ഒരുകാലത്ത് എല്‍ടിടിഇയോളം കരുത്തര്‍; 'എനിഗ്മ' കൊലയാളി സംഘം, ഉള്‍ക്കിടിലം തീര്‍ത്ത ഉള്‍ഫ

ഒരുകാലത്ത് എല്‍ടിടിഇയോളം കരുത്തര്‍; 'എനിഗ്മ' കൊലയാളി സംഘം, ഉള്‍ക്കിടിലം തീര്‍ത്ത ഉള്‍ഫ

യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം, സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങുമ്പോള്‍ രക്തരൂക്ഷിത പോരാട്ടത്തിന്റെ ഒരേട് അവസാനിക്കുകയാണ്

44 വര്‍ഷം നീണ്ടുനിന്ന രക്തരൂക്ഷിത പോരാട്ടത്തിനൊടുവില്‍, അസമിലെ ഏറ്റവും വലിയ വിഘടനവാദ സംഘടന ഉള്‍ഫ ആയുധം താഴെവച്ചു. രാജ്യം മുഴുവന്‍ ഭീതിയോടെ മാത്രം കേട്ടിരുന്നൊരു പേരായിരുന്നു ഉള്‍ഫ. സാമൂഹിക സേവന സംഘടനയായി ആരംഭിച്ച്, വടക്ക് കിഴക്കന്‍ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള സായുധ സംഘടനയായി, മാറി മാറിവന്ന ഭരണകൂടങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം, സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങുമ്പോള്‍ രക്തരൂക്ഷിത പോരാട്ടത്തിന്റെ ഒരേട് അവസാനിക്കുകയാണ്.

സന്നദ്ധസംഘടനയില്‍നിന്ന് സായുധ മാര്‍ഗത്തിലേക്ക്

1979 ഏപ്രില്‍ ഏഴിനായിരുന്നു സംഘടനയുടെ തുടക്കം. പരേഷ് ബറുവ, അരബിന്ദ രാജ്‌ഖോവ, അനുപ് ചെതിയ എന്നിവരുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനയായി ആരംഭിച്ച സംഘടനയ്ക്ക് തുടക്കം മുതല്‍തന്നെ വലിയ ജനകീയ പിന്തുണ ലഭിച്ചു. എണ്‍പതുകളില്‍ തദ്ദേശീയ ജനതയുടെ നിത്യ പ്രശ്‌നങ്ങളില്‍ ഇടപെട്ട് തങ്ങള്‍ക്കൊപ്പം ആളെക്കൂട്ടിയ സംഘടന, ബ്രഹ്‌മപുത്ര വാലിയില്‍ നിര്‍ണായക സ്വാധീനം നേടിയെടുത്തു.

തനത് അസമീസ് ജനതയുടെ സാമൂഹിക മുന്നേറ്റത്തിനും വിദ്യാഭ്യാസ, സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയായിരുന്നു ഉള്‍ഫയുടെ ആദ്യകാല നിലപാടുകള്‍. അസമീസ് ദേശീയതയും സോഷ്യലിസവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു സംഘടനയുടെ രൂപീകരണം. തൊണ്ണൂറുകളുടെ തുടക്കത്തില്‍ തങ്ങള്‍ വിപ്ലവ പ്രവര്‍ത്തനത്തിലേക്ക് നീങ്ങുകയാണെന്നും അസമിനെ ഇന്ത്യന്‍ യൂണിയനില്‍നിന്ന് വിഭജിച്ച് പ്രത്യേക രാഷ്ട്രം സ്ഥാപിക്കുമെന്നും ഉള്‍ഫ പ്രഖ്യാപിച്ചു.

ബാങ്ക് കൊള്ളയടി, ആയുധ കച്ചവടം

ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മാര്‍, പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഉള്‍ഫ സംഘാംഗങ്ങളുടെ സായുധ പരിശീലനം. ദക്ഷിണേഷ്യയില്‍ എല്‍ടിടിഇ കഴിഞ്ഞാല്‍, ഏറ്റവും സ്വാധീനമുള്ള വിഘടനവാദ ഗ്രൂപ്പായി തൊണ്ണൂറുകളില്‍ ഉള്‍ഫ വളര്‍ന്നു.

ആദ്യകാലങ്ങളില്‍ ബാങ്കുകള്‍ കൊള്ളയടിച്ചായിരുന്നു ഇവര്‍ പണം കണ്ടെത്തിയിരുന്നത്. തേയില തോട്ടങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്താതിരിക്കാന്‍ ടാറ്റയടക്കമുള്ള വന്‍കിട പ്ലാന്റേഷന്‍ കമ്പനികള്‍ ഉള്‍ഫയ്ക്ക് പണം നല്‍കേണ്ട സാഹചര്യമുണ്ടായിരുന്നു. ഉള്‍ഫയുടെ മെഡിക്കല്‍ ബില്ലുകള്‍ ടാറ്റ നല്‍കിയിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. പിന്നീട്, അന്താരാഷ്ട്ര മയക്കുമരുന്ന്, ആയുധ കടത്ത് സംഘങ്ങളുമായി ഇവര്‍ ഇടപെട്ടു.

സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലുകള്‍

ഉള്‍ഫയുടെ സായുധ നീക്കങ്ങള്‍ അതിരുകടന്നതോടെ, തിരിച്ചടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 1990ല്‍ ഓപ്പറേഷന്‍ ബജ്‌രംഗ് എന്ന പേരില്‍ വിഘടനവാദികളെ തുരത്താന്‍ കേന്ദ്രം സൈനിക നീക്കം പ്രഖ്യാപിച്ചു. അസം പ്രശ്‌നബാധിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടു. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലായി. പ്രത്യേക സായുധ നിയമമായ അഫ്‌സ പ്രഖ്യാപിക്കപ്പെട്ടു. ഗ്രാമങ്ങള്‍ സൈനിക നിരീക്ഷണത്തിന് കീഴിലായി. ഉള്‍ഫയ്ക്കും സൈന്യത്തിനും നടുവില്‍ അസം ജനത ശ്വാസം മുട്ടി.

ഉള്‍ഫ മാതൃകയില്‍ മറ്റനേകം സായുധ സംഘങ്ങള്‍ അസമില്‍ മുളപൊട്ടി. സൈനികര്‍ക്കെതിരെ മാത്രമല്ല, സാധാരണക്കാര്‍ക്ക് നേരേയും ഉള്‍ഫ ആക്രമണങ്ങള്‍ പതിവാക്കി. രാഷ്ട്രീയക്കാരേയും പ്രമുഖരേയും തട്ടിക്കൊണ്ടുപോകുന്നത് സ്ഥിരം വാര്‍ത്തയായി. റയില്‍വെ പാളങ്ങള്‍ ബോംബുവച്ച് തകര്‍ത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിരന്തരം ആക്രമിക്കപ്പെട്ടു. തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചു. സമാധാനം അസം ഗ്രാമീണ ജനതയ്ക്ക് സ്വപ്‌നം മാത്രമായി.

ഒരുകാലത്ത് എല്‍ടിടിഇയോളം കരുത്തര്‍; 'എനിഗ്മ' കൊലയാളി സംഘം, ഉള്‍ക്കിടിലം തീര്‍ത്ത ഉള്‍ഫ
ആയുധം താഴെവച്ച് ഉള്‍ഫ; സമാധാനകരാറില്‍ ഒപ്പിട്ടു, ചരിത്ര തീരുമാനമെന്ന് അമിത് ഷാ, എതിര്‍പ്പുമായി പരേഷ് ബറുവ വിഭാഗം

എനിഗ്മ ഗ്രൂപ്പ്

അപ്രതീക്ഷിതമായി എത്തി, ഞൊടിയിടയില്‍ അക്രമം നടത്തി മറയുന്ന തരത്തിലുള്ള ഓപ്പറേഷനുകള്‍ നടത്തുന്നതില്‍ കുപ്രസിദ്ധമായിരുന്നു ഉള്‍ഫ. ഇതിനുവേണ്ടി പ്രത്യേകം പരീശീലനം ലഭിച്ച കേഡര്‍മാര്‍ ഇവര്‍ക്കുണ്ടായിരുന്നു. എനിഗ്മ ഫോഴ്‌സ് എന്നാണ് ഈ കേഡര്‍മാര്‍ അറിയപ്പെട്ടിരുന്നത്. ഇവര്‍ മറ്റു കേഡര്‍മാരുമായി സഹകരിക്കാറില്ല. പ്രത്യേക താവളങ്ങളിലാണ് ഇവരെ പാര്‍പ്പിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമാണ് ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിച്ചിരുന്നത്.

user

ഉള്‍ഫക്കാരെ കൊന്ന ഉള്‍ഫ

ഇതിനിടയില്‍ ഉള്‍ഫയില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. 1992ല്‍ ഉള്‍ഫ പിളര്‍ന്നു. ഒരുവിഭാഗം നേതാക്കള്‍ സര്‍ക്കാരുമായി ധാരണയിലെത്തി. കീഴടങ്ങിയ ഇവര്‍, പക്ഷേ ഉള്‍ഫയ്ക്ക് എതിരെ തിരിഞ്ഞു. ഉള്‍ഫയുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും തകര്‍ക്കാന്‍ കീഴടങ്ങിയ വിഭാഗം സൈന്യത്തെ സഹായിച്ചു. ഇതിനു പുറമേ, നിരവധി ഉള്‍ഫ നേതാക്കളേയും പ്രവര്‍ത്തകരേയും ഇവര്‍ കൂട്ടത്തോടെ കൊന്നൊടുക്കി.

ഇതോടെ, ഉള്‍ഫയുടെ പ്രതാപകാലത്തിന്റെ അസ്തമയം ആരംഭിച്ചു. നിരന്തരമായുള്ള സൈനിക നീക്കങ്ങളും സ്വന്തം കൂട്ടത്തില്‍ നിന്നുതന്നെയുണ്ടായ ഒറ്റും ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള നിസഹകരണവും ഉള്‍ഫയെ തളര്‍ത്തി.

ഒരുകാലത്ത് എല്‍ടിടിഇയോളം കരുത്തര്‍; 'എനിഗ്മ' കൊലയാളി സംഘം, ഉള്‍ക്കിടിലം തീര്‍ത്ത ഉള്‍ഫ
ആയുധം താഴെവച്ച യുഎന്‍എല്‍എഫ്; 'ഇമേജ് പോയ' മോദിക്ക് മണിപ്പൂരില്‍ കിട്ടിയ കച്ചിത്തുരുമ്പോ?

മറ്റു ഭീകരവാദ സംഘടനകളുമായി ബന്ധം സ്ഥാപിച്ച് പിടിച്ചുനില്‍ക്കാന്‍ ഉള്‍ഫ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനുമായി ഉള്‍ഫ സൈനിക മേധാവി പരേഷ് ബറുവ കൂടിക്കാഴ്ച നടത്തി. പാകിസ്താന്‍ ചാര സംഘടന ഐഎസ്‌ഐയുമായും ബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് ഉള്‍ഫ അംഗങ്ങള്‍ക്ക് ഐഎസ്‌ഐ പാകിസ്താനില്‍ പരിശീലനം നല്‍കി.

സമാധന പാതയിലേക്ക്

2005 മുതല്‍ സമാധാന പാതയിലേക്ക് നീങ്ങാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. പലതവണ ഉള്‍ഫയുമായി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. ആയുധം താഴെവയ്ക്കാനുള്ള അരബിന്ദ രാജ്‌ഖോവയുടെയും സംഘത്തിന്റെയും ശ്രമങ്ങളെ പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള വിഭാഗം ശക്തമായി എതിര്‍ത്തു. ഒടുവില്‍ 2012ല്‍ ബറുവയെ ഉള്‍ഫയില്‍ നിന്ന് പുറത്താക്കി. ബറുവയുടെ നേതൃത്വത്തില്‍ ഉള്‍ഫ (സ്വതന്ത്ര) രൂപീകരിച്ചു.

2012-ല്‍ ഉള്‍ഫ സര്‍ക്കാരിന് മുന്നില്‍ പന്ത്രണ്ട് ആവശ്യങ്ങള്‍ മുന്നോട്ടവച്ചു. ഇത് അംഗീകരിച്ചാല്‍ സമാധാന കരാറില്‍ ഒപ്പുവയ്ക്കാന്‍ തയാറാണെന്നായിരുന്നു ഉള്‍ഫയുടെ നിലപാട്. ശേഷം, സര്‍ക്കാരുമായി നിരന്തരം ചര്‍ച്ചകള്‍ നടന്നു. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ചര്‍ച്ചയില്‍ ഒടുവില്‍ സര്‍ക്കാരും ഉള്‍ഫയും തമ്മില്‍ ധാരണയിലെത്തി. എന്നാല്‍, ബറുവ വിഭാഗം ഇപ്പോഴും ആയുധം താഴെവയ്ക്കാന്‍ തയാറായിട്ടില്ല. തങ്ങളാണ് യഥാര്‍ഥ ഉള്‍ഫയെന്നും സായുധ പോരാട്ടം തുടരുമെന്നും ബറുവ വിഭാഗം അവകാശപ്പെടുന്നുണ്ട്.

logo
The Fourth
www.thefourthnews.in