അലഹബാദ് ഹൈക്കോടതി
അലഹബാദ് ഹൈക്കോടതി

ഗ്യാന്‍വാപി: വാരാണസി കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ച്‌ അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി

അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു മത വിശ്വാസികള്‍ക്ക് പ്രാര്‍ഥനകള്‍ നടത്താൻ അനുമതി നൽകിയതിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ച് മസ്ജിദ് കമ്മിറ്റി. മുതിർന്ന അഭിഭാഷകൻ എസ്എഫ്എ നഖ്‌വിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മനോജ് കുമാർ ഗുപ്തയുടെ മുമ്പാകെ വിഷയം പരാമർശിച്ചത്. വസ്തുതാപരമായ ചില കാര്യങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെയാണ് വാരാണസി കോടതി പൂജകള്‍ക്ക് അനുമതി നല്‍കിയതെന്നും അതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും മുസ്ലീം പക്ഷം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അലഹബാദ് ഹൈക്കോടതി
അയോധ്യയില്‍നിന്ന് വാരാണസിയിലേക്ക്; ഹിന്ദുത്വത്തിന്റ വഴികള്‍

2022ലെ അഡ്വക്കേറ്റ് കമ്മീഷണർ റിപ്പോർട്ട്, എഎസ്ഐയുടെ റിപ്പോർട്ട്, വിഷയം സംബന്ധിച്ച 1937ലെ തീരുമാനം എന്നിവ തങ്ങൾക്കനുകൂലമായിരുന്നു എന്ന് മുസ്ലിം പക്ഷം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ 1993ന് മുമ്പ് പ്രാർഥനകൾ നടന്നിരുന്നതിന് ഹിന്ദു പക്ഷം തെളിവുകളൊന്നും നൽകിയിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. മസ്ജിദിനു താഴെ മുദ്രവച്ച പത്ത് നിലവറകളുടെ മുന്നില്‍ പൂജചെയ്യാനാണ് കോടതി അനുമതി നൽകിയിരുന്നത്. 31 വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അർധരാത്രി പള്ളിയുടെ നാല് തഹ്ഖാനകൾ' (നിലവറകൾ) തുറന്ന് പ്രാർഥനകൾ ആരംഭിച്ചത്. 1993 വരെ വ്യാസ്‌കുടുംബം നിലവറയിൽ മതപരമായ ചടങ്ങുകൾ നടത്തിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിൻ്റെ നിർദേശപ്രകാരം മതപരമായ ആചാരങ്ങൾ നിർത്തലാക്കി.

വിഷയത്തിൽ അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അടിയന്തര വാദം കേൾക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതായി സുപ്രീം കോടതി രജിസ്ട്രാർ അറിയിച്ചു. പിന്നാലെയാണ് മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. മസ്ജിദിൽ പൂജകൾ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ഏഴ് ദിവസത്തെ സമയം നൽകിയിരുന്നുവെങ്കിലും വിധി വന്ന മണിക്കൂറുകൾക്കകം തന്നെ ആരാധന ആരംഭിച്ചിരുന്നു.

ഇന്ന്‌ രാഷ്ട്രീയ ഹിന്ദു ദളിന്റെ പ്രവർത്തകർ പള്ളിയുടെ ബോര്‍ഡില്‍ ഗ്യാന്‍വാപി മസ്ജിദ് എന്നത് മായ്ച്ച് ഗ്യാന്‍വാപി 'മന്ദിർ' എന്ന് എഴുതി ഒട്ടിച്ചതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്ത് സംഘർഷ സാധ്യതകള്‍ ഒഴിവാക്കാനായി വൻ സുരക്ഷാ സംവിധാനമാണ് തയാറാക്കിയിട്ടുള്ളത്.

logo
The Fourth
www.thefourthnews.in