള സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരായ സമരങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഫണ്ട് നല്‍കുന്നുവെന്ന് ആരോപിച്ചാണ് ലൈസന്‍സ് റദ്ദാക്കിയത്.

എഫ്‌സിആര്‍എ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങളെ ബാധിക്കുന്ന തരത്തില്‍ വിദേശഫണ്ടുകള്‍ ദുരുപയോഗം ചെയ്‌തെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് സിപിആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ നിയമ വ്യവഹാര നടപടികള്‍ക്ക് ഇവര്‍ വിദേശ ധനസഹായം ഉപയോഗിച്ചുവെന്നാണ് സർക്കാരിന്റെ ആരോപണം. സിപിആറിന്റെ ഗുണഭോക്താക്കളില്‍ ചിലര്‍ കല്‍ക്കരി ഖനികള്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

'വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായ സമരങ്ങളെ സഹായിക്കുന്നു'; സിപിആറിന്റെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കി കേന്ദ്രം
'പ്രായമായ മാതാപിതാക്കളുടെ ഏക തുണ;' കീഴടങ്ങാന്‍ സമയം നീട്ടിനൽകണമെന്ന് ബിൽക്കിസ് ബാനു കേസ് പ്രതി സുപ്രീംകോടതിയിൽ

2021-ല്‍ പാസാക്കിയ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഇന്‍ നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ബില്ലിനെ സംബന്ധിച്ച അവലോകനം ഉള്‍പ്പെടെ, നിരവധി സമകാലിക വിഷയങ്ങളില്‍ സിപിആര്‍ ഇടപെട്ടതും ഇവര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സിപിആറിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് പേപ്പറില്‍, കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ബില്ലിനെ കുറിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ നയങ്ങളില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന 'പോളിസി ചെയ്ഞ്ചസ് 2019-2024' എന്ന പേപ്പറും സിപിആര്‍ പ്രസിദ്ധീകരിച്ചിരുന്നു.

എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലായിട്ടില്ലെന്ന് സിപിആര്‍ പ്രസിഡന്റ് യാമിനി അയ്യര്‍ പ്രതികരിച്ചു. കേന്ദ്രം നല്‍കിയ ചില കാരണങ്ങള്‍ ഒരു ഗവേഷണ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ വെല്ലുവിളിക്കുന്നതാണെന്നും യാമിനി അയ്യര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ സാമ്പത്തിക സ്രോതസുകളേയും ഞെരുക്കിക്കൊണ്ട് സ്ഥാപനത്തിന്റെ പ്രവര്‍ത്തിക്കാനുള്ള കഴിവിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in