'ജനാധിപത്യം' പ്രതീക്ഷയര്‍പ്പിച്ച ചീഫ് ജസ്റ്റിസ്; ഒരു വര്‍ഷം പിന്നിട്ട ചന്ദ്രചൂഡിന്റെ സുപ്രധാന വിധിന്യായങ്ങള്‍

'ജനാധിപത്യം' പ്രതീക്ഷയര്‍പ്പിച്ച ചീഫ് ജസ്റ്റിസ്; ഒരു വര്‍ഷം പിന്നിട്ട ചന്ദ്രചൂഡിന്റെ സുപ്രധാന വിധിന്യായങ്ങള്‍

ഇന്ത്യയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് അധികാരമേറ്റിട്ട് നവംബര്‍ ഒമ്പതിന്‌ ഒരു വര്‍ഷം പൂര്‍ത്തിയായിരുന്നു

ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ചുരുക്കം ഇടങ്ങളില്‍ ഒന്നായി സുപ്രീംകോടതി മാറിയിട്ട് കുറച്ച് കാലമായി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നീതിന്യായ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് ഇത്രയധികം വിശ്വാസ്യത ജനിപ്പിക്കാന്‍ സഹായിച്ചവരില്‍ മുന്‍പന്തിയിലുള്ള വ്യക്തിയാണ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഇന്ത്യയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസായി അദ്ദേഹം അധികാരമേറ്റിട്ട് നവംബര്‍ ഒമ്പതിന്‌ ഒരു വര്‍ഷം പൂര്‍ത്തിയായിരുന്നു.

ഭരണഘടനാ പ്രാധാന്യമുള്ള കേസുകള്‍ സമയബന്ധിതമായി കൈകാര്യം ചെയ്യുന്നതില്‍ സുപ്രീംകോടതി പലപ്പോഴും പരാജയപ്പെട്ടതും അത്തരം സന്ദര്‍ഭങ്ങളില്‍ എക്‌സിക്യൂട്ടീവിന് അനുകൂലമായി വിധിയുണ്ടായതും ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ഇതിനു മുമ്പിരുന്ന പല ജസ്റ്റിസുമാര്‍ക്കും വിമര്‍ശനശരമേല്‍ക്കാന്‍ കാരണമായിരുന്നു. എന്നാല്‍ അതിനെയൊക്കെ മറികടക്കാന്‍ ഒരു വര്‍ഷത്തെ പ്രവൃത്തികൊണ്ട് സാധിച്ചുവെന്നതാണ് ന്യായാധിപനെന്ന നിലയില്‍ ഡി വൈ ചന്ദ്രചൂഡിനെ മികച്ചതാക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിരവധി സുപ്രധാന വിധിയുണ്ടായത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്നായിരുന്നു.

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാകുന്നതായിരുന്നു ചന്ദ്രചൂഡിന്റെ ഒട്ടുമിക്ക വിധികളും. ഇതിന് ഉദാഹരണമാണ് മലയാളം വാര്‍ത്താ ചാനലായ മീഡിയാ വണ്ണിന്റെ നിരോധനവുമായി ബന്ധപ്പെട്ട് വന്ന വിധി. മീഡിയാ വണ്ണിന്റെ ലൈസന്‍സ് പുതുക്കുന്നത് അനുവദിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ റദ്ദാക്കിയാണ് ഏപ്രില്‍ അഞ്ചിന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിധി പ്രസ്താവിച്ചത്. ചാനലിന്റെ ലൈസന്‍സ് പുതുക്കുന്നത്‌ ദേശീയസുരക്ഷയെ ബാധിക്കുമെന്ന കേന്ദ്രത്തിന്റെ അവകാശവാദങ്ങള്‍ വായുവിന്റെ അടിസ്ഥാനത്തില്‍ ആക്കാനാകില്ലെന്നാണ് അന്ന് ബെഞ്ച് വ്യക്തമാക്കിയത്. നോട്ട് നിരോധനത്തിന്റെ കാരണങ്ങള്‍ മാത്രമേ മുദ്രവെച്ച കവറില്‍ വെളിപ്പെടുത്താനാകുവെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും ചന്ദ്രചൂഡ് അംഗീകരിച്ചില്ല.

'ജനാധിപത്യം' പ്രതീക്ഷയര്‍പ്പിച്ച ചീഫ് ജസ്റ്റിസ്; ഒരു വര്‍ഷം പിന്നിട്ട ചന്ദ്രചൂഡിന്റെ സുപ്രധാന വിധിന്യായങ്ങള്‍
EXCLUSIVE- ആലപ്പുഴയിലെ പ്രസാദിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാരോ സിബില്‍ സ്‌കോറോ അല്ല; രേഖകള്‍ ദ ഫോര്‍ത്തിന്

മേയ് 11ന് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ് ഉള്‍പ്പെടെ രാജ്യതലസ്ഥാനത്തെ എല്ലാ സര്‍വീസുകളിലും ഡല്‍ഹി സര്‍ക്കാരിന് നിയന്ത്രണമുണ്ടാകുമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത് ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ എംആര്‍ ഷായും കൃഷ്ണ മുരാരിയും ഹിമ കോഹ്‌ലിയും പിഎസ് നരസിംഹയും അടങ്ങിയ ബെഞ്ചായിരുന്നു. ഭൂമി, പോലീസ്, ക്രമസമാധാനം എന്നിവ ഒഴിവാക്കിയുള്ള വിധിയായിരുന്നു ഇത്. ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അതോടെ കോടതി തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാര്‍, വിധിയെ ഫലപ്രദമായി മറികടക്കാന്‍ ഉടനെ ഓര്‍ഡിനന്‍സും പുറത്തിറക്കി.

2017ല്‍ കേരളത്തില്‍ നടത്തിയ ജില്ലാ ജഡ്ജിമാരുടെ നിയമനം 'കേരള ഹയര്‍ ജുഡീഷ്യല്‍ സര്‍വീസസ്' നിയമങ്ങളുടെ ലംഘനമാണെന്ന് ഇതേ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. എന്നിരുന്നാലും 2017-ല്‍ തിരഞ്ഞെടുത്തവരെ പുറത്താക്കണമെന്ന് വിധിച്ചിരുന്നില്ല. അങ്ങനെ ചെയ്യുന്നതിലൂടെ അനുഭവ സമ്പത്തുള്ള ജഡ്ജിമാരുടെ സേവനം നഷ്ടപ്പെടുമെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

സ്വവര്‍ഗ വിവാഹത്തെക്കുറിച്ചുള്ള സുപ്രധാന വിധികളും ഇക്കാലയളവിലുണ്ടായിട്ടുണ്ട്. അഞ്ചംഗ ബെഞ്ചില്‍ രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പിഎസ് നരസിംഹ എന്നിവരുടെ ഭൂരിപക്ഷാഭിപ്രായത്തില്‍ സ്വവര്‍ഗ വിവാഹവും ദത്തെടുപ്പും എതിര്‍ക്കുകയായിരുന്നു. എന്നാലും ചന്ദ്രചൂഡിന് ഇതില്‍നിന്ന് ഭിന്നാഭിപ്രായമുണ്ടായിരുന്നു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാല് വിധികളാണ് പുറപ്പെടുവിക്കുന്നതെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് അന്ന് ചന്ദ്രചൂഡ് വിധിന്യായം വായിച്ചത്. കോടതി വിധി മറിച്ചായിരുന്നെങ്കിലും ഈ കേസിലെ ചന്ദ്രചൂഡിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമായിരുന്നു.

ക്വിയര്‍ വ്യക്തിത്വം നഗരസങ്കല്‍പ്പമല്ലെന്നും സ്വവര്‍ഗബന്ധം വിഡ്ഢിത്തമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്പെഷ്യല്‍ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും എന്നാല്‍ ഈ നിയമം കോടതി റദ്ദാക്കിയാല്‍ രാജ്യത്തിനെ സ്വാന്ത്ര്യത്തിന് മുമ്പത്തെ കാലത്തേക്ക് കൊണ്ടുപോകുന്നതുപോലെയാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

''വിവാഹം എന്ന കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വിവാഹത്തിന് നിയമപ്രാബല്യമുണ്ട്. നഗരത്തിലെ വരേണ്യവര്‍ഗത്തിന്റെ അജണ്ട മാത്രമാണ് സ്വവര്‍ഗ വിവാഹമെന്ന് പറയാനാവില്ല. ഗ്രാമത്തിലെ സാധാരണക്കാരിയായ കര്‍ഷകസ്ത്രീക്ക് പോലും ഇക്കാര്യം തോന്നാം,'' ന്യൂനപക്ഷത്തിന്റെ കൂടെ നില്‍ക്കുന്നതായിരുന്നു അന്നത്തെ ചന്ദ്രചൂഡിന്റെ പരാമര്‍ശങ്ങള്‍.

'ജനാധിപത്യം' പ്രതീക്ഷയര്‍പ്പിച്ച ചീഫ് ജസ്റ്റിസ്; ഒരു വര്‍ഷം പിന്നിട്ട ചന്ദ്രചൂഡിന്റെ സുപ്രധാന വിധിന്യായങ്ങള്‍
'അവരെ ഒഴിവാക്കാനാവില്ല'; ഹിജാബ് നിരോധനം, കശ്മീര്‍ ഹർജികളിൽ കാലതാമസം എന്തുകൊണ്ടെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്

സ്വവര്‍ഗ പങ്കാളികള്‍ക്കും കുട്ടികളെ ദത്തെടുക്കാന്‍ അവകാശമുണ്ടെന്നും ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. ദത്തെടുക്കല്‍ വ്യക്തിപരമായ കാര്യമാണ്. സ്ത്രീ-പുരുഷ ദമ്പതികള്‍ക്ക് മാത്രമാണ് നല്ല മാതാപിതാക്കളാവാന്‍ സാധിക്കുകയുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നയായി നടത്തിച്ച വീഡിയോ പ്രചരിപ്പിച്ചപ്പോഴും ചന്ദ്രചൂഡിന്റെ നിലപാട് ശ്രദ്ധേയമായിരുന്നു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകകായിരുന്നു. ''വര്‍ഗീയ സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളില്‍ സ്ത്രീകളെ ഉപകരണമാക്കി മാറ്റുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണിത്. പുറത്തുവന്ന വീഡിയോയില്‍ ഞങ്ങള്‍ അസ്വസ്ഥരാണ്. സര്‍ക്കാര്‍ ഇതില്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ ഇടപെടും,'' രൂക്ഷമായ ഭാഷയിലായിരുന്നു അന്ന് ചന്ദ്രചൂഡ് പ്രതികരിച്ചത്.

വനിതാ കരസേനാ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിലെ കാല താമസത്തെക്കുറിച്ചുള്ള പരാമര്‍ശവും നിര്‍ണായകമായിരുന്നു. സ്ഥിര കമ്മീഷന്‍ അനുവദിച്ചശേഷവും വനിതാ സൈനികരുടെ സ്ഥാനക്കയറ്റം നല്‍കാത്തത് ന്യായമല്ലെന്നാണ് കോടതി വിധിച്ചത്. സേനയില്‍ കമാന്‍ഡിങ് റോളുകള്‍ക്കുവേണ്ടി ജൂനിയറായ പുരുഷ ഉദ്യോഗസ്ഥരെ പരിഗണിക്കുന്നുവെന്ന് ആരോപിച്ച് 34 വനിതാ സൈനിക ഓഫീസര്‍മാര്‍ നല്‍കിയ ഹര്‍ജിയാണ് അന്ന് പി എസ് നരസിംഹയൊപ്പമുള്ള ബെഞ്ചില്‍ പരിഗണിച്ചത്.

അടുത്ത വര്‍ഷം നവംബര്‍ 10നാണ് ചന്ദ്രചൂഡിന്റെ കാലാവധി അവസാനിക്കുന്നത്. ഈ സമയപരിധിക്കുള്ളില്‍ ഭരണഘടനാപരവും ദേശീയവുമായ പ്രാധാന്യമുള്ള നിരവധി വിധിന്യായങ്ങള്‍ ചന്ദ്രചൂഡില്‍ നിന്നുമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇലക്ട്രല്‍ ബോണ്ട് കേസ്, അനുച്ഛേദം 370 റദ്ദാക്കല്‍, സ്വവര്‍ഗ വിവാഹത്തിന്റെ തിരുത്തല്‍ ഹര്‍ജികള്‍ തുടങ്ങിയ വിധികള്‍ അടുത്ത മാസങ്ങളിലായി വരുമെന്നാണ് കരുതപ്പെടുന്നത്.

logo
The Fourth
www.thefourthnews.in