നൂഹ് സംഘർഷം: മുസ്ലിങ്ങളെ ബഹിഷ്കരിക്കണമെന്ന് പ്രമേയം പാസാക്കിയ പഞ്ചായത്തുകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

നൂഹ് സംഘർഷം: മുസ്ലിങ്ങളെ ബഹിഷ്കരിക്കണമെന്ന് പ്രമേയം പാസാക്കിയ പഞ്ചായത്തുകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

സംഘർഷത്തെ തുടർന്ന് മുടങ്ങിപ്പോയ വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര പുനരാരംഭിക്കുന്നതിനായുള്ള ചർച്ചകൾക്ക് അനുമതി
Updated on
1 min read

മുസ്ലിങ്ങൾ ഗ്രാമങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുന്ന പ്രമേയം പാസാക്കിയ ഗ്രാമപഞ്ചായത്തുകൾക്കും സർപഞ്ചുകൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി ഹരിയാന സർക്കാർ. നൂഹിൽ ജൂലൈ 31 ആരംഭിച്ച വർഗീയ സംഘർഷത്തിന് പിന്നാലെയായിരുന്നു ഗ്രാമസഭകൾ മുസ്ലിങ്ങളെ ബഹിഷ്കരിക്കണമെന്ന ആഹ്വാനം നടത്തിയത്.

നിരവധി ഗ്രാമപഞ്ചായത്തുകൾക്കും സർപഞ്ചുമാർക്കും ജില്ലാ അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഹരിയാന ഗ്രാമപഞ്ചായത്ത് രാജ് നിയമത്തിൽ സെക്ഷൻ 51 പ്രകാരമാണ് നോട്ടീസ്. സർപഞ്ചുമാരെ തൽസ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്യാൻ അനുവദിക്കുന്നതാണ് സെക്ഷൻ 51. മറുപടികൾ പരിശോധിച്ച ശേഷമാകും തുടർനടപടികളെന്ന് റെവാഡി ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ഇമ്രാൻ റാസ പറഞ്ഞു.

റെവാഡി ജില്ലയിലെ അത്തരം ചില ഗ്രാമപഞ്ചായത്തുകൾക്കും സർപഞ്ചുമാർക്കും എതിരെ എഫ്‌ഐ‌ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ എഫ്‌ഐ‌ആറുകൾ രജിസ്റ്റർ ചെയ്യുന്നതോ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് പോലീസ് സൂപ്രണ്ടിന് മാത്രമേ പറയാൻ കഴിയൂവെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

നൂഹ് സംഘർഷം: മുസ്ലിങ്ങളെ ബഹിഷ്കരിക്കണമെന്ന് പ്രമേയം പാസാക്കിയ പഞ്ചായത്തുകൾക്ക് കാരണം കാണിക്കൽ നോട്ടീസ്
രാഹുലോ? മോദിയോ? സാമൂഹിക മാധ്യമങ്ങളിൽ കെങ്കേമനാര്? സൈബർ ലോകത്ത് പുതിയ പോർമുഖം

ഓഗസ്റ്റ് പത്തിന് റെവാഡി ഉൾപ്പെടെ രണ്ട് ഗ്രാമപഞ്ചായത്തുകൾ മുസ്ലിം വിഭാഗത്തെ ബഹിഷ്കരിക്കണമെന്ന പ്രമേയം പാസാക്കിയിരുന്നു. മുസ്ലീം വിഭാഗത്തെ ബഹിഷ്‌കരിക്കാനുള്ള നടപടി അംഗീകരിക്കാനാകില്ലെന്നും സമുദായങ്ങൾക്കിടയിൽ യോജിപ്പും സൗഹാർദവും വേണമെന്നും സുപ്രീംകോടതി രണ്ടുദിവസം മുൻപ് പറഞ്ഞിരുന്നു. കലാപക്കേസുകളുടെ അന്വേഷണങ്ങൾക്ക് ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി വേണമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വി ഭാട്ടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്‌ നിർദേശിച്ചിരുന്നു. വർഗീയ കലാപത്തെ തുടർന്ന് മുസ്ലിങ്ങളെ ബഹിഷ്‌കരിക്കാനും അകറ്റി നിർത്താനുമുള്ള ആഹ്വാനങ്ങൾക്കെതിരെ നടപടി വേണമെന്ന ഹർജി പരിഗണിക്കവെയായിരുന്നു ബെഞ്ചിന്റെ പരാമർശം.

നൂഹ് സംഘർഷം: മുസ്ലിങ്ങളെ ബഹിഷ്കരിക്കണമെന്ന് പ്രമേയം പാസാക്കിയ പഞ്ചായത്തുകൾക്ക് കാരണം കാണിക്കൽ നോട്ടീസ്
'നിയമങ്ങളിലെ മാറ്റം അപകോളനീകരണമല്ല, രാഷ്ട്രീയ നാടകം'; ലൈവ് ലോ മാനേജിങ് എഡിറ്റർ മനു സെബാസ്റ്റ്യൻ അഭിമുഖം

മുസ്ലിം സമുദായത്തിൽപ്പെട്ടവരെ അകറ്റി നിർത്തണമെന്നും ആ സമുദായത്തിൽപ്പെട്ടവരെ വീട്ടിലോ കടയിലോ ജോലിക്കു നിർത്തുകയോ, അവരുമായി സഹകരിക്കുകയോ ചെയ്യുന്നവരെ ഗ്രാമവും സമുദായവും ബഹിഷ്‌കരിക്കുമെന്നും ഹരിയാനയിലെ ഹിസാർ ജില്ലയിൽ ഹിന്ദു മഹാപഞ്ചായത്ത് നടത്തിയ ഒരു റാലിയിൽ ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് രണ്ടിന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഈ വീഡിയോയെ അടിസ്ഥാനപ്പെടുത്തി ഷഹീൻ അബ്ദുള്ള എന്നയാളായിരുന്നു ഹർജി സമർപ്പിച്ചത്.

അതേസമയം , സംഘർഷത്തെ തുടർന്ന് മുടങ്ങിപ്പോയ വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര പുനരാരംഭിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾക്ക് വേണ്ടി മഹാപഞ്ചായത്ത് വിളിച്ചുചേർക്കാൻ പോലീസ് അനുമതി നൽകി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി നൂഹ് അധികൃതർ നിരസിച്ച അപേക്ഷയാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in