മോർബി പാലം
മോർബി പാലം

മോർബി പാലം ദുരന്തം; ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഗുജറാത്ത് കോടതി

2022 ഒക്ടോബർ 30ന് പാലം തകർന്നുണ്ടായ അപകടത്തില്‍ 135 പേർ മരിച്ചിരുന്നു

ഗുജറാത്തിലെ മോർബി പാലം തകർന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് സെഷന്‍സ് കോടതി. പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങള്‍ ഏറ്റെടുത്തിരുന്ന ഒറേവ ഗ്രൂപ്പിന്റെ രണ്ട് മാനേജർമാർ ഉൾപ്പെടെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി സി ജോഷി തള്ളിയത്. നവീകരണത്തിന് ശേഷം പൊതുജനങ്ങൾക്കായി തുറന്ന പാലം, നാല് ദിവസത്തിനുള്ളിലാണ് തകർന്നുവീണത്. 2022 ഒക്ടോബർ 30ന് ഉണ്ടായ അപകടത്തില്‍ 135 പേർ മരിച്ചിരുന്നു.

പാലത്തിന്റെ നവീകരണ ജോലികൾ ചെയ്ത ഒറേവ എന്ന കമ്പനി നിരവധി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ, ഒറേവ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജയ്സുഖ് പട്ടേൽ കോടതിയിൽ കീഴടങ്ങുകയും ഫെബ്രുവരി ഒന്നിന് അറസ്റ്റിലാവുകയും ചെയ്തു. കമ്പനിയുടെ രണ്ട് മാനേജർമാർ, രണ്ട് ടിക്കറ്റ് ബുക്കിങ് ക്ലാർക്കുകൾ, മൂന്ന് സെക്യൂരിറ്റി ഗാർഡുകൾ, രണ്ട് സബ് കോൺട്രാക്ടർമാർ ഉള്‍പ്പെടെ അറസ്റ്റിലായ ഒന്‍പത് പേരുടെയും ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതിയും സെഷൻസ് കോടതിയും നേരത്തെ തള്ളിയിരുന്നു. രണ്ട് സബ് കോൺട്രാക്ടർമാർ ഒഴികെ മറ്റ് ഏഴ് പേരും വ്യാഴാഴ്ച ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിച്ചു. പട്ടേൽ ഉൾപ്പെടെ 10 പേരെ ഇതുവരെ അറസ്റ്റ് ചെയ്ത കേസിൽ പോലീസ് കഴിഞ്ഞയാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്.

ഒരേസമയം,125 ആളുകൾക്ക് മാത്രം കയറാൻ സാധിക്കുന്ന പാലത്തിൽ, അപകടസമയത്ത് 250 ഓളം പേർ ഉണ്ടായിരുന്നു.

മച്ചു നദിക്ക് മുകളിലൂടെ പോകുന്ന 230 മീറ്റർ നീളമുള്ള തൂക്കുപാലം ബ്രിട്ടീഷുകാരുടെ കാലത്താണ് നിർമിച്ചത്. 140 വർഷം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായുളള കരാർ ഒറേവ കമ്പനി 2022 മാർച്ചിലാണ് ഒപ്പിട്ടത്. 15 വർഷത്തെ കരാർ ഒപ്പുവച്ച് ഏഴ് മാസത്തിന് ശേഷം ഒക്ടോബർ 26ന് ഗുജറാത്തി പുതുവത്സര ആഘോഷവേളയിലാണ് പാലം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. കൂടാതെ, അറ്റകുറ്റപ്പണികൾക്കായി കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെ പാലം അടച്ചിടാൻ കമ്പനി കരാറിൽ പറഞ്ഞിരുന്നു. എന്നാൽ, പൊതുജനങ്ങൾക്കായി നേരത്തെ പാലം തുറന്നുകൊടുത്തത് ഗുരുതരമായ വീഴ്ചയാണെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഏറ്റെടുത്തവർ അത് കൃത്യമായി ചെയ്തില്ലെന്നും എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മോർബി പാലം
മോർബി പാലം ദുരന്തം: നവീകരണം നടത്തിയ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒന്‍പതുപേർ അറസ്റ്റിൽ

പാലം തകർച്ചയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സ്ഥാപനത്തിന്റെ ഭാഗത്ത് നിരവധി വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരുന്നു. അപകടം നടക്കുന്നതിന് മുൻപ് 12 രൂപ മുതൽ 17 രൂപ വരെ നിരക്കില്‍ 500 ഓളം പേർക്കാണ് ടിക്കറ്റ് വിറ്റിരുന്നത്. പാലം തകർന്ന ദിവസം മാത്രം 3,165 ടിക്കറ്റുകള്‍ വിറ്റുവെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കീഴ്ക്കോടതിയെ അറിയിച്ചിരുന്നു. പഴയ മെറ്റൽ കേബിളുകൾക്ക് ഇത്രയധികം ആളുകളെ താങ്ങാനുളള ശേഷി ഉണ്ടായിരുന്നില്ല. ഒരേസമയം,125 ഓളം ആളുകൾക്ക് മാത്രമേ പാലത്തിൽ കയറാൻ സാധിക്കൂ. എന്നാല്‍, അപകടസമയത്ത് പാലത്തില്‍ 250 ഓളം പേർ ഉണ്ടായിരുന്നു.

പാലത്തിലേക്ക് പ്രവേശിക്കുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണമില്ലാത്തതും ടിക്കറ്റ് വിൽപനയ്ക്ക് നിയന്ത്രണമില്ലാത്തതും വിദഗ്ദ്ധരുമായി ആലോചിക്കാതെ അറ്റകുറ്റപ്പണി നടത്തിയതും വീഴ്ചകളിൽ ഉൾപ്പെടുന്നുവെന്ന് എസ്ഐടി പറയുന്നു. സ്ഥാപനം നടത്തിയ പുതിയ മെറ്റൽ ഫ്ലോറിങ് പാലത്തിന്റെ ഭാരം വർധിപ്പിച്ചതായും തുരുമ്പിച്ച കേബിളുകള്‍ കമ്പനി മാറ്റിയിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതിനുപുറമെ, ഒറേവ ഗ്രൂപ്പ് നിയമിച്ച കരാറുകാർക്ക് ഇത്തരം അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടത്താൻ യോഗ്യതയില്ലെന്നും എസ്ഐടി വ്യക്തമാക്കി.

മോർബി പാലം
'പാലം തുറക്കാന്‍ പാടില്ലായിരുന്നു': മോർബി ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍
logo
The Fourth
www.thefourthnews.in