'ക്ഷേത്രങ്ങളിൽ പ്രവേശിക്കേണ്ടത് നല്ല മനസോടെ, ഡ്രസ് കോഡ് അടിച്ചേൽപ്പിക്കാനാവില്ല';  നിർദേശം തള്ളി സിദ്ധരാമയ്യ

'ക്ഷേത്രങ്ങളിൽ പ്രവേശിക്കേണ്ടത് നല്ല മനസോടെ, ഡ്രസ് കോഡ് അടിച്ചേൽപ്പിക്കാനാവില്ല'; നിർദേശം തള്ളി സിദ്ധരാമയ്യ

കർണാടകയിലെ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും കൂട്ടായ്മയായിരുന്നു ഡ്രസ് കോഡ്‌ നിർദേശിച്ചത്

കർണാടകയിലെ ക്ഷേത്രങ്ങളിൽ ഡ്രസ് കോഡ് അടിച്ചേൽപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡ്രസ് കോഡ് സംബന്ധിച്ച് കർണാടകയിലെ ക്ഷേത്രങ്ങളുടെയും മഠങ്ങളുടയും കൂട്ടായ്മ സമർപ്പിച്ച നിർദേശം കർണാടക സർക്കാർ തള്ളി. ''ക്ഷേത്രങ്ങളിൽ പ്രവേശിക്കേണ്ടത് നല്ല മനസോടെയാണ്. സർക്കാരിന്റെ മുസ്‌റായി വകുപ്പിന് കീഴിലെ ക്ഷേത്രങ്ങളിൽ ഡ്രസ് കോഡ് നടപ്പിലാക്കാൻ ഉദ്ദേശ്യമില്ല. സാരിയോ മുണ്ടോ ധരിക്കാൻ പറയാൻ ആർക്കും അവകാശമില്ല. ഏതെങ്കിലും പ്രത്യേക വസ്ത്രം അടിച്ചേൽപ്പിക്കാൻ ആർക്കും അവകാശമില്ല," കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

ഹംപി വിരൂപാക്ഷ ക്ഷേത്രത്തിൽ ഡ്രസ് കോഡ് നടപ്പിലാക്കിയതിൽ സർക്കാരിന് പങ്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. സാരിയും മുണ്ടും അല്ലാത്ത വസ്ത്രങ്ങളെയൊക്കെ മാന്യമല്ലാത്ത വസ്ത്രമെന്നു വിശേഷിപ്പിച്ചായിരുന്നു വിരൂപാക്ഷ ക്ഷേത്രത്തിൽ ജില്ലാ ഭരണകൂടം പുതിയ ഡ്രസ് കോഡ് നിർദേശം ഉത്തരവായി ഇറക്കിയത്. വിജയപുര ജില്ലാ കളക്ടർ എംഎസ്‌ ദിവാകർ ഇറക്കിയ ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നടപ്പിലാക്കി തുടങ്ങിയിരുന്നു.

500 മുണ്ടുകൾ ക്ഷേത്ര കവാടത്തിൽ വെക്കുകയും മറ്റു വസ്ത്രങ്ങൾ അണിഞ്ഞു വരുന്ന ഭക്തർക്ക് നൽകുകയും ചെയ്തിരുന്നു. ദർശനം കഴിഞ്ഞു തിരികെ പോകുമ്പോൾ മുണ്ട്‌ തിരിച്ചേല്‍പ്പിക്കണം. ജില്ലാ ഭരണകൂടത്തിന്റെ നടപടിയെ വിമർശിച്ച സിദ്ധരാമയ്യ ഇത് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്നും സർക്കാർ വകുപ്പുകൾക്ക് ഇതിൽ പങ്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

'ക്ഷേത്രങ്ങളിൽ പ്രവേശിക്കേണ്ടത് നല്ല മനസോടെ, ഡ്രസ് കോഡ് അടിച്ചേൽപ്പിക്കാനാവില്ല';  നിർദേശം തള്ളി സിദ്ധരാമയ്യ
അലിഗഢ് മുസ്ലീം സർവകലാശാലയുടെ ന്യൂനപക്ഷ പദവി ചോദ്യം ചെയ്യപ്പെടുന്നത് എന്തുകൊണ്ട്?

കർണാടകയിലെ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും കൺസോഷ്യമായിരുന്നു സംസ്ഥാനത്തെ ഹിന്ദു ആരാധനാലയങ്ങളിൽ ഡ്രസ് കോഡ് നടപ്പിലാക്കണമെന്ന നിർദേശം മുന്നോട്ടു വച്ചത്. അഞ്ഞൂറോളം ക്ഷേത്രങ്ങളിൽ ഇതിനായി ബോധവത്കരണം നൽകാനുള്ള നീക്കവും ഇവർ നടത്തിയിരുന്നു. സർക്കാരിന്റെ മുസ്‌റായി വകുപ്പിന് കീഴിലുളള ക്ഷേത്രങ്ങളിൽ ഡ്രസ് കോഡ് നടപ്പിലാക്കാൻ കൺസോഷ്യം ശുപാർശ ചെയ്തിരുന്നു. സർക്കാർ അനുമതി നൽകും മുൻപേ ചില ക്ഷേത്രങ്ങൾക്ക് മുന്നിൽ ഇവർ ഇത് സംബന്ധിച്ച് ബോർഡുകൾ സ്ഥാപിച്ചിരുന്നു.

ഭാരതീയ ശൈലിയിലെ വസ്ത്രങ്ങൾ മാത്രം ക്ഷേത്രങ്ങളിൽ മതിയെന്നായിരുന്നു ഇവരുടെ നിലപാട്. ഇതനുസരിച്ചു പാന്റും ബർമുഡയും ജീൻസും മിഡിയുമൊന്നും മാന്യമായ വസ്ത്രങ്ങൾ അല്ലെന്നും ഇവയൊന്നും ധരിച്ച്‌ ഭക്തർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കരുതെന്നും നിഷ്കർഷിച്ചിരുന്നു. ഭാരതീയ വസ്ത്ര ശൈലിയും പാരമ്പര്യവും അന്യം നിന്നു പോകാതിരിക്കാനാണ് ഡ്രസ് കോഡ് നിർദേശിക്കുന്നതെന്നായിരുന്നു വിശദീകരണം. സർക്കാർ ഇവരുടെ നിർദേശം തള്ളിയ സാഹചര്യത്തിൽ മുസ്‌റായി വകുപ്പിന് കീഴിൽ വരാത്ത വ്യക്തികളും ട്രസ്റ്റുകളും നടത്തിപ്പുകാരായ ക്ഷേത്രങ്ങളിലും മഠങ്ങളിലും മാത്രമാകും ഡ്രസ് കോഡ് നടപ്പിലാക്കുക.

logo
The Fourth
www.thefourthnews.in