സാകേത് ഗോഖലെ
സാകേത് ഗോഖലെ

മോ‍ർബി പാലം തക‍‍ർച്ചയെ കുറിച്ച് ട്വീറ്റ്; തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെയെ ​ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു

മോദിയുടെ മോർബി സന്ദർശനത്തിനായി 30 കോടി രൂപ ചെലവഴിച്ചുവെന്ന വിവരാവകാശ രേഖ മുൻനിർത്തിയായിരുന്നു ട്വീറ്റ്

ഗുജറാത്തിലെ മോർബി പാലം തകർന്നതിനെ കുറിച്ച് ട്വീറ്റ് ചെയ്തതിന് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവും വിവരാവകാശ പ്രവർത്തകനുമായി സാകേത് ഗോഖലെയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് പുറപ്പെട്ട സാകേതിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ ട്വീറ്റ് ചെയ്തു.

സാകേത് ഗോഖലെ
മോദിയുടെ മോര്‍ബി സന്ദര്‍ശനത്തിന് ചെലവിട്ടത് 30 കോടി; സ്വീകരണത്തിനും ഫോട്ടോഗ്രഫിക്കും 5.5 കോടി രൂപ

മോർബി പാലം തകർച്ചയുമായി ബന്ധപ്പെട്ട സാകേതിന്റെ ട്വീറ്റിനെതിരെ ബിജെപി പ്രവർത്തകരുടെ പരാതിയിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർബി സന്ദർശനത്തിനായി 30 കോടി രൂപ ചെലവഴിച്ചുവെന്ന വിവരാവകാശ രേഖ മുൻനിർത്തിയായിരുന്നു ട്വീറ്റ്. വ്യാജരേഖ ചമയ്ക്കൽ, അപകീർത്തികരമായ ഉള്ളടക്കം ട്വീറ്റ് ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചാർത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രിയുടെ മോർബി സന്ദർശനത്തിനായി ചെലവിട്ടത് 30 കോടി രൂപയാണ്. 5.5 കോടി രൂപ സ്വീകരണത്തിനും ഫോട്ടോഗ്രഫിക്കുമാണ് ചെലവഴിച്ചിരിക്കുന്നതെന്നായിരുന്നു സാകേതിന്റെ ട്വീറ്റ്. 135 പേരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ മാത്രം നീണ്ടുനിന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ചെലവായത് 30 കോടിയാണെന്നും 135 പേരുടെ ജീവനേക്കാള്‍ വില മോദിയുടെ ഇവന്റ് മാനേജ്‌മെന്റിനും പിആറിനും ആണെന്നും സാകേത് പരിഹസിച്ചു.

ചൊവ്വാഴ്ച പുലർച്ചെ 2 മണിക്ക് ഗോഖലെ അമ്മയെ വിളിച്ച് അവർ പോലീസ് അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയാണെന്നും ഉച്ചയോടെ അഹമ്മദാബാദിൽ എത്തുമെന്നും അറിയിച്ചിരുന്നു. ആ രണ്ട് മിനിറ്റ് ഫോൺ വിളിക്കാൻ പോലീസ് അവനെ അനുവദിച്ചു. തുടർന്ന് അവന്റെ ഫോണും മറ്റ് സാധനങ്ങളും പോലീസ് കണ്ടുകെട്ടിയെന്നും ഡെറക് ഒബ്രിയാൻ ട്വീറ്റ് ചെയ്തു.

സാകേതിന്റെ ട്വീറ്റിന് പിന്നാലെ ഗുജറാത്തിലെ സംസ്ഥാന ബിജെപി ഘടകം അത് വ്യാജ വാർത്തയാണെന്നും അത്തരത്തിലുള്ള ഒരു വിവരാവകാശ രേഖയും ഫയൽ ചെയ്തിട്ടില്ലെന്നും അവകാശപ്പെട്ടു.

ഗോഖലെയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ''ഗുജറാത്ത് സമാചാറിൽ വന്ന റിപ്പോർട്ടെന്ന പേരിൽ ​ഗോഖലെ സോഷ്യൽ മീഡിയയിൽ ഒരു വാർത്ത പോസ്റ്റ് ചെയ്തു. ആ വാ‍ർത്ത വ്യാജമാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞു. അത്തരത്തിലുള്ള ഒരു വാർത്തയും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഗുജറാത്ത് സമാചാറും വ്യക്തമാക്കിയിട്ടുണ്ട്. നിരവധി പേർ മരിച്ച വലിയ ദുരന്തവും പ്രശ്നത്തിന്റെ ​ഗൗരവവും കണക്കിലെടുക്കുമ്പോൾ, ഇത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഗോഖലെയെ ചോദ്യം ചെയ്തതിന് ശേഷം തുടർ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം, ഗോഖലെയ്ക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഇതിലൂടെയൊന്നും അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും നിശബ്ദരാക്കാൻ കഴിയില്ലെന്നും ബിജെപി രാഷ്ട്രീയ പകപോക്കലിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകുകയാണെന്നുമാണ് അവരുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in