കമല്‍നാഥിന് കാലശേഷം മകന്‍ വളരണം, ബിജെപിക്ക് ഛിന്ദ്‌വാര വേണം; കളംമാറ്റത്തിനൊരുങ്ങുന്നോ മധ്യപ്രദേശ്?

കമല്‍നാഥിന് കാലശേഷം മകന്‍ വളരണം, ബിജെപിക്ക് ഛിന്ദ്‌വാര വേണം; കളംമാറ്റത്തിനൊരുങ്ങുന്നോ മധ്യപ്രദേശ്?

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരിക്കുമ്പോഴും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും നിലനില്‍പ്പിനും വേണ്ടി വൈകാരിക മൂല്യങ്ങളെ പുറംകാലിനടിക്കുന്ന സമര്‍ഥനായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു കമല്‍നാഥ്‌

മധ്യപ്രദേശില്‍ പുനരുജ്ജീവനത്തിനായുള്ള മണ്ണും വളവും വെള്ളവും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഏതാനും നാളുകളായി കോണ്‍ഗ്രസ്. സമീപഭാവിയില്‍ അത്തരമൊരു ഫലഭൂയിഷ്ടയിടം ഒരുക്കിയെടുക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിനിടെ മറ്റൊരു തിരിച്ചടി കൂടി അവരെ കാത്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ സമുന്നത നേതാവുമായ കമല്‍നാഥ് ബിജെപി പാളയത്തിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഞെട്ടലുണ്ടാക്കുന്നത്.

എന്നാല്‍ കമല്‍നാഥിനെ അടുത്തറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഈ വാര്‍ത്തയില്‍ തെല്ലും അമ്പരപ്പുണ്ടാകാന്‍ സാധ്യതയില്ല. കാരണം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരിക്കുമ്പോഴും തന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും നിലനില്‍പിനും വേണ്ടി ധാർമിക മൂല്യങ്ങളെ പുറംകാലിനടിക്കുന്ന സമര്‍ഥനായ രാഷ്ട്രതന്ത്രജ്ഞനായാണ് അവര്‍ കമല്‍നാഥിനെ കണ്ടിട്ടുള്ളത്.

കമല്‍നാഥ് പക്ഷത്തുള്ളവരും എതിര്‍പക്ഷത്തുള്ളവരുമായ കോണ്‍ഗ്രസുകാര്‍ക്ക് ഇക്കാര്യത്തില്‍ ലവലേശം തര്‍ക്കമോ സംശയമോ ഉണ്ടാകാനിടയില്ല. ഇപ്പോള്‍ അത്തരമൊരു രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെ ഇന്നല്ലെങ്കില്‍ നാളെ കമല്‍നാഥ് 'കാവിപുതച്ചാല്‍' അതില്‍ അദ്ഭുതമില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സംസ്ഥാനത്ത് തന്റെ പാര്‍ട്ടിക്ക് സമീപഭാവിയിലൊരു തിരിച്ചുവരവിന് സാധ്യതയില്ലെന്ന ഉത്തമബോധ്യമുള്ള അദ്ദേഹം തനിക്ക് സ്വാധീനമുള്ള സമയത്ത് തന്നെ വിലപേശലിനാണ് ഒരുങ്ങുന്നത്.

കമല്‍നാഥിന് കാലശേഷം മകന്‍ വളരണം, ബിജെപിക്ക് ഛിന്ദ്‌വാര വേണം; കളംമാറ്റത്തിനൊരുങ്ങുന്നോ മധ്യപ്രദേശ്?
എഎപി തനിച്ച് മത്സരിക്കുന്നു, പഞ്ചാബില്‍ അടവ് മാറ്റി ബിജെപി; അകാലിദളുമായി സഖ്യമില്ല

നയിക്കുന്നത് പുത്രവാത്സല്യം

തനിക്ക് പ്രായം കൂടിവരുന്നതും മകനും മധ്യപ്രദേശില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപിയായ മകന്‍ നകുല്‍ നാഥിന് കോണ്‍ഗ്രസില്‍ നിന്നോ, ബിജെപിയില്‍ നിന്നോ തനിക്കുള്ള പോലെയുള്ള പിന്തുണയും സ്വാധീനവും ലഭിക്കാത്തതുമാണ് ഇപ്പോള്‍ ഒരു കളംമാറ്റത്തിന് കമന്‍നാഥിനെ പ്രേരിപ്പിക്കുന്നത്. സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസിന് കാര്യമായ സ്വാധീനം ഇനി ചെലുത്താനാകില്ലെന്ന് മനസിലാക്കിയ കമല്‍നാഥ് ഡല്‍ഹിയിലേക്ക് കളംമാറ്റാനാണ് ആദ്യം ശ്രമിച്ചത്.

ഇതിനായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സോണിയ ഗാന്ധിയെ ഡല്‍ഹിയില്‍ എത്തി കണ്ടിരുന്നു. മധ്യപ്രദേശില്‍ നിന്ന് കോണ്‍ഗ്രസിന് രാജ്യസഭയിലേക്ക് ഒരാളെ ജയിപ്പിച്ചെടുക്കാന്‍ കരുത്തുണ്ട്. ആ സീറ്റിലാണ് കമല്‍നാഥിന്റെ കണ്ണ്. എന്നാല്‍ ഇനിയും കമല്‍നാഥിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ രാഹുല്‍ ഗാന്ധിക്ക് അത്ര താല്‍പര്യമില്ല. ഈ വസ്തുത കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രതിനിധിയായി കമല്‍നാഥ് രാജ്യസഭയിലേക്ക് എത്താന്‍ സാധ്യത വിരളമാണ്.

കമല്‍നാഥിന് കാലശേഷം മകന്‍ വളരണം, ബിജെപിക്ക് ഛിന്ദ്‌വാര വേണം; കളംമാറ്റത്തിനൊരുങ്ങുന്നോ മധ്യപ്രദേശ്?
മാഞ്ചിയെ ചാടിക്കുമോ ആര്‍ജെഡി? നിതീഷിനെ വട്ടംകറക്കി അഞ്ച് എംഎല്‍എമാര്‍; ബിഹാറില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ഈ പശ്ചാത്തലത്തിലാണ് ബിജെപിയുമായി വീണ്ടും ചര്‍ച്ചകള്‍ക്ക് അദ്ദേഹം തയാറായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കമല്‍നാഥിനെ ബിജെപി സമീപിച്ചിരുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തി ആവശ്യമുള്ളത് നേടിയെടുത്ത കമല്‍നാഥ് ആ സമയത്ത് ബിജെപിയെ തള്ളിയിരുന്നു. എന്നാല്‍ മുതിര്‍ന്ന ബിജെപി നേതാവായ ശിവ്‌രാജ് സിങ് ചൗഹാനുമായും ഇപ്പോഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന കമല്‍നാഥ് ഇപ്പോള്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അവര്‍ മുഖേന ബിജെപിയുമായി വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കുകയായിരുന്നുവെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ ഇന്ന് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബിജെപിക്കു മുന്നില്‍ തനിക്കുവേണ്ടിയല്ല കമല്‍നാഥ് ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്നും അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തനിക്കൊരു രാജ്യസഭാ സീറ്റ് എന്നതിനു പുറമെ മകന്‍ നകുല്‍ നാഥിനെ ബിജെപി സ്ഥാനാര്‍ഥിയാക്കണമെന്നും മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിസ്ഥാനം നല്‍കണമെന്നുമാണ് ആവശ്യം. ഇത് ശിവ്‌രാജ് ചൗഹാന്‍ മുഖേന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കു മുന്നിലും കമല്‍നാഥ് അവതരിപ്പിച്ചു കഴിഞ്ഞു.

ബിജെപിക്ക് താല്‍പര്യം

കഴിഞ്ഞ ദിവസം ഇതിനായി ശിവ്‌രാജ് ചൗഹാനും മോഹന്‍ യാദവും ഡല്‍ഹിയില്‍ എത്തി മോദിയെയും നദ്ദയെയും നേരില്‍ക്കണ്ടിരുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നം കാണുന്ന ബിജെപി ദേശീയ നേതൃത്വം കമല്‍നാഥിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍മാണ് പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കമല്‍നാഥിനെപ്പോലൊരു മുതിര്‍ന്ന നേതാവിനെ മറുകണ്ടം ചാടിച്ച് എത്തിക്കാനായാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ തുടച്ചുനീക്കാമെന്ന കണക്കുകൂട്ടലിലാണ് അവര്‍.

ഇതുസംബന്ധിച്ച് ഏറെക്കുറേ ധാരണയായതായും കമല്‍നാഥിന്റെ ബിജെപി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്നുമാണ് കഴിഞ്ഞ ദിവസങ്ങളിലായി മധ്യപ്രദേശില്‍ അരങ്ങേറിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മധ്യപ്രദേശ് നിയമസഭാ കെട്ടിടത്തില്‍ ഉച്ചയോടെ കമല്‍നാഥ് മുഖ്യമന്ത്രി മോഹന്‍ യാദവുമായി കൂടിക്കാഴ്ച നടത്തി. അന്നു വൈകുന്നേരത്തോടെ കമല്‍നാഥിന്റെ അപ്രിയത്തിന് പാത്രമായിട്ടുള്ള ഛിന്ദ്‌വാര ജില്ലാ കളക്ടര്‍ മനോജ് പുഷ്പിന് സ്ഥലമാറ്റവും ലഭിച്ചു. തീരെ അപ്രധാനമായ സാമൂഹ്യനീതി-അംഗപരിമിത ക്ഷേമ വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറിയായാണ് പുഷ്പിനെ മാറ്റിയത്. ഛിന്ദ്‌വാരയില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഏഴുമാസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു സ്ഥാന ചലനം.

ലക്ഷ്യം ഛിന്ദ്‌വാര, താല്‍പര്യമെടുക്കുന്നത് ചൗഹാന്‍

ഇത് മധ്യപ്രദേശില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രി പ്രതിപക്ഷനേതാവിന് കീഴില്‍ ഇത്ര വിനീതവിധേയനായി നില്‍ക്കുന്നത് കണ്ടിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയത്, പ്രത്യേകിച്ച് സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും പല്ലും നഖവും ഉപയോഗിച്ച് പരസ്പരം എതിര്‍ക്കുന്നതിനിടയില്‍. ശിവ്‌രാജ് സിങ് ചൗഹാന്റെ താല്‍പര്യങ്ങളാണ് ഇതിനു കാരണമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കമല്‍നാഥ് കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ ഛിന്ദ്‌വാരയില്‍ നിന്നു ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാനാണ് ചൗഹാന്‍ ലക്ഷ്യമിടുന്നത്. 1980 മുതല്‍ 2019 വര കമല്‍ നാഥ് പ്രതിനിധീകരിച്ച മണ്ഡലമാണിത്.

കമല്‍നാഥിന് കാലശേഷം മകന്‍ വളരണം, ബിജെപിക്ക് ഛിന്ദ്‌വാര വേണം; കളംമാറ്റത്തിനൊരുങ്ങുന്നോ മധ്യപ്രദേശ്?
ചെങ്കടല്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് ഔഡിയും; ഇന്ത്യയിലേക്കുള്ള വില്‍പനയെ ബാധിച്ചെന്ന് വെളിപ്പെടുത്തല്‍

1952-ല്‍ പ്രഥമ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മാത്രം ജയിപ്പിച്ച് അയച്ച ചരിത്രമാണ് ഛിന്ദ്‌വാരയ്ക്കുള്ളത്. ഒരിക്കല്‍ മാത്രമാണ് അതിനു മാറ്റമുണ്ടായത്. 1997-ല്‍ ബിജെപി സ്ഥാനാര്‍ഥി സുന്ദര്‍ലാല്‍ പട്‌വ കോണ്‍ഗ്രസിന്റെ ഈ കോട്ട കീഴടക്കിയിരുന്നു, അതും കമല്‍ നാഥിനെ തോല്‍പിച്ചുകൊണ്ട്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ കമല്‍നാഥ് തന്നെ ഈ സീറ്റ് തിരിച്ചുപിടിക്കുകയും ചെയ്തു. പിന്നീട് മണ്ഡലം കോണ്‍ഗ്രസിനെ ഉപേക്ഷിച്ചിട്ടില്ല.

2019-ല്‍ മകന്‍ നകുലിനു വേണ്ടി കമല്‍നാഥ് ഈ സീറ്റ് മാറ്റിവച്ചു. ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ് നേരിട്ടെങ്കിലും 37,000 വോട്ടുകള്‍ക്കാണ് അന്ന് നകുല്‍ ഇവിടെ നിന്നു ജയിച്ചത്. 2014-ല്‍ 116,000 വോട്ടുകളുടെയും 2009-ല്‍ 122,000 വോട്ടുകളുടെയും ഭൂരിപക്ഷത്തിലാണ് കമല്‍നാഥ് ഇവിടെനിന്നു ജയിച്ചുകയറിയത്. ഇതുകൊണ്ടുകൂടിയാണ് കമല്‍നാഥിനെ പിണക്കാതെ നിര്‍ത്താന്‍ ചൗഹാന്‍ ശ്രമിക്കുന്നത്.

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം പിടിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയ നിര്‍ത്തിയ ദേശീയ നേതൃത്വത്തിനോട് ഡല്‍ഹിയില്‍ മികച്ച സ്ഥാനമാണ് ചൗഹാന്‍ ആവശ്യപ്പെട്ടത്. അതിന് സിറ്റിങ് സീറ്റ് ആല്ലാത്തയിടത്തുനിന്ന് തിളക്കമുള്ള ജയം വേണമെന്ന് ഉറപ്പുള്ള ചൗഹാന്‍ കമല്‍നാഥിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് കോട്ടയായ ഛിന്ദ്‌വാര പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ കമല്‍നാഥിന്റെ എന്തുവിലകൊടുത്തും ബിജെപിയില്‍ എത്തിക്കാന്‍ ചരട്‌വലി നടത്തുന്നതും ചൗഹാനാണ്.

വിലപേശലിന് ബിസിനസ് സാമ്രാജ്യവും

ബിജെപി സംസ്ഥാന നേതൃത്വത്തിനും കമല്‍നാഥ് വരണമെന്നാണ് താല്‍പര്യം. കാരണം സംസ്ഥാന രാഷ്ട്രീയത്തില്‍ കമല്‍നാഥിനോളം പരിചയസമ്പത്തും സ്വാധീനബലവും മറ്റൊരു നേതാവിനും അവകാശപ്പെടാനില്ല. രാഷ്ട്രീയ നയചാതുരിയോടെ ഒരു തന്ത്രം എങ്ങനെ പയറ്റിവിജയിപ്പിക്കാമെന്ന് പലകുറി തെളിയിച്ചിട്ടുള്ളയാളാണ് കമല്‍നാഥ്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് തന്നെ അതിന് ഒരുദാഹരണം. തങ്ങളുടെ പ്രതിനിധിയായി രാജ്യസഭയിലേക്ക് ഒരാളെ അയയ്ക്കാന്‍ അംഗബലമില്ലാതെ കോണ്‍ഗ്രസ് വലഞ്ഞപ്പോള്‍ പാര്‍ട്ടിയിലെ ഭിന്നതകള്‍ മറന്നു രക്ഷകനായി എത്തിയത് കമല്‍നാഥാണ്.

കമല്‍നാഥിന് കാലശേഷം മകന്‍ വളരണം, ബിജെപിക്ക് ഛിന്ദ്‌വാര വേണം; കളംമാറ്റത്തിനൊരുങ്ങുന്നോ മധ്യപ്രദേശ്?
വരുന്നു രണ്ടാം കര്‍ഷക സമരം; ഇന്റര്‍നെറ്റ് നിരോധനം, മാരത്തോണ്‍ ചര്‍ച്ച, ഭാരത രത്‌ന, ചെറുക്കാന്‍ അടവുകള്‍ പയറ്റി ബിജെപി

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ട് മറ്റൊരു പാര്‍ട്ടിയുടെ പ്രസിഡന്റിനോട് കമല്‍നാഥ് നടത്തിയ ഒരു ഫോണ്‍ കോള്‍ അന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുതി, ജയം കോണ്‍ഗ്രസിനൊപ്പം! ഈ ചാതുര്യത്തിനു പുറമേ മറ്റൊരു മകനായ ബകുല്‍ നാഥിന്റെ കീഴിലുള്ള, ഇന്ത്യയിലും ദുബായിയിലുമായ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യവും കമല്‍നാഥിനെ ബിജെപിയോട് ചേര്‍ത്തുനിര്‍ത്തുന്നു. ഈ സാമ്രാജ്യത്തിനു കീഴിലാണ് പ്രശസ്തമായ ഐഎംടി ഗ്രൂപ്പ് ഓഫ് കോളജുകള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന തലത്തിലെയും ദേശീയ തലത്തിലെയും പ്രമുഖരായ നിരവധി ബ്യൂറോക്രാറ്റുകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും മക്കള്‍ ഇവിടെ പഠിക്കുന്നുണ്ട്. കമല്‍നാഥിനെ ഒപ്പം നിര്‍ത്തുന്നതിലൂടെ അവരുടെയെല്ലാം പിന്തുണ ബിജെപിക്ക് സ്വന്തമാക്കാന്‍ കഴിയും.

മോദി ഇറങ്ങാത്ത ഛിന്ദ്‌വാര

ഛിന്ദ്‌വാര ലോക്‌സഭാ മണ്ഡലം ബിജെപി ദേശീയനേതൃത്വം ഗൗരവമായി കാണുന്ന മണ്ഡലങ്ങളില്‍ ഒന്നാണ്. അതിനു കീഴിലുള്ള ഏഴു നിയമസഭാ സീറ്റുകളും ഇപ്പോള്‍ കോണ്‍ഗ്രസിനാണ്. സംസ്ഥാനത്ത് ബിജെപി തരംഗം അലയടിച്ചപ്പോഴും ആ സീറ്റുകള്‍ നിലനിര്‍ത്താനായത് കമല്‍നാഥിന്റെ സ്വാധീനത്താലാണ്. അത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പുകളിലും മധ്യപ്രദേശില്‍ പ്രചാരണത്തിനെത്തിയ നരന്ദ്രേ മോദി ഇവിടെ മാത്രം പ്രചാരണം നടത്താനോ റോഡ് ഷോ നടത്താനോ തയാറായില്ല. കാരണം ആദ്യം കമല്‍നാഥും പിന്നീട് മകനുമായിരുന്നു അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. മോദിയുമായി കമല്‍നാഥിനുള്ള അടുത്ത ബന്ധത്തിന്റെ ഉദാഹരണമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ ഇക്കുറി ബിജെപിയുടെ 'ക്ഷണം' കമല്‍നാഥ് സ്വീകരിക്കുമെന്നാണ് അവര്‍ പറയുന്നത്.

രാഷ്ട്രീയ ചാണക്യനെ വിട്ടുകളയുമോ കോണ്‍ഗ്രസ്?

2023-ലെ നിയസഭാ തിരഞ്ഞെടുപ്പോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കമല്‍നാഥിന്റെ ബന്ധം വഷളായത്. പ്രചാരണത്തിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും കമല്‍നാഥിന് പൂര്‍ണ അധികാരം നല്‍കിയിട്ടും ഫലം മറിച്ചായത് ഹൈക്കമാന്‍ഡിനെയും രാഹുല്‍ ഗാന്ധിയെയും അസ്വസ്ഥരാക്കി. തോല്‍വിയിലുള്ള അമര്‍ഷം വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ രാഹുല്‍ പരസ്യമായി പ്രകടിപ്പിച്ചതും കമല്‍നാഥിന് നീരസമുണ്ടാക്കിയിരുന്നു. പിന്നീട് തന്നെ മാറ്റി സംസ്ഥാനത്തെ യുവനേതാവും ഭാവി മുഖ്യമന്ത്രിയുമായി വിശേഷിപ്പിക്കപ്പെടുന്ന ജീതു പട്‌വാരിയെ മധ്യപ്രദേശ് പിസിസി പ്രസിഡന്റ് ആക്കിയതും കമല്‍നാഥിനെ ചൊടിപ്പിച്ചു. തനിക്കു പകരം മകല്‍ നകുലിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള കമല്‍നാഥിന്റെ ശ്രമങ്ങള്‍ക്ക് ആദ്യ തിരിച്ചടിയേറ്റത് ഇവിടെയായിരുന്നു.

കമല്‍നാഥിന് കാലശേഷം മകന്‍ വളരണം, ബിജെപിക്ക് ഛിന്ദ്‌വാര വേണം; കളംമാറ്റത്തിനൊരുങ്ങുന്നോ മധ്യപ്രദേശ്?
'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്'; രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും ആര്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ്

പിന്നീട് ദേശീയ നേതൃത്വവുമായി പൂര്‍ണസഹകരണത്തിലായിരുന്നില്ല കമല്‍നാഥ്. അതിനിടെയാണ് രാജ്യസഭാ സീറ്റ് സംബന്ധിച്ച തന്റെ ആവശ്യത്തിന് അര്‍ഹമായ പരിഗണന ലഭിക്കാതെ പോകുന്നത്. ഇതോടെ പാര്‍ട്ടിവിടാന്‍ കമല്‍നാഥ് മനസാ സജ്ജനായിയെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍ കമല്‍നാഥിനെ പോലൊരു നേതാവിനെ അങ്ങനെ വിട്ടുകളയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ നെടുന്തൂണുകളില്‍ ഒന്നാണ് കമല്‍നാഥ്. ദ്വിഗ്‌വിജയ് സിങ്ങിനൊപ്പം കമല്‍നാഥ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് മികച്ച അടിത്തറയുണ്ടാക്കിയത്. ഈ വസ്തുത നിലനില്‍ക്കെ കമല്‍നാഥിനെ പിണക്കി അയയ്ക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍പിനായി പൊരുതുന്ന കോണ്‍ഗ്രസ് അവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെയാകുമെന്ന് തീര്‍ച്ചയാണ്.

logo
The Fourth
www.thefourthnews.in