മോദിയുടെ മോര്‍ബി സന്ദര്‍ശനത്തിന് ചെലവിട്ടത് 30 കോടി; സ്വീകരണത്തിനും ഫോട്ടോഗ്രഫിക്കും 5.5 കോടി രൂപ

മോദിയുടെ മോര്‍ബി സന്ദര്‍ശനത്തിന് ചെലവിട്ടത് 30 കോടി; സ്വീകരണത്തിനും ഫോട്ടോഗ്രഫിക്കും 5.5 കോടി രൂപ

വിവരാവകാശ നിയമപ്രകാരമുള്ള കണക്കുകള്‍ പുറത്തുവിട്ടത് മാധ്യമപ്രവർത്തകനായിരുന്ന സാകേത് ഗോഖലെയാണ്

തൂക്കുപാലം തകർന്ന് 135 പേർ മരിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ മോർബി സന്ദർശനത്തിനായി ചെലവിട്ടത് 30 കോടി രൂപ. മണിക്കൂറുകള്‍ മാത്രം നീണ്ട സന്ദർശനത്തില്‍ 5.5 കോടി രൂപ സ്വീകരണത്തിനും ഫോട്ടോഗ്രഫിക്കുമാണ് ചെലവഴിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായിരുന്ന സാകേത് ഗോഖലെയാണ് കണക്കുകള്‍ പുറത്തുവിട്ടത്. വിവരാവകാശ നിയമപ്രകാരമാണ് കണക്കുകള്‍ ലഭിച്ചതെന്ന് സാകേത് വ്യക്തമാക്കുന്നു.

ഒറ്റ രാത്രി കൊണ്ട് 11 കോടി ചെലവഴിച്ച് റോഡുകള്‍ പുതുക്കി പണിതു

അപകടത്തില്‍ മരിച്ച 135 പേരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ മാത്രം നീണ്ടുനിന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ചെലവായത് 30 കോടിയാണെന്ന് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു.135 പേരുടെ ജീവനേക്കാള്‍ വില മോദിയുടെ ഇവന്റ് മാനേജ്‌മെന്റിനും പിആറിനും ആണെന്ന് സാകേത് പരിഹസിച്ചു.

മോദിയുടെ മോര്‍ബി സന്ദര്‍ശനത്തിന് ചെലവിട്ടത് 30 കോടി; സ്വീകരണത്തിനും ഫോട്ടോഗ്രഫിക്കും 5.5 കോടി രൂപ
അനുവദിച്ചത് 2 കോടി ചെലവാക്കിയത് 12 ലക്ഷം; മോര്‍ബി പാലം അറ്റകുറ്റപണിയില്‍ വന്‍ ക്രമക്കേട്

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മോർബിയിലെ ആശുപത്രികള്‍ പെയിന്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും സർക്കാരിനെയും മോദിയെയും വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിരുന്നു. ആശുപത്രികള്‍ പെയിന്റ് ചെയ്യാനും പുതിയ കിടക്കകളും ഉപകരണങ്ങളും വാങ്ങാനും ചെലവഴിച്ചത് എട്ട് കോടി രൂപയാണ്. സന്ദർശനത്തോടനുബന്ധിച്ച് ഒറ്റ രാത്രി കൊണ്ട് 11 കോടി രൂപ ചെലവഴിച്ച് റോഡുകള്‍ പുതുക്കി പണിതു. മോദിയെ സ്വീകരിക്കാനായി മൂന്ന് കോടിയും സുരക്ഷയൊരുക്കാനായി 2.5 കോടിയും ഈവന്റ് മാനേജ്മെന്റിനായി രണ്ട് കോടിയുമാണ് ചെലവഴിച്ചത്.

അപകടത്തിന് കാരണമായത് പാലത്തിന്റെ അറ്റകുറ്റപ്പണികളില്‍ നടന്ന ക്രമക്കേട് ആണെന്ന് കണ്ടെത്തിയിരുന്നു. പാലം അറ്റകുറ്റപ്പണിക്കായി അനുവദിച്ച തുകയുടെ ആറ് ശതമാനം മാത്രമാണ് വിനിയോഗിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. രണ്ട് കോടി രൂപ അറ്റകുറ്റപ്പണിക്കായി അനുവദിച്ചപ്പോള്‍ 12 ലക്ഷം രൂപമാത്രമാണ് കമ്പനി വിനിയോഗിച്ചത്. ഒറെവ ഗ്രൂപ്പ് എന്ന കമ്പനിക്കായിരുന്നു മോര്‍ബി നഗര്‍ നടപ്പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല. 15 വര്‍ഷത്തേയ്ക്കാണ് കരാര്‍. ആറുമാസം നീണ്ടുനിന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമായിരുന്നു പാലം തുറന്നത്. പുതുവര്‍ഷത്തില്‍ പാലം വീണ്ടും തുറക്കാന്‍ തയ്യാറാണെന്നും സുരക്ഷിതമാണെന്നും ഒക്ടോബര്‍ 24 നാണ് ഒറെവ ഗ്രൂപ്പ് ചെയര്‍മാന്‍ ജയ്‌സുഖ് പട്ടേല്‍ പ്രഖ്യാപിച്ചത്. പിന്നാലെ ആയിരുന്നു അപകടം.

logo
The Fourth
www.thefourthnews.in