കോൺഗ്രസിന്റെ തകർച്ച ആരംഭിച്ച 1967 പൊതുതിരഞ്ഞെടുപ്പ്

കോൺഗ്രസിന്റെ തകർച്ച ആരംഭിച്ച 1967 പൊതുതിരഞ്ഞെടുപ്പ്

1967ൽ 78 സീറ്റ് കുറഞ്ഞ് 283 സീറ്റോടെ കേവല ഭൂരിപക്ഷം നേടുന്ന സാഹചര്യത്തിലേക്ക് കോൺഗ്രസെത്തി

ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നും ഇന്ത്യന്‍ രാഷ്ട്രീയമെന്നാല്‍ കോണ്‍ഗ്രസെന്നും ജനം വിശ്വസിച്ചിരുന്ന നാളുകള്‍ ഉണ്ടായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍. എന്നാല്‍ ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ നിലനില്‍പ്പിനായുള്ള ജീവന്മരണപ്പോരാട്ടത്തിലാണ് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടി. നെഹ്‌റു-ഇന്ദിര-രാജീവ് യുഗങ്ങളുടെ ഗതകാലസ്മരണകള്‍ അയവിറക്കുന്ന ഓരോ കോണ്‍ഗ്രസുകാരനും പഴയപ്രതാപം ഓര്‍മിക്കുക സ്വാഭാവികം. എവിടെയാണ് കോണ്‍ഗ്രസിന് പിഴച്ചത്? ഈ ചോദ്യം ഓരോ പ്രവര്‍ത്തകനും സ്വയം ചോദിക്കുന്നുണ്ടാകും.

ഇന്ദിരയുടെ മരണത്തിനുപിന്നാലെ 1984-ല്‍ 543 അംഗ ലോക്‌സഭയില്‍ 404 സീറ്റും നേടിയ കോണ്‍ഗ്രസ് എങ്ങനെ ഇങ്ങനെയായി? അതിന്റെ ഉത്തരം പക്ഷേ 84-നും മുമ്പേയുള്ളതാണ്, തകര്‍ച്ച ആരംഭിച്ചത് അതിനും 17 വര്‍ഷം മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 1967-ല്‍.

Summary

1967 നു ശേഷം നിരവധി തവണ കോൺഗ്രസ് ഇന്ത്യ ഭരിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജയം നേടിയതും അതിനുശേഷമാകാം. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ആദ്യമായി എതിര്‍സ്വരം കേട്ടുതുടങ്ങിയത് 67-ലാണ്.

ചരിത്രം പരിശോധിച്ചാല്‍ 1967-ൽ ലോക്സഭയിലേക്കും 16 സംസ്ഥാന നിയമസഭകളിലേക്കും (അന്ന് 16 സംസ്ഥാനങ്ങളായിരുന്നു ഉണ്ടായിരുന്നത്) നടന്ന തിരഞ്ഞെടുപ്പോടെയാണ് ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വം അസ്തമിക്കാന്‍ ആരംഭിച്ചതെന്നു പറയാം. 67 ന് ശേഷം നിരവധി തവണ കോൺഗ്രസ് ഇന്ത്യ ഭരിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജയം നേടിയതും അതിനുശേഷമാകാം. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ആദ്യമായി എതിര്‍സ്വരം കേട്ടുതുടങ്ങിയത് 67-ലാണ്.

'67ൽ ഇന്ദിര ഗാന്ധി വളരെ ചെറിയ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുന്ന അവസ്ഥയുണ്ടായപ്പോൾ രാഷ്ട്രീയ നിരീക്ഷകർ അത്ഭുതപ്പെട്ടിരുന്നു. ഇന്ന് ഒരു ഏജൻസിയുടെ പ്രീ പോൾ സർവേയിൽ 2024-ൽ രാഹുൽ ഗാന്ധിയും സംഘവും പരാജയപ്പെടുമെന്ന് പറയുന്നത് പോലെയല്ല, ആ തിരഞ്ഞെടുപ്പ് ഫലം അക്ഷരാർഥത്തിൽ എല്ലാവരെയും ഞെട്ടിച്ചു.

കോൺഗ്രസിന്റെ തകർച്ച ആരംഭിച്ച 1967 പൊതുതിരഞ്ഞെടുപ്പ്
മഹാരാഷ്ട്രയില്‍ 'ഇന്ത്യ' റെഡി; 18 സീറ്റില്‍ കോണ്‍ഗ്രസ്, ശിവസേനയ്ക്ക് 20, ശരദ് പവാറിന്റെ എന്‍സിപിയ്ക്ക് 10

1967ൽ സംഭവിച്ചതെന്ത്?

ലോക്സഭ തിരഞ്ഞെടുപ്പും 16 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളുമാണ് 1967 ഫെബ്രുവരി 12 മുതൽ 27 വരെ നടന്നത്. ഫലം വന്നപ്പോൾ ആർക്കും അത് വിശ്വസിക്കാൻ സാധിച്ചില്ല. ഇന്ദിര ഗാന്ധിയാണ് അന്ന് കോൺഗ്രസിന്റെ മുഖം. നേരത്തേയുണ്ടായിരുന്നതിൽ നിന്ന് 78 സീറ്റ് കുറഞ്ഞ് 283 സീറ്റോടെ കേവല ഭൂരിപക്ഷം നേടുന്ന സാഹചര്യത്തിലേക്ക് കോൺഗ്രസെത്തി. പാർട്ടിയുടെ ഏറ്റവും ശക്തരായ, സിൻഡിക്കേറ്റ് എന്ന് വിശേഷിപ്പിക്കുന്ന മൂന്നു നേതാക്കളായ എസ് കെ പാട്ടീൽ, കെ കാമരാജ്, അതുല്യ ഘോഷ് എന്നിവർ പരാജയപ്പെട്ടു.

പക്ഷേ, കോൺഗ്രസിനെ ഭയപ്പെടുത്തിയത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ലഭിച്ച സീറ്റുകളാണ്. കോൺഗ്രസിന് ഏറെ ശക്തിയുണ്ടായിരുന്ന തമിഴ്‌നാട്ടിൽ ഡിഎംകെ വലിയ ശക്തിയായി ഉയർന്നു. 1967നു ശേഷം പിന്നീട് ഇതുവരെ തമിഴ്‌നാട്ടിൽ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ സാധിച്ചിട്ടില്ല. ബംഗാളിൽ ഇടതുപക്ഷം കോൺഗ്രസിനെതിരെ വലിയ ശക്തിയായി ഉയർന്നു വന്നു. 1975ൽ അടിയന്തരാവസ്ഥ കൂടി പ്രഖ്യാപിക്കപ്പെടുന്നതോടെ ബംഗാളിൽ കാര്യങ്ങൾ കൂടുതൽ വഷളായി. 1977നു ശേഷം കോൺഗ്രസിന് ബംഗാളിൽ ഒരിക്കൽപോലും സർക്കാർ രൂപീകരിക്കാൻ സാധിച്ചിട്ടില്ല. 2021 ലെ നിയമഭാ തിരഞ്ഞെടുപ്പിൽ 294 സീറ്റിൽ ഒന്നിൽ പോലും വിജയിക്കാനും കോൺഗ്രസിന് സാധിച്ചില്ല.

ഉത്തർപ്രദേശും ബിഹാറും ഗുജറാത്തും ഒഡിഷയും ഭാവിയിൽ കോൺഗ്രസിന് വലിയ തിരിച്ചടി നേരിടാൻ പോകുന്ന സ്ഥലങ്ങളാണെന്ന സൂചന അന്ന് തന്നെ ലഭിച്ചിരുന്നു. 16 നിയമസഭകളിൽ ഒൻപതെണ്ണമാണ് 1967ൽ കോൺഗ്രസിന് നഷ്ടപ്പെട്ടത്. ഈ ഫലങ്ങൾ പാർട്ടി നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നതിലേക്കും വിഭാഗീയതയിലേക്കും കാര്യങ്ങളെ എത്തിക്കാൻ ശക്തിയുള്ളവയായിരുന്നു. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ നിയന്ത്രണത്തെ പോലും തച്ചുടയ്ക്കാൻ കഴിയുന്ന തരം തോൽവിയായിരുന്നു അത്.

രാജ്യത്തെമ്പാടും കോൺഗ്രസിനുണ്ടായിരുന്ന ആധിപത്യത്തെ തകർക്കാൻ ഈ തിരഞ്ഞെടുപ്പ് ഫലത്തിന് സാധിച്ചുവെന്നത് വളരെ പ്രധാനപ്പെട്ടതാണ്. കോൺഗ്രസ് ശിഥിലമാകുമ്പോൾ ആരാണ് കോൺഗ്രസിന്റെ ശക്തരായ എതിരാളികളെന്ന ചോദ്യമാണ് ഉയരുക. കേരളം, ബംഗാൾ, ത്രിപുര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇടതുപക്ഷമായിരുന്നു എതിരാളികൾ. പക്ഷേ ഇടതുപക്ഷത്തിന്റെ ശക്തി പതുക്കെ കുറഞ്ഞു.

രണ്ടാമത്തെ ഏറ്റവും ശക്തരായ എതിരാളികൾ സോഷ്യലിസ്റ്റ് പാർട്ടികളായിരുന്നു. പ്രത്യേകിച്ച് ബിഹാർ, ഉത്തർപ്രദേശ് ഉൾപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിൽ. പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് എത്ര ശക്തമായി ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്ന് തെളിയിക്കപ്പെടുക കൂടിയായിരുന്നു 1967 ൽ നടന്ന തിരഞ്ഞെടുപ്പ്. ഹൃദയഭൂമി പിന്നീട് സോഷ്യലിസ്റ്റുകളുടെ വിളഭൂമിയായി, സോഷ്യലിസ്റ്റ് കക്ഷികൾ ശോഷിച്ചതോടെ അത് വലതുപക്ഷത്തേക്കും ചാഞ്ഞു. കോണ്‍ഗ്രസിന് അവിടെയും പിന്നീട് ആധിപത്യം തിരിച്ചുപിടിക്കാനായില്ല.

'67ൽ കോണ്‍ഗ്രസിനെതിരേ ഉയർന്നുവന്ന മൂന്നാമത്തെ ശക്തരായ എതിരാളികളാണ് വലതുപക്ഷം. ജനസംഘവും സി രാജഗോപാലാചാരിയുടെ പാർട്ടിയായ സ്വതന്ത്ര പാർട്ടിയെയുമാണ് വലതുപക്ഷമെന്ന് വിളിക്കാൻ സാധിക്കുന്നത്. ജനസംഘം പിന്നീട് ഇന്ന് രാജ്യം ഭരിക്കുന്ന ബിജെപിയായി മാറിയെന്നത് മറ്റൊരു ചരിത്രം.

1970, 1990 കാലത്തേക്കെത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. 1971ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെ രാജഗോപാലാചാരിയുടെ സ്വതന്ത്ര പാർട്ടി ഇല്ലാതായെന്നു തന്നെ പറയാം. അവരുടെ പ്രവർത്തകരെല്ലാം ജനസംഘത്തിന്റെ ഭാഗമായി. അത് പിന്നീട് 1980കളോടെ ബിജെപിയായി മാറി. '67ൽ സ്വതന്ത്ര പാർട്ടിയും ജനസംഘവും ഒരുമിച്ച് നേടിയ വോട്ട് വിഹിതം എന്ന് പറയുന്നത് 18 ശതമാനമാണ്. കോൺഗ്രസിനപ്പോൾ 40 ശതമാനം. പക്ഷേ ശരിക്കുമുള്ള കണക്കുകൾ സംസ്ഥാനങ്ങളിൽനിന്നാണ് വന്നത്.

സംസ്ഥാനങ്ങളുടെ കണക്ക്

ഹരിയാനയില്‍ 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കുന്നതുവരെ ബിജെപി വളരെ ചെറിയ ശക്തി മാത്രമാണ്. 1967ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന സമയത്ത് ജനസംഘത്തിന് ഹരിയാനയിൽ 20 ശതമാനം വോട്ടുണ്ട്. ആ അടിത്തറയിൽനിന്ന് അവരൊരു ശക്തിയായി മാറാൻ ഇത്രയും കാലമെടുത്തുവെന്ന് മാത്രമേ ഉള്ളൂ. ആ കാലതാമസം ബിജെപിയുടെ ദേശീയതലത്തിലുള്ള വളർച്ചയിലും കാണാം. 1967ലെ നിയമസഭാ തിരഞ്ഞടുപ്പിൽ ഗുജറാത്തിൽ സ്വതന്ത്ര പാർട്ടിക്ക് 40 ശതമാനം വോട്ട് വിഹിതം ഉണ്ടായിരുന്നു. ആ വസ്തുത മാത്രം പരിഗണിച്ചാൽ എങ്ങനെ ബിജെപി ഗുജറാത്തിൽ ഒരു അനിഷേധ്യമായ ശക്തിയായി മാറിയെന്ന് മനസിലാക്കാൻ സാധിക്കും.

1967ൽ ബിഹാറിൽ സോഷ്യലിസ്റ്റ് പാർട്ടികളായിരുന്നു കോൺഗ്രസിന്റെ പ്രധാന എതിരാളികൾ. അവിടെ ജനസംഘത്തിനും സ്വതന്ത്ര പാർട്ടിക്കും ലഭിച്ച വോട്ട് വിഹിതം 15 ശതമാനമായിരുന്നു. ഡിഷയിൽ സ്വതന്ത്ര പാർട്ടി 31 ശതമാനം വോട്ട് വിഹിതവും നേടി. 2019ൽ ഒഡിഷയിൽ ബിജെപിയുടെ വോട്ട് വിഹിതം 38 ശതമാനമായിരുന്നു.

രാജസ്ഥാനിൽ രണ്ടു പാർട്ടികളുടെയും ഒരുമിച്ചുള്ള വോട്ട് വിഹിതം 37 ശതമാനത്തിനു മുകളിലായിരുന്നു. ഉത്തർപ്രദേശിലേക്ക് വരികയാണെങ്കിൽ ഇരുപാർട്ടികളുടെയും ഒരുമിച്ചുള്ള വോട്ട് വിഹിതം 27 ശതമാനമായിരുന്നു. ജനസംഘത്തിന് മാത്രം 22 ശതമാനവും.

കോൺഗ്രസിന്റെ തകർച്ച ആരംഭിച്ച 1967 പൊതുതിരഞ്ഞെടുപ്പ്
ഡിഎംകെയുമായി ധാരണ; തമിഴ്‌നാട്ടില്‍ ഇടത് പാര്‍ട്ടികള്‍ നാലു സീറ്റില്‍ മത്സരിക്കും

ഈ കണക്കുകളിൽനിന്ന് 1967ൽ കോൺഗ്രസിന്റെ തകർച്ച ആരംഭിച്ചുവെന്ന് വിലയിരുത്താമെങ്കിലും 2024മായി ഒരുതരത്തിലും '67നെ താരതമ്യം ചെയ്യാൻ സാധിക്കില്ല. 1967ലെ തിരഞ്ഞെടുപ്പിനു മുമ്പുവരെ രാജ്യം മുഴുവൻ പടർന്നു നിൽക്കുന്ന ഒരു പ്രധാനപ്പെട്ട ശക്തിയായിരുന്നു കോൺഗ്രസ്. എന്നാൽ 2024ൽ ബിജെപി അങ്ങനെ രാജ്യം മുഴുവൻ ഒരു സർവാധിപത്യം നേടിയെന്നു പറയാൻ സാധിക്കില്ല.

2024-ൽ മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി പ്രാദേശിക പാർട്ടികൾ ശക്തമായി ബിജെപിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെന്നതും കോൺഗ്രസ് ശക്തമായ ഉൾപ്പാർട്ടി പ്രശ്നങ്ങൾക്കിടയിലും അവരാൽ കഴിയാവുന്ന പ്രതിഷേധം നടത്തുന്നുണ്ടെന്നതും പ്രധാനപ്പെട്ട വസ്തുതയാണ്.

logo
The Fourth
www.thefourthnews.in