സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് 19 പാക് ജീവനക്കാരെ രക്ഷിച്ച് ഇന്ത്യന്‍ നാവികസേന

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് 19 പാക് ജീവനക്കാരെ രക്ഷിച്ച് ഇന്ത്യന്‍ നാവികസേന

36 മണിക്കൂറിനിടെ ഐഎന്‍എസ് സുമിത്ര നടത്തുന്ന രണ്ടാമത്തെ രക്ഷാപ്രവര്‍ത്തനമാണിത്.

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് 19 പാകിസ്താന്‍ നാവികരെ രക്ഷിച്ച് ഇന്ത്യന്‍ നാവികസേന. നാവികസേനയുടെ യുദ്ധകപ്പലായ ഐഎന്‍എസ് സുമിത്ര ഒന്നര ദിവസത്തിനിടയില്‍ നടത്തുന്ന രണ്ടാമത്തെ ആന്റി-പൈറസി ഓപ്പറേഷനാണിത്. ഇന്ത്യന്‍ നാവികസേനയുടെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഓപ്പറേഷന്റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

''സൊമാലിയയുടെ കിഴക്കന്‍ തീരത്തുള്ള എഫ്‌വി ഇമാന്റെ കൊള്ളശ്രമം എഎന്‍എസ് സുമിത്ര പരാജയപ്പെടുത്തി. എഫ്‌വി അല്‍ നയീമി എന്ന മത്സ്യബന്ധന കപ്പലും 19 പാകിസ്താനികളെയും 11 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്നു രക്ഷപ്പെടുത്തി'', എക്‌സില്‍ പറയുന്നു.

ഞായറാഴ്ച രാത്രി സൊമാലിയയുടെ കിഴക്കന്‍ തീരത്തും ഏദന്‍ ഉള്‍ക്കടലിലുമായി 17 ജീവനക്കാരുണ്ടായിരുന്ന ഇറാന്റെ പതാക ഘടിപ്പിച്ച മത്സ്യബന്ധന കപ്പലായ ഇമാനെ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്നും ഐഎന്‍എസ് സുമിത്ര രക്ഷിച്ചിരുന്നു. പിന്നാലെയാണ് നയീമി കപ്പലിനെയും ജീവനക്കാരെയും രക്ഷിച്ചത്.

ഇറാന്റെ പതാകയുണ്ടായ നയീമിയില്‍ 11 കൊള്ളക്കാര്‍ നുഴഞ്ഞുകയറുകയായിരുന്നു. നാവികസേനയുടെ യുദ്ധക്കപ്പല്‍ മത്സ്യബന്ധന ബോട്ട് തടയുകയും ബന്ദികളെ വിട്ടയക്കാന്‍ കടല്‍ക്കൊള്ളക്കാരെ നിര്‍ബന്ധിക്കുകയുമായിരുന്നു. തുടര്‍ന്ന് നാവിക ഉദ്യോഗസ്ഥര്‍ കപ്പലിലുണ്ടായ ജീവനക്കാരെ പരിശോധിക്കുകയും ചെയ്തു.

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് 19 പാക് ജീവനക്കാരെ രക്ഷിച്ച് ഇന്ത്യന്‍ നാവികസേന
ചെങ്കടലിലെ 'രക്ഷകര്‍'; അപായ സന്ദേശങ്ങളില്‍ ആദ്യം ഓടിയെത്തുന്ന നാവികസേന, എന്താണ് ഇന്ത്യയുടെ നിലപാട്?

കടല്‍തീരത്തുനിന്നും അകലെ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ നാവികസേനയുടെ തദ്ദേശീയ പട്രോള്‍ വാഹനമാണ് ഐഎന്‍എസ് സുമിത്ര. സൊമാലിയയുടെ കിഴക്കും ഏദന്‍ ഉള്‍ക്കടലിലുമായി കടല്‍ സുരക്ഷയ്ക്കും കടല്‍ക്കൊള്ളക്കുമെതിരെ പ്രവര്‍ത്തിക്കാനാണ് ഐഎന്‍എസ് സുമിത്ര നിയോഗിച്ചിരിക്കുന്നത്.

ശനിയാഴ്ച രാത്രി ഏദന്‍ ഉള്‍ക്കടലില്‍ മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് ഒരു വ്യാപര കപ്പലിലുണ്ടായ തീപിടിത്തം തടയാന്‍ നാവികസേനയുടെ കടല്‍ക്കൊള്ളക്കെതിരെയുള്ള ഓപ്പറേഷന്റെ ഭാഗമായുള്ള ഐഎന്‍എസ് വിശാഖപട്ടണവും സഹായിച്ചിരുന്നു.

logo
The Fourth
www.thefourthnews.in