ജന്തർമന്തറിലെ വേദി മാറ്റണം; കെ കവിതയുടെ നിരാഹാരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ്

ജന്തർമന്തറിലെ വേദി മാറ്റണം; കെ കവിതയുടെ നിരാഹാരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ്

പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണമാവശ്യപ്പെട്ടുള്ള ബിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കവിത നിരാഹാര സമരത്തിന് ഒരുങ്ങുന്നത്

ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിതയുടെ നിരാഹാര സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ്. നാളെ ഡൽഹിയിലെ ജന്തർമന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിനാണ് അനുമതി നിഷേധിച്ചത്. ജന്തർമന്തറിലെ വേദി മാറ്റണമെന്ന് ഡൽഹി പോലീസ് കവിതയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് കവിത അറിയിച്ചു. കവിതയുടെ നേതൃത്വത്തിൽ ഭാരത് ജാഗൃതി എന്ന എൻജിഒയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണമാവശ്യപ്പെട്ടുള്ള ബിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കവിത നിരാഹാര സമരത്തിന് ഒരുങ്ങുന്നത്.

ജന്തർമന്തറിലെ വേദി മാറ്റണം; കെ കവിതയുടെ നിരാഹാരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ്
ഡല്‍ഹി മദ്യനയ അഴിമതി: കെ കവിത ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ 18 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കവിത അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരെ സമീപിച്ചിട്ടുണ്ടെന്നും പ്രതിഷേധത്തിൽ കോൺഗ്രസ് പ്രതിനിധി പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പ്രതികരിച്ചു. ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ കോൺഗ്രസ് ഒരു "ടീം പ്ലെയർ" ആയി പ്രാദേശിക ശക്തികളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും കവിത പറഞ്ഞു. കോൺഗ്രസ് ഇപ്പോൾ ഒരു ദേശീയ പാർട്ടി അല്ല, പ്രാദേശിക പാർട്ടി മാത്രമാണ്. മറ്റ് പ്രതിപക്ഷ പാർട്ടികളുടെ ഇടം ഇല്ലാതാക്കാനും ദുർബലപ്പെടുത്താനുമാണ് അവരിപ്പോൾ ശ്രമിക്കുന്നത്. കോൺഗ്രസ് അതിന്റെ "അഹങ്കാരം ഉപേക്ഷിച്ച് യാഥാർത്ഥ്യത്തെ എപ്പോൾ അഭിമുഖീകരിക്കുമെന്ന്" താൻ ആശ്ചര്യപ്പെടുന്നുവെന്നും കവിത കൂട്ടിച്ചേർത്തു.

അതേസമയം, ഡൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി പൂർണമായും സഹകരിക്കുമെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കവിത വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളെ വേട്ടയാടാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. തെലങ്കാനയിൽ ബിജെപിക്ക് പിൻവാതിൽ പ്രവേശനം സാധ്യമാകാത്തതിനാൽ കേന്ദ്ര സർക്കാർ ഇപ്പോൾ ഇഡിയെ ഉപയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു. കഴിഞ്ഞ ജൂൺ മുതൽ കേന്ദ്ര സർക്കാർ അതിന്റെ ഏജൻസികളെ തെലങ്കാനയിലേക്ക് അയക്കുകയാണ്. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഇതെന്നും അവർ പരിഹസിച്ചു.

"വനിതാ സംവരണ ബില്ലിനെതിരെ ഡൽഹിയിൽ നടക്കുന്ന നിരാഹാര സമരത്തെ കുറിച്ച് മാർച്ച് 2 ന് ഞങ്ങൾ ഒരു പോസ്റ്റർ പുറത്തിറക്കി. 18 പാർട്ടികൾ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചു. ഇതിനിടയിലാണ് മാർച്ച് 9 ന് ഇ ഡി എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. മാർച്ച് 16 ന് ഹാജരാകാമെന്ന് ഞാൻ അറിയിച്ചു. പക്ഷേ അവർക്ക് എന്താണ് തിടുക്കമെന്ന് അറിയില്ല. അതിനാൽ ഞാൻ മാർച്ച് 11 ന് ഹാജരാകാമെന്ന് സമ്മതിച്ചിട്ടുണ്ട്"- കവിത പറഞ്ഞു.

മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് കവിത ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹാജരാകാതിരുന്നത്. മാർച്ച് 10ന് ഡൽഹിയിൽ സമരം പ്രഖ്യാപിച്ചതിനാലാണ് ഇ ഡിക്ക് മുന്നിൽ ഹാജരാവുന്നത് മാർച്ച് 11ലേക്ക് മാറ്റണമെന്ന് കവിത ആവശ്യപ്പെടുകയായിരുന്നു.

logo
The Fourth
www.thefourthnews.in