പെഗാസസ് ഒറ്റപ്പെട്ടതല്ല; ഗ്രീസിൽനിന്ന് സ്പൈവെയർ വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

പെഗാസസ് ഒറ്റപ്പെട്ടതല്ല; ഗ്രീസിൽനിന്ന് സ്പൈവെയർ വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

ഗ്രീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റലെക്സ വികസിപ്പിച്ചെടുത്ത പ്രിഡേറ്റർ എന്ന സംവിധാനത്തിലാണ് ഇന്ത്യ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്

ഇസ്രയേൽ നിർമിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങൾക്കുശേഷവും മറ്റൊരു സ്പൈവെയർ വാങ്ങാൻ ശ്രമമാരംഭിച്ച് ഇന്ത്യ. പുതിയ സ്പൈവെയർ കരാർ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയത്തിൽ ചർച്ചകൾ സജീവാകുന്നതായാണ് റിപ്പോർട്ട്. പുതിയ സ്പൈവെയറിനായി 120 മില്യൺ ഡോളറാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.

ഗ്രീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റലെക്സ വികസിപ്പിച്ചെടുത്ത പ്രിഡേറ്റർ എന്ന സംവിധാനത്തിലാണ് ഇന്ത്യ ആഭിമുഖ്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഗ്രീസിന്റെ ചാര മേധാവിയെയും പ്രധാനമന്ത്രിയെയും കുടുക്കിയ സ്‌നൂപ്പിങ് അഴിമതിയുടെ പിന്നിൽ പ്രിഡേറ്ററെന്നാണ് റിപ്പോർട്ട്. സിറ്റിസൺ ലാബും ഫേസ്ബുക്കും പറയുന്നതനുസരിച്ച് , ഈജിപ്ത്, സൗദി അറേബ്യ, മഡഗാസ്കർ, ഒമാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രിഡേറ്റർ ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ട്.

ലോകമെമ്പാടുമുള്ള സ്പൈവെയർ സ്ഥാപനങ്ങളെ കരാറിനായി ക്ഷണിക്കുന്ന ലേലത്തിൽ ഇന്ത്യയ്ക്കും അപേക്ഷിക്കാൻ കഴിയും. ഇതിലൂടെ ഓസ്‌ട്രേലിയ, ഇറ്റലി, ഫ്രാൻസ്, ബെലാറസ് അടക്കമുളള രാജ്യങ്ങളിലെ സ്പൈവെയർ സ്ഥാപനങ്ങളുമായി ഇടപെടാനും സാധിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനടക്കമുളളവർ പറയുന്നതനുസരിച്ച് ലേലത്തിൽ 12 സ്ഥാപനങ്ങളാണ് പങ്കെടുക്കുക.

പെഗാസസ് ഒറ്റപ്പെട്ടതല്ല; ഗ്രീസിൽനിന്ന് സ്പൈവെയർ വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്
ചാര സോഫ്റ്റ് വെയര്‍ കണ്ടെത്തി; പെഗാസസ് എന്നതിന് തെളിവില്ല, അന്വേഷണത്തില്‍ കേന്ദ്രം സഹകരിച്ചില്ല: സുപ്രീംകോടതി സമിതി

ലോകത്ത് പലഭാ​ഗങ്ങളിലും വിമതരെയും പ്രതിപക്ഷ നിരയെയും തകർക്കുന്നതിനായി വിവിധ സർക്കാരുകൾ പെ​ഗാസസ് സ്പൈവെയർ ഉപയോഗിച്ചതായുള്ള ആരോപണം ശക്തമാണ്. ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിലെ മന്ത്രിമാരുടെയും മാധ്യമപ്രവർത്തകരുടെയും ഇടതുപക്ഷ ചായ്‌വുള്ള അക്കാദമിക് വിദഗ്ധരുടെയും പ്രതിപക്ഷ നേതാക്കളുടെയും ഫോണുകളിൽ മാൽവെയർ കണ്ടെത്തിയിരുന്നു. ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗപ്പെടുത്തിയതായി ദ വയർ, വാഷിങ്ടൺ പോസ്റ്റ് ഉൾപ്പെടെ 16 രാജ്യാന്തര മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യയിൽ മൂന്നുറോളം പേരുടെ വിവരങ്ങൾ ഇത്തരത്തിൽ ചോർത്താൻ ശ്രമിച്ചിരുന്നെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പാണ് പെ​ഗാസസിന്റെ നിർമാതാക്കൾ.

പെഗാസസ് ഒറ്റപ്പെട്ടതല്ല; ഗ്രീസിൽനിന്ന് സ്പൈവെയർ വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്
യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാരുടെ ഫോണുകള്‍ ചോര്‍ത്തി പെഗാസസ്; തെളിവുകള്‍ പുറത്ത്

പെഗാസസ് വിവാദം കത്തിപ്പടർന്നപ്പോൾ ഇസ്രായേൽ ആസ്ഥാനമായുള്ള എൻഎസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നായിരുന്നു പ്രതിരോധ മന്ത്രാലയം പ്രതികരിച്ചത്. വിഷയം, പാർലമെന്റിൽ ജോൺ ബ്രിട്ടാസ് എംപി അടക്കമുളളവർ ഉന്നയിച്ചതിന് പിന്നാലെ സുപ്രീം കോടതി അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോ​ഗിച്ചു. ആരോപണങ്ങൾ അന്വേഷിച്ച സമിതി പരിശോധിച്ച ഫോണുകളിൽ സ്‌പൈവെയറിനെ സംബന്ധിച്ച തെളിവുകൾ ഒന്നും തന്നെ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. സമിതിയുടെ അന്വേഷണത്തിന് കേന്ദ്രസർക്കാർ സഹകരിച്ചിരുന്നില്ല.

പെഗാസസിനെ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാണമെന്ന പ്രതിപക്ഷത്തിന്റെ വാദം മോദി സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് നിലവിൽ സർക്കാരിനെ പുതിയ സ്പൈവെയർ കരാറുകൾക്കായി തിരിയാൻ പ്രേരിപ്പിച്ചതും.

ഇന്ത്യൻ ജനാധിപത്യത്തെയും അതിന്റെ സുസ്ഥിരമായ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് പെ​ഗാസസ് വഴി നടക്കുന്നതെന്ന റിപ്പോർട്ടുകളെ കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു. പെ​ഗാസസ് ദേശീയ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്നും നിരോധിക്കണമെന്നും യുഎസ് അടിവരയിട്ട് പറയുന്ന സാഹചര്യത്തിലാണ് ഇന്ത്യ പുതിയ സ്പൈവെയർ വാങ്ങുന്നതിനായി ശ്രമം നടത്തുന്നത്.

അമേരിക്ക നടത്തിയ ഫോറൻസിക് പരിശോധനയിൽ 10 രാജ്യങ്ങളിലെ എംബസികളിൽ ജോലി ചെയ്യുന്ന യുഎസ് ഇതര പൗരന്മാരുൾപ്പെടെ 50 ജീവനക്കാരെങ്കിലും സ്പൈവെയർ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. തുടർന്ന്, യുഎസ് സർക്കാർ പെഗാസസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഒരു കാരണവശാലും ഇത്തരം കമ്പനികളെ പ്രോത്സാഹിപ്പിക്കരുതെന്ന് ബൈഡൻ മുന്നറിയിപ്പും നൽകിയിരുന്നു. അതേസമയം, യുഎസിന്റെയും ഇസ്രായേലിന്റെയും സഖ്യകക്ഷികളുമായുള്ള കരാറുകൾ വർധിച്ചുകൊണ്ടിരിക്കുന്നുവെന്ന് എൻഎസ്ഒ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in