ഹൂതി സായുധ സംഘം ആക്രമിച്ച കപ്പലിന് സമീപത്തേക്ക് എത്തുന്ന ഐഎന്‍എസ് വിശാഖപട്ടണത്തില്‍ നിന്നുള്ള ചിത്രം
ഹൂതി സായുധ സംഘം ആക്രമിച്ച കപ്പലിന് സമീപത്തേക്ക് എത്തുന്ന ഐഎന്‍എസ് വിശാഖപട്ടണത്തില്‍ നിന്നുള്ള ചിത്രം

ചെങ്കടലിലെ 'രക്ഷകര്‍'; അപായ സന്ദേശങ്ങളില്‍ ആദ്യം ഓടിയെത്തുന്ന നാവികസേന, എന്താണ് ഇന്ത്യയുടെ നിലപാട്?

പല കപ്പലുകളില്‍ നിന്ന് ലഭിക്കുന്ന അപായ സന്ദേശങ്ങളോട് ആദ്യം പ്രതികരിക്കുന്നതും സംഭവ സ്ഥലത്തേക്ക് ഉടനടി എത്തുന്നതും പലപ്പോഴും ഇന്ത്യന്‍ നാവികസേനയാണ്

ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിന് മറുപടി എന്ന അവകാശവാദത്തോടെ, ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതി സായുധ സംഘങ്ങള്‍ നിരന്തരം ആക്രമണം നടത്തുകയാണ്. സംഘര്‍ഷഭരിതമായി തുടരുന്ന ചെങ്കടലില്‍ ഇന്ത്യന്‍ നാവികസേന നിലവില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. പല കപ്പലുകളില്‍ നിന്ന് ലഭിക്കുന്ന അപായ സന്ദേശങ്ങളോട് ആദ്യം പ്രതികരിക്കുന്നതും സംഭവ സ്ഥലത്തേക്ക് ഉടനടി എത്തുന്നതും പലപ്പോഴും ഇന്ത്യന്‍ നാവികസേനയാണ്.

ശനിയാഴ്ച വീണ്ടും രക്ഷാദൗത്യവുമായി ഇന്ത്യന്‍ നേവിക്ക് രംഗത്തിറങ്ങേണ്ടിവന്നു. ഇത്തവണ അപായ സന്ദേശം എത്തിയത് ബ്രിട്ടീഷ് കപ്പലായ മര്‍ലിന്‍ ലുവാന്‍ഡ എന്ന ഓയില്‍ ടാങ്കറില്‍ നിന്നായിരുന്നു. ഈ കപ്പലില്‍ 22 ഇന്ത്യന്‍ നാവികരുണ്ടായിരുന്നു. ഗള്‍ഫ് ഓഫ് ഏദനില്‍ വച്ചാണ് ബ്രിട്ടീഷ് ഓയില്‍ ടാങ്കറിന് നേര്‍ക്ക് ഹൂതികളുടെ മിസൈല്‍ ആക്രമണം നടന്നത്. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണമാണ് എത്തിയത്. ആക്രമണത്തിന് ഇരയായ കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ആര്‍ക്കും പരുക്കില്ലെന്നും ഇന്ത്യന്‍ നാവികസേന സ്ഥിരീകരിച്ചു. യുഎസ് യുദ്ധക്കപ്പലും രക്ഷാ ദൗത്യത്തിന് എത്തിയിരുന്നു.

ഹൂതി സായുധ സംഘം ആക്രമിച്ച കപ്പലിന് സമീപത്തേക്ക് എത്തുന്ന ഐഎന്‍എസ് വിശാഖപട്ടണത്തില്‍ നിന്നുള്ള ചിത്രം
ബ്രിട്ടീഷ് എണ്ണക്കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; ടാങ്കറില്‍ 22 ഇന്ത്യക്കാരും

പന്ത്രണ്ട് യുദ്ധക്കപ്പലുകളെയാണ് അറബിക്കടലിന്റെ വടക്ക്, മധ്യ മേഖലകളില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. നേരത്തെ ഈ മേഖലകളില്‍ രണ്ട് കപ്പലുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ പതാകയേന്തി സഞ്ചരിക്കുന്ന കപ്പലുകളെയാണ് പ്രധാനമായും കപ്പലുകള്‍ നിരീക്ഷിക്കുന്നത്. എന്നാല്‍, മറ്റു കപ്പലുകളില്‍ നിന്നുള്ള അപായ സന്ദേശങ്ങളോട് ആദ്യം പ്രതികരിക്കുന്നതും ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ആണെന്ന് നാവികേസന വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞയാഴ്ച യുഎസ് കാര്‍ഗോ കപ്പലില്‍ നിന്നുള്ള അപായ സന്ദേശം കേട്ട് ആദ്യം എത്തിയതും ഇന്ത്യന്‍ നാവികസേന ആയിരുന്നു. വടക്കന്‍ അറബിക്കടലില്‍ ലൈബീരിയന്‍ പതാകയേന്തി സഞ്ചരിച്ച കപ്പലിനെ ഹൈജാക്ക് ചെയ്യാനുള്ള കടല്‍ക്കൊള്ളക്കാരുടെ ശ്രമം തകര്‍ത്തതും ഇന്ത്യന്‍ നാവികസേന ആയിരുന്നു.

ചെങ്കടലിലെ ഹൂതി സായുധ സംഘങ്ങളുടെ ആക്രമണം ചെറുക്കാനായി അമേരിക്കയും സഖ്യകക്ഷികളും രൂപീകരിച്ച ഓപ്പറേഷന്‍ ടീമില്‍ ഇന്ത്യ ചേര്‍ന്നിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ അനുമതിയുള്ള ദൗത്യങ്ങളില്‍ മാത്രം പങ്കെടുക്കുക എന്നതാണ് ഇന്ത്യ നിലവില്‍ സ്വീകരിച്ചുവരുന്ന നിലപാട്. ഇറാനുമായി തുടരുന്ന ബന്ധം വഷളാക്കാന്‍ ഇന്ത്യ താത്പര്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, അമേരിക്കന്‍ സഖ്യത്തിനൊപ്പമുള്ള സൈനിക ദൗത്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഇന്ത്യയുടെ തീരുമാനം. അതേസമയം, ചെങ്കടലിലെ ഹൂതി ആക്രമണങ്ങളെ കുറിച്ചുള്ള ആശങ്ക ഇന്ത്യ ഇറാനുമായി പങ്കുവച്ചിട്ടുണ്ട്. പ്രധാന അന്താരാഷ്ട്ര വ്യാപാര പാതയായ ചെങ്കടലിലെ ആക്രമണങ്ങള്‍ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതാണെന്നാണ് ഇന്ത്യന്‍ നിലപാട്.

സൈനിക നീക്കത്തില്‍ പങ്കാളിയാകുന്നില്ലെങ്കിലും അമേരിക്കയെ പിണക്കാനും ഇന്ത്യ തയാറല്ല. ഇന്തോ-പസഫിക്കില്‍ ചൈനീസ് സാന്നിധ്യത്തെ ചെറുക്കുന്നതിന് അമേരിക്കയുമായൂള്ള സഹകരണം നിര്‍ണായകമാണ്. അതിനാല്‍, നിലവിലെ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി അമേരിക്കയുമായുള്ള ബന്ധം നിലനിര്‍ത്താനും ഇന്ത്യ ശ്രമിക്കുന്നു.

കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നാവികസേന ആയുധ ശേഖരത്തില്‍ വന്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ആഭ്യന്തരമായി നിര്‍മിച്ച ഒരു ഡസനോളം യുദ്ധക്കപ്പലുകളാണ് നാവികസേന രംഗത്തിറക്കിയത്. 140 യുദ്ധക്കപ്പലുകളാണ് നിലവില്‍ ഇന്ത്യക്കുള്ളത്. വരും വര്‍ഷങ്ങളില്‍ ഇതിന്റെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതികളാണ് നടന്നുവരുന്നത്.

logo
The Fourth
www.thefourthnews.in